തിരുവനന്തപുരം: ക്രിസ്മസ് റിലീസുകൾ ഉപേക്ഷിച്ചുള്ള സിനിമാ സമരം അവസാനിപ്പിക്കാൻ സിനിമാ മന്ത്രി എ കെ ബാലന്റെ മധ്യസ്ഥതയിൽ നടത്തിയ സിനിമാ ചർച്ച പരാജയം. 50-50 അനുപാതത്തിൽ തിയറ്റർ വിഹിതം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഇതോടെ ക്രിസ്മസ് റിലീസുകൾ മുടങ്ങുമെന്ന് ഉറപ്പായി. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ കെ ബാലൻ ചലച്ചിത്ര സംഘടനകളുമായി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ക്രിസ്മസ് സീസണിലുള്ള റിലീസുകൾ മുടക്കിയുള്ള സമരം ഒഴിവാക്കണമെന്നായിരുന്നു സർക്കാർ നിലപാട്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ 50-50 അനുപാതത്തില് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പരിഹാര സാധ്യത അടഞ്ഞത്. സിനിമാ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാൻ ജൂഡീഷ്യൽ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.

മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖർ സൽമാൻ-സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സിദ്ദീഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെൻസർ പൂർത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയ്യാറെടുത്ത് നിൽക്കുകയാണ്. ക്രിസ്മസ് സീസൺ നഷ്ടപ്പെട്ടാൽ വൻ തിരിച്ചടിയാണ് ഈ സിനിമകൾക്കും ചലച്ചിത്ര വ്യവസായത്തിനും ഉണ്ടാവുക. ഇതേ ദിവസങ്ങളിൽ തിയറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കൽ, സൂര്യയുടെ എസ് ത്രീ എന്നിവയുടെ റിലീസുകളിൽ മാറ്റമില്ല.

നിലവിൽ തിയറ്ററുകളിൽ റിലീസിങ് ആഴ്ചയിൽ നിർമ്മാതാക്കൾക്ക് 60 ശതമാനവും തിയറ്ററുടമകൾക്ക് 45 ശതമാനവും എന്ന നിരക്കിലായിരുന്നു വരുമാന വിഹിതം. മൾട്ടിപ്‌ളെക്‌സുകളിൽ 50-50 എന്ന അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തിൽ തങ്ങൾക്കും വരുമാന വിഹിതം വേണമെന്നാണ് എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യമുന്നയിച്ചതോടെയാണ് നിർമ്മാതാക്കൾ സമരം പ്രഖ്യാപിച്ചത്. ഡിസംബർ 16ന് ശേഷം പുതിയ സിനിമകൾ തുടങ്ങേണ്ടെന്നും നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളെ സമരം ബാധിച്ചിട്ടില്ല.

സമരം ചലച്ചിത്രവ്യവസായത്തിന് വൻതിരിച്ചടിയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലിലൂടെ പരിഹാരം ഉണ്ടാകണമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും മന്ത്രിയെ നേരത്തേ ധരിപ്പിച്ചതായും സൂചനയുണ്ട്. 100 രൂപാ ടിക്കറ്റിൽ 25 ശതമാനം വിനോദനികുതിയും തിയറ്റർ വിഹിതവും കഴിഞ്ഞാൽ നിർമ്മാതാവിന് തുച്ഛമായ നേട്ടമാണ് നിലവിൽ കിട്ടുന്നത് എന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ അഭിപ്രായം.