- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വാഴ്ചയിൽ നിന്നും ഭാരതത്തെ രക്ഷിച്ച പൗരബോധത്തിന് നല്ല നമസ്കാരം; 'ഗർഭിണിയുടെ വയറ് കീറി കുഞ്ഞിനെ കൊന്നവൻ' പ്രധാനമന്ത്രി ആകുമ്പോൾ...
ഇന്ത്യ കണ്ട മഹാദുരന്തങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് കലാപം. ഈ കലാപത്തിൽ വെന്ത് വെണ്ണീറായവർ അനേകമാണ്. അതിന്റെ പാപഭാരം അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവച്ച് കൊണ്ടുള്ള ആരോപണങ്ങളും കഥകളും രണ്ട് പതിറ്റാണ്ടായി വ്യാപകമായി പ്രചാരത്തിൽ ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രചാരത്തിലുള്ള കഥയാണ് ഗർഭിണിയുടെ
ഇന്ത്യ കണ്ട മഹാദുരന്തങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് കലാപം. ഈ കലാപത്തിൽ വെന്ത് വെണ്ണീറായവർ അനേകമാണ്. അതിന്റെ പാപഭാരം അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവച്ച് കൊണ്ടുള്ള ആരോപണങ്ങളും കഥകളും രണ്ട് പതിറ്റാണ്ടായി വ്യാപകമായി പ്രചാരത്തിൽ ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രചാരത്തിലുള്ള കഥയാണ് ഗർഭിണിയുടെ വയറ് കീറി കുഞ്ഞിനെ എടുത്ത് തല്ലിക്കൊന്നു എന്നത്. മോദിക്കെതിരെയുള്ള ഏറ്റവും വലിയ പ്രചാരണ യുദ്ധമായി ഈ രണ്ട് പതിറ്റാണ്ടും കൊണ്ട് നടന്നത് ഇത് തന്നെയാണ്. ഈ കഥ ഉത്ഭവിച്ചത് ഇടത് അനുകൂല മനുഷ്യാവകാശ സംഘടനയുടെ ഒരു റിപ്പോർട്ടിൽ നിന്നാണ്. എന്നാൽ ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഈ കഥയിൽ പറയുന്ന കഥാപാത്രത്തെ ഒരു മാദ്ധ്യമ പ്രവർത്തകൻ കണ്ടെത്തിയെങ്കിലും ഇതൊരു കെട്ടുകഥയാണെന്ന് തെളിയുകയായിരുന്നു.
എന്നിട്ടും കഴിഞ്ഞ ഇരുപത് വർഷക്കാലവും ഈ കഥയ്ക്ക് കൂടുതൽ കൂടുതൽ പ്രചാരണം ലഭിച്ചുകൊണ്ടിരുന്നു. ആരോപണങ്ങൾക്ക് മറുപടി പറയുകയോ അതിന്റെ പിന്നാമ്പുറം തേടുകയോ ഒക്കെ ചെയ്യാൻ മെനക്കെടാതെ ഭാരത നിർമ്മാണത്തിൽ തനിക്ക് ചെയ്യാൻ കഴിയുന്ന പണികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുമ്പോട്ട് പോയ മോദി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഒരുപരിധി വരെ മോദിയെക്കുറിച്ചുള്ള ഇത്തരം നിറം പിടിച്ച കഥകൾ തന്നെയാണ് മോദിയുടെ കുതിച്ചുകയറ്റത്തിന് നിദാനമായത് എന്ന് വേണം കരുതാൻ. ഇതുവരെ ഇത്തരക്കാർക്ക് മോദി പേടിപ്പെടുത്തുന്ന ഒരു സ്വപ്നം മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ അതൊരു യാഥാർത്ഥ്യമായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം വ്യാജകഥകളുടെ പിന്നാലെ പോകാതെ ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ നമ്മൾ ഭാരതീയർ തയ്യാറാവണം.
