കോഴിക്കോട്: ഇസ്ലാമിലെ നിഷിദ്ധമൃഗമാണ് പന്നി. പന്നിയുടെ എന്ത് സാധനവും ചേരുന്ന ഏത് വസ്തുവും ഇസ്ലാമിന് ഹറാണ്. പന്നിയുടെ പേരിൽ നിരവധി വർഗീയ ലഹളകളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ പന്നിമാസം, ചില സാമൂഹിക വിരുദ്ധർ പള്ളികളിൽ കൊണ്ടിട്ടതാണ് ഭഗൽപ്പൂരിലെ അടക്കം പല വർഗീയ ലഹളകൾക്കും ഇടയാക്കിയത്. അതുപോലെ തന്നെ ശിപായി ലഹള എന്ന് അറിയപ്പെടുന്ന, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാനുള്ള കാരണങ്ങളിൽ ഒന്നും പന്നിയായിരുന്നു. പന്നിമാംസം കൊണ്ടുള്ള കൊഴുപ്പുകൊണ്ടാണ്, ശിപായിമാർ കടിച്ച് തുറക്കേണ്ട കാട്രിഡ്ജുകൾ നിർമ്മിച്ചത് എന്ന പ്രചാരരണം, മുസ്ലിം ശിപായിമാരെ കാര്യമായി സ്വാധീനിച്ചിരുന്നു. ഇങ്ങനെ തുടർന്ന വരുന്ന പന്നി ഭീതി നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോളും തുടരുകയാണ്. പന്നിമാസംക്കൊഴുപ്പ് വാക്സിനുകളിൽ ഉണ്ടെന്ന വാട്സാപ്പ് പ്രചാരണം ഏറെ പണിപ്പെട്ടാണ് അധികൃതർ അടക്കിയത്.

ഇപ്പോഴിതാ പന്നിമാസമോ, രോമമോ കൊഴുപ്പോ ഒന്നുമല്ല പന്നിയുടെ ചിത്രംപോലും പൗരാണിക ഇന്ത്യയിൽ ഹറാമായിരുന്നു എന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. 1911ൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കിയതിന്റെ വിവാദമാണ് ചർച്ചയാവുന്നത്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച നാണയ-കറൻസി പ്രദർശനത്തിലാണ് പന്നി നാണയം എന്ന് അറിയപ്പെട്ട ഈ അപൂർവ്വ നാണയമുള്ളത്.

ആനയുടെ ചിത്രം പന്നിയായപ്പോൾ

110 വർഷം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉപയോഗത്തിലുണ്ടായിരുന്ന നാണയമാണ് പന്നി നാണയം. ബ്രിട്ടീഷ് ചക്രവർത്തി, ജോർജ് അഞ്ചാമനോടുള്ള ആദരസൂചകമായി ഇറക്കിയ ഒരു രൂപ, അര രൂപ, കാൽ രൂപ, രണ്ടണ, ഒരണ എന്നീ വിഭാഗങ്ങളിലായിരുന്നു നാണയങ്ങളാണ് ഇവ. രൂപകൽപ്പന നടത്തിയപ്പോൾ, ചക്രവർത്തിയുടെ മേലങ്കിയിലുള്ള ആനയുടെ രൂപം പന്നിയുടേതിന് സാദൃശ്യമുള്ളതായാണ് തോന്നിയത്. ഇതോടെ പടം മാറിയെന്ന് പ്രചാരണം വന്നു. സത്യത്തിൽ പടം മാറിയിരുന്നില്ല. ആനയുടെ ചിത്രം വരയ്ക്കുമ്പോൾ കൊമ്പ് ചെറുതായിപ്പോയതാണ് പന്നിയെ പോലെ തോന്നിക്കാൻ കാരണം.

ഇത് പന്നിയല്ല ആനയാണ് എന്ന് പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല. മുസ്ലീങ്ങൾ കൂട്ടത്തോടെ പ്രതിഷേധവും ബഹിഷ്‌ക്കരണവും തുടങ്ങിയപ്പോൾ ബ്രിട്ടീഷ് അധികൃതർ വലഞ്ഞു. പന്നി പ്രക്ഷോഭം എന്നാണ് അവർ ഈ സമരത്തെ വിളിച്ചത്. നാണയത്തിന് പന്നി നാണയം എന്നും. ബ്രിട്ടീഷ് സർക്കാർ അച്ചടിച്ചിറക്കിയ മുഴുവൻ നാണയങ്ങളും പിൻവലിച്ച് ഉരുക്കിയതിനു ശേഷമേ ഈ പ്രക്ഷോഭം അവസാനിച്ചുള്ളു. പിന്നീട് ആനയുടെ ചിത്രം കൃത്യമായി വരച്ച പുതിയ നാണയം പുറത്തിറക്കി. ഇത് ആന നാണയം എന്നും അറിയപ്പെട്ടു. ഇപ്പോൾ നാണയ ശേഖരം നടത്തുന്നവർക്കിടയിൽ ഏറെ ഡിമാൻഡുള്ള നാണയങ്ങളാണ് പന്നിപ്പണവും ആന നാണയവും. പന്നിപ്പണം ഒരു നാണയത്തിന് 2000 രൂപയും ആന നാണയത്തിന് 700 രൂപയും വിലയുണ്ട്.

