- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസങ്ങളായി സമൂഹമാധ്യമത്തിൽ തിരഞ്ഞത് ഷാമനിസം; തിരച്ചിൽ എത്തിച്ചത് ഏകാന്തതയോടുള്ള പ്രണയത്തിലേക്കും; ബെംഗളുരു സ്വദേശി അനുഷ്കയുടെ തിരോധാനത്തിന് രണ്ട് മാസം; തിരച്ചിലിൽ ഒരു സൂചനയും ലഭിക്കാതെ പൊലീസ്; നിസഹായരായി മാതാപിതാക്കളുടെ ട്വീറ്റ്
ബെംഗളൂരു രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്ക തന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പോയിട്ട് രണ്ടു മാസം പൂർത്തിയാകുന്നു. ദുരൂഹസാഹചര്യത്തിൽ രണ്ടുമാസം മുമ്പ് വീട് വിട്ടിറങ്ങിയ 17 വയസ്സുകാരി അനുഷ്ക കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു.
ബെംഗളൂരു നിവാസിയായ അഭിഷേകിന്റെ മകൾ അനുഷ്കയെക്കുറിച്ച് രണ്ടുമാസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാൽ മകളെ കണ്ടെത്താൻ സാമൂഹികമാധ്യമങ്ങളിലൂടെ കുടുംബവും സഹായം തേടിയിട്ടുണ്ട്. അനുഷ്കയുടെ വിവിധ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്.
ഷാമനിസം എന്ന പുരാതന ആത്മീയ സമ്പ്രദായത്തിൽ ആകൃഷ്ടയായാണ് അനുഷ്ക വീടുവിട്ടതെന്നു കരുതുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.പൊലീസ് ഇരുട്ടിൽത്തപ്പുമ്പോൾ മകളെ കണ്ടെത്താൻ സഹായിക്കണമെന്നാണ് നിസ്സഹായരായ ഈ മാതാപിതാക്കളുടെ അഭ്യർത്ഥന
ഒക്ടോബർ 31നാണ് പതിനേഴുകാരിയായ അനുഷ്ക വീടുവിട്ടിറങ്ങിയത്. പിന്നീട് അനുഷ്കയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വീട്ടിൽനിന്ന് പോകുമ്പോൾ രണ്ട് ജോഡി വസ്ത്രങ്ങളും 2500 രൂപയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നു. മകൾ വീട് വിട്ടിറങ്ങിയതിന് പിന്നിൽ മറ്റുചിലരുടെ സ്വാധീനമുണ്ടെന്നാണ് പിതാവിന്റെ ആരോപണം. ഓൺലൈൻ വഴി മകൾ 'ഷാമനിസ'ത്തിൽ ആകൃഷ്ടയായിരുന്നു. 12-ാംക്ലാസ് പാസായതിന് പിന്നാലെയാണ് മകൾ പ്രേതലോകവുമായും ആത്മാക്കളുമായുമെല്ലാം സംവേദിക്കുന്ന ഷാമനിസത്തെക്കുറിച്ച് ഓൺലൈനിൽ വായിക്കാൻ തുടങ്ങിയത്. ഇത്തരംരീതികൾ പിന്തുടരുന്നവർ മകളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഈ രീതി പിന്തുടരണമെന്ന് അവൾ നേരത്തെ സംസാരിച്ചിരുന്നതായും പിതാവ് പറഞ്ഞു.
'വീട് വിട്ടിറങ്ങാനുള്ള അവളുടെ തീരുമാനത്തിന് പിന്നിൽ ആരോ സ്വാധീനിച്ചിട്ടുണ്ട്. അവൾക്ക് പ്രായപൂർത്തിയായിട്ടില്ല. സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള അവസ്ഥയിലുമല്ല. ഷാമനിസം പിന്തുടരണമെന്ന് അവൾ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുന്നത് വരെ സാധാരണ കൗമാരക്കാരെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റവും. എന്നാൽ സെപ്റ്റംബർ മുതലാണ് അവളിൽ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കാനായിരുന്നു അവളുടെ ശ്രമം. ഏകാന്തതയെ ഇഷ്ടപ്പെട്ടു. ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കാൻ ശ്രമിച്ചു. ഇതോടെ ഞാൻ അവളെ കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നു. എന്നാൽ അവൾ ഞങ്ങളോട് പോലും സംസാരിക്കുന്നത് നിർത്തി. അവളിലേക്ക് കൂടുതൽ ഒതുങ്ങിപ്പോവുകയും വീട്ടിലെ എല്ലാകാര്യങ്ങളിൽനിന്നും വിട്ടുനിൽക്കുകയും ചെയ്തു'- അഭിഷേക് പറഞ്ഞു.
അതിനിടെ, അനുഷ്കയുടെ തിരോധാനം സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പെൺകുട്ടിയെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളാണ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. അനുഷ്കയുടെ വീട്ടിൽനിന്ന് പോയ ഭാഗത്ത് സിസിടിവി ക്യാമറകളില്ലാതിരുന്നതും അന്വേഷണത്തിൽ തിരിച്ചടിയായി.
'പെൺകുട്ടിയുടെ നീക്കങ്ങൾ സിസിടിവി ക്യാമറകളിലൂടെ പരിശോധിച്ചിരുന്നു. അടുത്തിടെ പെൺകുട്ടി താത്പര്യം കാണിച്ച വിഷയങ്ങളിൽ പരിശോധന നടന്നുവരികയാണ്. പെൺകുട്ടിയുടെ ഓൺലൈൻ ഇടപെടലുകളും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇക്കാലയളവിൽ പെൺകുട്ടി ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കൂടുതൽ സിസിടിവി ക്യാമറകൾ പരിശോധിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ബെംഗളൂരു നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ വിനായക് പാട്ടീൽ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