മോദി ഇന്ത്യ പിടിച്ചത് എല്ലാ ഇന്ത്യക്കാരും ആദരവോടെ അംഗീകരിക്കേണ്ട ഒരു കാഴ്ചയാണ്. കൃത്യമായ പദ്ധതിയും പ്ലാനും അതിന് പറ്റിയ പ്രചാരണ രീതിയുമായാണ് മോദി കൊടുങ്കാറ്റായി മാറിയത്. മറ്റുള്ളവരുടെ കുറ്റം കണ്ടെത്തിയും അവരെ ആക്ഷേപിച്ചുമല്ല മോദി വളർന്നത്. പ്രത്യുത, ഭാരത്തിന്റെ ഭാവിക്കുവേണ്ടി സമഗ്രമായ ഒരു പദ്ധതിക്ക് രൂപം കൊടുത്ത് അതിനുവേണ്ടി കഠിന പ്രയത്‌നം ചെയ്താണ്. 272+ എന്ന കാമ്പയിനിന്റെ ആരും സ്വപ്നം കാണാത്ത വിജയം മാത്രം മതി ഇതിന് ഉദാഹരണമാക്കാൻ. ഈ ലക്ഷ്യബോധത്തെയും നിശ്ചയദാർഢ്യത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
അതിലേറെ പ്രധാനപ്പെട്ട സംഗതി സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ പങ്കിട്ടനുഭവിച്ചുകൊണ്ടിരുന്ന കുടുംബത്തെ ഒരു പാഠം പഠിപ്പിച്ചുകൊണ്ട് യാതൊരു വിധ പാരമ്പര്യവുമില്ലാത്ത ഒരു ചായവില്പനക്കാരനെ ഇന്ത്യയുടെ ഭാവി ഏല്പിക്കാൻ ഇന്ത്യൻ ജനത കാട്ടിയ തന്റേടമാണ്. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും ഹിന്ദുക്കൾ ആയിട്ടും മതേതരത്വത്തിന്റെ കാവൽഭടന്മാരെന്ന നിലയിൽ കോൺഗ്രസിനേയും പ്രാദേശിക കക്ഷികളേയും ആയിരുന്നു ഇതുവരെ ഭരണം ഏല്പിച്ചിരുന്നത് എന്ന് മറക്കരുത്. കപട മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഇവിടെ നടന്നത് ഒരു കുടുംബവും അവരുടെ ഉപജാപകരും രാജ്യത്തെ മുടിക്കുന്ന കാഴ്ചയായിരുന്നു. നൂറ് കോടിയിലേറെ ജനങ്ങൾ ഇവിടെ ഉണ്ടായിട്ടും കുടുംബപാരമ്പര്യത്തിന്റെ പേരിൽ ഒരു വിദേശ സ്ത്രീയുടെ കയ്യിൽ ഇന്ത്യയുടെ താക്കോൽ ഏല്പിച്ചിരുന്ന സാഹചര്യമായിരുന്നു ഇതുവരെ. ഒരുനിമിഷം അതെല്ലാം തല്ലിത്തകർത്ത് ഹിന്ദുത്വവാദിയായ മോദിയുടെ കയ്യിൽ ഇന്ത്യൻ ഭരണം ജനം ഏല്പിച്ചിരിക്കുന്നു. ഈ ഹിന്ദുത്വം പക്ഷേ, വർഗ്ഗീയത കലർന്ന ഇന്ത്യൻ സംസ്‌കാരമാണ് എന്നു മോദി മറക്കാതിരിക്കുകയാണ് പ്രധാനം. സംഘപരിവാറിന്റെ അജണ്ടകളെ അതിജീവിക്കാനും ഭരണഘടന ഉറപ്പ് നല്കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനും ആയിരിക്കും മോദി പ്രാധാന്യം നൽകേണ്ടത്. ഒപ്പം സുന്ദരമായ ഒരു സ്വപ്നത്തിലൂടെ ഇന്ത്യയെ സമൃദ്ധിയിലേക്ക് നയിക്കാൻ മോദിക്ക് കഴിയണം.
