- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബം പോറ്റാൻ പഴക്കടയും സ്വപ്നങ്ങൾ കീഴടക്കാൻ പഠനവും; കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കച്ചവടതിരക്കിലും അൻസിമിന് എംഫിൽ റാങ്ക്
ആലപ്പുഴ: കായംകുളം തിരക്കേറിയ കെഎസ്ആർടിസി സ്റ്റാൻഡിന് പരിസരത്തെ ചെറിയ പഴക്കടയിൽ എപ്പോഴും തിരക്ക് തന്നെയാണ്. എന്നാൽ അതിനിടയിലും അൻസിം എന്ന പഴകച്ചവടക്കാരൻ പഠിക്കാനായി സമയം കണ്ടെത്താറുണ്ട്. കുടുംബം പുലർത്താൻ ജോലിയും അതോടൊപ്പം സ്വപ്നങ്ങൾ കീഴടക്കാൻ പഠനവും ഒരുപോലെ കൊണ്ടുപോയതിനാലാണ് അൻസിമിന് എംഫില്ലിൽ റാങ്ക് നേടാൻ സാധിച്ചത്.
പ്രതിസന്ധികളെ മറികടന്ന് അൻസിം നേടിയ എം.ഫിൽ റാങ്കിന് തിളക്കമേറെയാണ്. ഐക്യ ജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകനാണ് അൻസിം ലത്തീഫ് (31). കച്ചവട തിരക്കുകൾക്കിടയിലും കൈയിൽ കരുതിയ പാഠപുസ്തകത്തിൽ നിന്നും തനിക്കാവശ്യമായത് ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞതാണ് അൻസിമിന്റെ നേട്ടത്തിന് കാരണം.
സിറിയൻ കവിയും സർഗ്ഗപ്രതിഭയുമായ ഉമർ അബുറിഷയുടെ കവിതകളെയും സാഹിത്യ സംഭാവനകളെയും ആസ്പദമാക്കിയ തിസീസിനാണ് എം.ഫിൽ നേടിയത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്നാണ് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് അവിടെ തന്നെ എം. ഫില്ലിനും ചേരുകയായിരുന്നു.
പിതാവ് അബ്ദുൽ ലത്തീഫ് രോഗിയായതോടെയാണ് അഞ്ച് വർഷം മുമ്പാണ് കടയുടെ പൂർണ ഉത്തരവാദിത്വം അൻസിം ഏറ്റെടുത്തത്. മൂന്ന് ദിവസം മാത്രം കോളജിൽ പോയാൽ മതിയെന്നത് കച്ചവടത്തിന് സൗകര്യമായി. കോവിഡ് കാലം പഠനത്തെ ഓൺലൈനിലേക്ക് മാറ്റിയതും പ്രയോജനപ്പെടുത്തി. കടയിലെ കച്ചവട തിരക്കുകൾക്കിടയിലാണ് ഉമർ അബുറിഷയുടെ സാഹിത്യ സംഭാവനകളെ പിന്തുടർന്നത്.
താജ്മഹലിനെ ആസ്പദമാക്കി അറബി നാടകം രചിച്ച ഉമർ ഇന്ത്യയിലും അമേരിക്കയിലും നയതന്ത്രജ്ഞനുമായിരുന്നു. അറബി സാഹിത്യത്തിൽ പി.എച്ച്ഡിയാണ് അടുത്ത ലക്ഷ്യം. രണ്ട് കവികളുടെ ചിന്തകളെ താരതമ്യം ചെയ്യുന്ന തരത്തിലുള്ള വ്യത്യസ്ഥത വിഷയമാക്കണമെന്നതാണ് ആഗ്രഹം.
15ാം വയസ് മുതൽ പിതാവിന്റെ സഹായിയായി ഒപ്പമുണ്ട്. പഠനം മുടങ്ങിയ കാലയളവുകളിലും കടയിലുണ്ടായിരുന്നു. പഠിക്കണമെന്ന നിശ്ചയദാർഢ്യമാണ് എം.ഫിൽ വരെയുള്ള പഠനത്തിന് അൻസിമിന് സഹായകമായത്. പഠനത്തിനായി കച്ചവടവും കച്ചവടത്തിനായി പഠനവും മുടക്കേണ്ടി വന്നിട്ടില്ലെന്ന് അൻസിം പറയുന്നു. സമയത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനായതും സഹായകമായി. മാതാവ് ഹഫ്സത്തിന്റെയും സഹോദരൻ അനസിന്റെയും പിന്തുണയും പഠന വഴിയിൽ ഈ യുവാവിന് കരുത്ത് പകർന്നു.
മറുനാടന് മലയാളി ബ്യൂറോ