ഒരു ഭരണാധികാരിക്ക് വേണ്ട ഏറ്റവും പ്രധാന ഗുണം തീരുമാനം എടുക്കാനുള്ള തന്റേടമാണ്. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയ്ക്ക് ഇല്ലാതെ പോയത് അതാണ്. ആ തന്റേടമാണ് മോദിയിലൂടെ ഇന്ത്യക്കാർ സ്വപ്നം കാണുന്നത്. സ്വേച്ഛാധിപത്യം എന്ന പാപം മോദിയെ സ്വാധീനിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന. അങ്ങനെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോദിക്ക് കഴിയണം. വിദേശ നയം തുടങ്ങിയ കാര്യങ്ങളിൽ മോദിക്ക് വലിയ വ്യത്യസ്തതകൾ വരുത്താൻ കഴിയണം. ഇതുവരെ കോൺഗ്രസിന് ബദലായി വന്ന ഭരണകൂടങ്ങൾ ഒക്കെ തട്ടിക്കൂട്ട് സംരംഭങ്ങൾ ആയിരുന്നതിനാൽ അവയൊക്കെ അങ്ങനെ തന്നെ നശിച്ചു. എന്നാൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ബിജെപിക്ക് ഈ ദുരവസ്ഥ ഉണ്ടാകില്ല എന്ന് വേണം കരുതാൻ.
മോദിക്ക് വിജയം ആശംസിക്കാൻ മറുനാടൻ മലയാളിക്ക് അഭിമാനം മാത്രമേ ഉള്ളു. മുഖ്യധാര മാദ്ധ്യമങ്ങൾ മോദിയെ തൊട്ടുകൂടാത്തവനായി മാറ്റി നിർത്തിയപ്പോൾ ഇതാണ് യാഥാർത്ഥ്യം എന്ന് വിളിച്ചു പറയാൻ ഞങ്ങൾ ധൈര്യം കാട്ടിയിരുന്നു. മോദിയിൽ നിന്നും പണം കൈപ്പറ്റി പ്രചരണം നടത്തുന്നു എന്നായിരുന്നു അന്ന് ഞങ്ങൾക്കെതിരെയുള്ള ആരോപണം. ഞങ്ങൾ സത്യത്തോടോപ്പം നിൽക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അത് ഞങ്ങൾക്കിടയിലെ നിഷ്പക്ഷതയുടെ ഭാഗം ആയിരുന്നു എന്നും ഈ വിമർശകർ ഇനിയെങ്കിലും തിരിച്ചറിയട്ടെ.
മോദി എടുക്കുന്ന ധീരമായ തീരുമാനങ്ങൾക്കു ഞങ്ങളുടെ ഉറച്ച പിന്തുണയുണ്ടാകും. എന്നാൽ ഇന്ത്യയുടെ അടിസ്ഥാന സവിശേഷതകളായ വ്യക്തി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ മോദി സംഘം വെള്ളം ചേർത്താൽ തീർച്ചയായും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നവരുടെ കൂടെ ആയിരിക്കും ഞങ്ങളും. ഒരു മാദ്ധ്യമം എപ്പോഴും പ്രതിപക്ഷ നിലപാട് എടുക്കണം എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അത് കൊണ്ട് ഇതുവരെ മോദിയെ സ്തുതിച്ച പേനകൾ കൊണ്ട് മോദി വിമർശനങ്ങൾ ആരംഭിച്ചാൽ അതും ഞങ്ങളുടെ നിഷ്പക്ഷതയുടെ അടയാളമായി കാണാനുള്ള ബോധ്യം വായനക്കാർക്ക് ഉണ്ടാവണമെന്ന് വിശ്വസിക്കട്ടെ.
ഇന്ത്യയിലെ ഏറ്റവും ഭാഗ്യം ചെയ്ത രാഷ്ട്രീയ പാർട്ടി ഏതെന്നു ചോദിച്ചാൽ കോൺഗ്രസ്സ് എന്നല്ലാതെ മറ്റൊരു ഉത്തരം ആർക്കും പറയാൻ ഉണ്ടാവില്ല. ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം ഉപേക്ഷിച്ചു പോകുമ്പോൾ രാജാധികാരം പോലെ അത് കോൺഗ്രസ്സിനു പകർന്ന് കിട്ടുകയായിരുന്നു. മഹാത്മാവിനെ പോലും അങ്ങനെ കോൺഗ്രസ് പാർട്ടിക്കു സ്വന്തമായി കിട്ടി. ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും അടിസ്ഥാനശില ഇട്ട് സ്വയം പിച്ചവച്ച് വളർന്നപ്പോൾ കോൺഗ്രസിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ആ അധികാര പാരമ്പര്യത്തിന്റെ അഹങ്കാരവും മൂന്ന് പതിറ്റാണ്ട് തികയും മുമ്പ് കോൺഗ്രസിനെ നിലയില്ലാക്കയത്തിലേക്ക് തള്ളി. ഒരു രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തി എടുക്കും മുമ്പ് മൊറാർജി പ്രധാനമന്ത്രി ആയത് ലോക രാഷ്ട്രീയത്തിലെ തന്നെ അട്ടിമറി ആയിരുന്നു. എന്നാൽ ആ പരീക്ഷണത്തിന് രണ്ടുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തൊഴുത്തിൽകുത്തും കളത്തിൽ പോരും മൂത്തപ്പോൾ ലോക് ദൾ നേതാവായ ചരൺസിങ്, മൊറാർജിയെ അട്ടിമറിച്ച് 24 ദിവസത്തെ പ്രധാനമന്ത്രിയായി. കോൺഗ്രസിന്റെ പിന്തുണ പുറത്തുനിന്നു സ്വീകരിച്ചാണ് ചരൺസിങ് പ്രധാനമനന്ത്രി കസേരയിലെത്തിയത്. എന്നാൽ അന്നുമുതൽ തന്നെ പന്തിയിൽ വിളിച്ചിരുത്തിയിട്ട് ഊണില്ലെന്നു പറയുന്ന കലാപരിപാടി കോൺഗ്രസ് തുടങ്ങിയിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഇന്ദിര ഗാന്ധിക്കെതിരെ ജനതാസർക്കാർ എടുത്ത കേസുകൾ പിൻവലിക്കാൻ ചരൺസിങ് തയ്യാറാകാഞ്ഞതുകൊണ്ടാണ് കോൺഗ്രസ് പിന്തുണ പിൻവലിച്ചത് എന്നു ലോക്ദൾ പറഞ്ഞെങ്കിലും യാഥാർത്ഥ്യം അതായിരുന്നില്ല. പുതിയ മന്ത്രിസഭ ആദ്യമായി ലോകസഭയെ അഭിമുഖീകരിക്കേണ്ടതിന്റെ തലേന്ന് ചരൺസിങ് രാജിവച്ചിറങ്ങി. ഇതോടെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇന്ത്യ കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ തിരികെ അധികാരത്തിലേറ്റുന്നതാണ് കണ്ടത്.
1984ൽ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തിന്റെ തേരിലേറി രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ രാജ്യം മറ്റൊരു യുഗത്തിലേക്ക് കടക്കുകയായിരുന്നു. അതേ വരെ ഇന്ത്യ പിന്തുടർന്നിരുന്ന ലൈസൻസ് രാജിന്റെ കാലത്തിന് മാറ്റം വന്നുതുടങ്ങുന്നത് അതോടെയാണ്. ഇന്ത്യയെ ആധുനികതയിലേക്ക് നയിക്കാൻ തുടങ്ങിയ ആ ഭരണകാലയളവിൽ കോൺഗ്രസിനുള്ളിൽ പ്രശ്‌നങ്ങൾ തലപൊക്കി. ഇന്ദിരാ ഗാന്ധിയുടെ കിച്ചൺ ക്യാബിനറ്റിൽ അംഗങ്ങളായിരുന്ന പല പ്രമുഖരും രാജീവ് ഗാന്ധിയുടെ ഗുഡ് ബുക്കിൽ നിന്നു പുറത്തായി. ഇന്ദിരാഭരണത്തിൽ ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജിയും മറ്റും റിലയൻസ് ബന്ധത്തിന്റെ പേരിൽ മാറിനിൽക്കേണ്ടിവന്നു. ധനകാര്യമന്ത്രി സ്ഥാനത്തേക്ക് വി പി സിങ് എത്തിയതോടെ നികുതിപിരിവ് കർശനമാക്കാനും കമ്പനി നിയമങ്ങൾ ആധുനീകരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനെ ശക്തിപ്പെടുത്തുകയും വൻകിട കോർപ്പറേറ്റുകളും താരപ്രഭയുള്ള സിനിമാക്കാരും അടക്കമുള്ള നികുതിവെട്ടിപ്പുകാർക്കെതിരെ വ്യാപകമായി നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ കളിമാറി. വി പി സിങ്ങിന്റെ ജനപ്രീതി നിമിത്തം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാതെ വകുപ്പുമാറ്റി പ്രതിരോധമന്ത്രാലയത്തിലേക്ക് കൊണ്ടുവരികയാണ് രാജീവ് ഗാന്ധി ചെയ്തത്. എന്നാൽ കുപ്രസിദ്ധമായ ബോഫോഴ്‌സ് ആയുധ ഇടപാടിനെക്കുറിച്ച് വി പി സിങ്ങിന്റെ നേതൃത്വത്തിൽ അനേ്വഷണം തുടങ്ങിയതോടെ അദ്ദേഹം മന്ത്രിസഭയിൽ നിന്നും വൈകാതെ കോൺഗ്രസിൽ നിന്നും പുറത്തായി.
വി പി സിങ് രൂപീകരിച്ച ജന്മോർച്ച, പിന്നീട് ജനതാപാർട്ടി, ലോക് ദൾ, കോൺഗ്രസ് (എസ്) എന്നീ സംഘടനകളുമായി ലയിച്ച് ജനതാദൾ രൂപീകരിക്കുകയും ഡിഎംകെ, ടിഡിപി, എജിപി തുടങ്ങിയ പാർട്ടികളുമായി കൂട്ടുചേർന്ന് നാഷണൽ ഫ്രണ്ട് എന്ന മുന്നണി രൂപീകരിച്ച് 1989ലെ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടുകയും ചെയ്തു. ബിജെപിയും ഇടതുകക്ഷികളും എൻഎഫിനെ പുറമേ നിന്നു പിന്തുണച്ചതോടെ വീണ്ടും ഒരു കോൺഗ്രസിതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതിലൂടെ വലിയ സാമൂഹിക മുന്നേറ്റത്തിനു തുടക്കമിടാൻ ആ സർക്കാരിനു കഴിഞ്ഞു. എന്നാൽ ഇതിനിടെ രാമക്ഷേത്രനിർമ്മാണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി നേതാവ് എൽകെ അധ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര തുടങ്ങുകയും വി പി സിങ്ങിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാത്ര അയോധ്യയിൽ പ്രവേശിക്കുംമുമ്പ് സമസ്തിപ്പൂരിൽ വച്ച് തടയുകയും ചെയ്തതോടെ സർക്കാരിനു നൽകിയിരുന്ന പിന്തുണ ബിജെപി പിൻവലിച്ചു.
ആ അവസരം മുതലെടുത്ത മുൻ ജനതാപാർട്ടി നേതാവ് ചന്ദ്രശേഖരൻ, കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തി. ഏതാണ്ട് 11 മാസം മാത്രമാണ് വി പി സിങ് സർക്കാർ നിലനിന്നത്. ചരൺ സിങ്ങിനോട് ഇന്ദിര ഗാന്ധി ചെയ്തതു തന്നെ തുടർന്ന് ചന്ദ്രശേഖറിനോട് രാജീവും ചെയ്തു. ഏതാനും മാസത്തിനകം കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ കോൺഗ്രസിതര ഗവൺമെന്റ് എന്ന പരീക്ഷണം വീണ്ടും തകർന്നു. 1991ൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ശ്രീപെരുംപതൂരിൽ വച്ച് കൊല്ലപ്പെട്ടതോടെ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. പി വി നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി.
1996ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിതര ബിജെപിയേതര പ്രതിപക്ഷകക്ഷികൾ യുണൈറ്റഡ് ഫ്രണ്ട് ആയാണ് മത്സരിച്ചത്. അത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും 13 ദിവസത്തേക്ക് എ ബി വാജ്‌പേയി ഇന്ത്യൻ പ്രധാനമന്ത്രി ആവുകയും ചെയ്തു. വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെ ബിജെപി സർക്കാർ രാജിവച്ചു. തുടർന്ന് യുഎഫ് അധികാരം പിടിച്ചെങ്കിലും പ്രധാനമന്ത്രിപദമേറ്റെടുക്കാൻ വി പി സിങ് വിസമ്മതിച്ചു. അടുത്ത ചോയ്‌സായി എത്തിയത് ബംഗാൾ മുഖ്യമന്ത്രിയും സിപിഐ(എം) പിബിയംഗവും ആയിരുന്ന ജ്യോതി ബസു ആയിരുന്നെങ്കിലും 'ചരിത്രപരമായ മണ്ടത്തരംന' മൂലം സിപിഐ(എം) ആ അവസരം തട്ടിത്തെറിപ്പിച്ചു. അങ്ങനെയാണ് കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവെ ഗൗഡ അപ്രതീക്ഷിതമായി ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലെത്തുന്നത്. യുണൈറ്റഡ് ഫ്രണ്ടിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചു. എന്നാൽ 1997 ഏപ്രിലിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ദേവെ ഗൗഡ സർക്കാർ മൂക്കുകുത്തി വീണു. എന്നാൽ ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി ഐ കെ ഗുജ്‌റാളിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ കോൺഗ്രസ് സമ്മതിച്ചു. എന്നാൽ ആ വർഷം തന്നെ നവംബറിൽ രാജീവ് ഗാന്ധി വധത്തെ കുറിച്ചുള്ള ജയിൻ കമ്മിഷൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചതോടെ സഖ്യകക്ഷികളായിരുന്ന ഡിഎംകെയും തമിഴ് മാനില കോൺഗ്രസും തമ്മിൽ രൂക്ഷമായ പോര് തുടങ്ങി. ഡിഎംകെ ഉൾപ്പെടുന്ന മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുക്കുക കൂടി ചെയ്തതോടെ ഭരണം വീണ്ടും നിലംപൊത്തി.
തുടർന്ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സഖ്യം അധികാരത്തിൽ തിരിച്ചെത്തുന്നതാണ് കണ്ടത്. 1998ൽ ബിജെപി സർക്കാർ അധികാരമേറ്റെങ്കിലും ആ സർക്കാരും 13 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. പൊക്രാനിൽ അണുപരീക്ഷണം നടത്തിയതിലൂടെ ദേശീയത വികാരം ഉയർത്തിയ സർക്കാർ താഴെ വീഴുന്നത്, മുന്നണിയിലെ ഘടകകക്ഷിയായിരുന്ന എഐഎഡിഎംകെ പിന്തുണ പിൻവലിക്കുന്നതോടെയാണ്. ഒറ്റ വോട്ടിന് വിശ്വാസവോട്ടിൽ പരാജയപ്പെട്ട വാജ്‌പേയി രാജിവച്ചു. 1999 ഒക്‌ടോബറിൽ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ആ തെരഞ്ഞെടുപ്പിൽ പക്ഷെ 303 സീറ്റ് നേടി എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തി. കാർഗിൽ യുദ്ധമാണ് ഇതിന് സഹായിച്ചത് എന്നു പറയേണ്ടിവരും. എന്നിരുന്നാലും ആദ്യമായി ഒരു കോൺഗ്രസിതര പ്രധാനമന്ത്രി ആദ്യമായി അഞ്ചുവർഷം അധികാരത്തിരുന്നത്, മൂന്നാം വാജ്‌പേയി സർക്കാരിലാണ്. എന്നാൽ 2004ൽ, ഇന്ത്യ ഷൈനിങ് ക്യാമ്പെയ്‌നിന്റെ ചുമരിലേറി തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങി.
മന്മോഹൻ സിങ് പ്രധാനമന്ത്രിയായി ഒന്നാം യുപിഎ സർക്കാരിന്റെ അധികാരാരോഹണമാണ് പിന്നീട് കണ്ടത്. ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ അധികാരത്തിലേറിയ ഒന്നാം യുപിഎ സർക്കാർ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഭരണം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ ആണവക്കരാർ ഒപ്പിടുന്നതിനെ ചൊല്ലിയുള്ള തർക്കം ഇടതുകക്ഷികൾ പിന്തുണ പിൻവലിക്കുന്നതിലേക്ക് നയിച്ചു. തുടർന്ന് മറ്റു കക്ഷികളുടെ പിന്തുണയോടെ ഭരണം നിലനിർത്തിയ സർക്കാർ 2009ൽ വർദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെയെത്തി. എന്നാൽ 2008ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ കമ്പനികളെ സംരക്ഷിച്ചു നിർത്താനായി നടത്തിയ ഇടപെടലുകൾ ജനങ്ങളിൽ നിന്ന് കോൺഗ്രസിനെ അകറ്റുന്നതാണ് ദൃശ്യമായത്.
ഈ ഗ്യാപ്പിലാണ് നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്. കോൺഗ്രസിനെ വെറും 44 സീറ്റിലേക്ക് ഒതുക്കിക്കൊണ്ടാണ് എൻഡിഎ സഖ്യം ഭരണം പിടിച്ചെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷവും പാർലമെന്റിലുണ്ട്. എന്നാൽ കോൺഗ്രസിന്റെ ഈ തകർച്ച ബിജെപിക്കും പാഠമാകേണ്ടതുണ്ട്. അധികാരത്തിന്റെ പുളിപ്പിൽ കോൺഗ്രസ് ചെയ്തതുപോലെ കോർപ്പറേറ്റുകളെ ബെയിൽ ഔട്ട് ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തുകയും ജനകീയ ഇച്ഛകളെ കയ്യൊഴിയുകയും ചെയ്താൽ കോൺഗ്രസിനെ കാത്തിരുന്ന അതേ വിധി ബിജെപിയേയും വിടാതെ പിന്തുടരും. ഈ അവസരം അവധാനതയോടെ ഉറച്ചതും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കാൻ ബിജെപിക്കു കഴിഞ്ഞാൽ ഇന്ത്യയുടെ ഭാവി തന്നെ മാറിമറിയും. അതിനൊപ്പം കോൺഗ്രസ് ചെയ്തതുപോലെ കുടുംബവാഴ്ചയിലേക്ക് കൂപ്പുകുത്താതെയിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അച്ഛന്റെ മക്കൾ ആയതുകൊണ്ടുമാത്രം നേതാക്കന്മാരായവർ ബിജെപിയിൽ കുറവാണെന്നുള്ളത് ഒരാശ്വാസമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളർന്നുവന്ന, അച്ചടക്കവും ആർജവവും ഉള്ള ജനകീയരായ നേതാക്കന്മാർ ഈ രാജ്യത്തെ നല്ല ഭാവിയിലേക്ക് നയിക്കുമെന്നു പ്രതീക്ഷിക്കാം. അതേ സമയം സംഘത്തിന്റെ സങ്കുചിതമായ മത താത്പര്യങ്ങളെ ഒരു പരിധിയിലധികം മുന്നോട്ടു കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുമെന്നും.