പന്നിരോമം വീണ വെള്ളം പോലും ഹറാം

ഈ ആധുനികകാലത്തും പന്നി പ്രശ്നമാക്കുന്നുണ്ട്. വാക്സിനേഷനിൽ നാം അത് കണ്ടതാണ്. പന്നി മാംസത്തിൽ നിന്നുള്ള കൊഴുപ്പ് ചേർത്ത് നിർമ്മിക്കുന്ന കോവിഡ് വാക്‌സിനുകൾ ഇസ്ലാം മത വിശ്വാസികൾ കുത്തിവയ്ക്കരുതെന്ന് കഴിഞ്ഞവർഷം മുംബൈയിൽ നടന്ന സുന്നി മുസ്ലിം ഉലമാക്കളുടെ യോഗം വ്യക്തമാക്കിയത് വാർത്തയായിരുന്നു.

ചൈന പുറത്തിറക്കിയ കോവിഡ് വാക്‌സിനിൽ പന്നി മാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരം വാക്‌സിനുകൾ ഉപയോഗിക്കാൻ വിശ്വാസികളെ അനുവദിക്കേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ചൈനീസ് വാക്‌സിനിൽ പന്നി മാംസത്തിന്റെ കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന വിവരം ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികളെ ആശങ്കയിലാക്കിയതായും യോഗം വിലയിരുത്തി. പന്നിക്കൊഴുപ്പടങ്ങിയ ചൈനീസ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകരുത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളിലും അടങ്ങിയിട്ടുള്ള നിർമ്മാണ വസ്തുക്കൾ സംബന്ധിച്ച് ഇസ്ലാം പണ്ഡിതർക്ക് വിവരങ്ങൾ നൽകണം. അതനുസരിച്ച് ഏത് വാക്‌സിൻ ഉപയോഗിക്കാമെന്ന് വിശ്വാസികളോട് പറയാൻ സാധിക്കുമെന്നു യോഗം വിലയിരുത്തി.

ഇസ്ലാം നിയമമനുസരിച്ച് പന്നി മാംസം വിശ്വാസത്തിന് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ പന്നി മാംസവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും വിലക്കപ്പെട്ടതാണെന്നും പണ്ഡിതരുടെ യോഗം ചൂണ്ടിക്കാട്ടി. പന്നിയുടെ ശരീരാംശങ്ങൾ അടങ്ങിയ വാക്‌സിൻ ഹറാമാണെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും റാസ അക്കാദമി സെക്രട്ടറി ജനറൽ സയ്യീദ് നൂരി വ്യക്തമാക്കി. പന്നിയുടെ രോമം വീണ കിണറ്റിലെ വെള്ളം പോലും ഇസ്ലാം വിശ്വാസിക്ക് ഹറാമാണ്. ഇത്തരം ഘടകങ്ങളുള്ള വാക്‌സിനാണെങ്കിൽ പോലും അതിന് രോഗത്തെ ചെറുക്കാനുള്ള കഴിവില്ലെന്നാണ് ഇസ്ലാം മതം വിശ്വസിക്കുന്നതെന്ന് ഖാസി ഇ മുംബൈ മുഫ്തി മെഹമൂദ് അക്തർ പറഞ്ഞു. ഇതേതുടർന്ന് നമ്മുടെ വാക്സിനുകളിൽ പന്നിയുമായി ബന്ധപ്പെട്ട യാതൊന്നുമില്ല എന്ന് അധികൃതർക്ക് കാമ്പയിൽ നടത്തേണ്ടി വന്നിരുന്നു.

ഹൃദയശസ്ത്രക്രിയയിൽ ഇനി ഹലാൽ പന്നി

പക്ഷേ മതത്തിന്റെ ഈ വിലക്കുകൾക്കൊന്നും യാതൊരു വിലയും ആധുനിക ശാസ്ത്രം കൽപ്പിച്ചിട്ടില്ല. പന്നി യാതൊരു കുഴപ്പവും ഇല്ലാത്ത ഒരു മൃഗമാണെന്നും ഒരു അശുദ്ധിയും അതിനില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. കഴിഞ്ഞമാസം വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി മാറ്റിവെച്ചിരുന്നു. ഈ രോഗി ഒരു മാസത്തിനുശേഷം മരിച്ചുവെങ്കിലും വൈദ്യശാസ്ത്ര രംഗത്തെ വലിയ നേട്ടമായാണ് അത് വിലയിരുത്തപ്പെട്ടത്. യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്‌കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡ് ബെന്നറ്റ് എന്ന 57കാരനായ രോഗിയിൽ മാറ്റിവെച്ചത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾ ചികിത്സിക്കുന്നതിൽ നിർണായകമാകും ഈ സംഭവമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ബെന്നറ്റിൽ വെച്ചുപിടിപ്പിച്ചത്.

ഭാവിയിലെ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ ഈ ശസ്ത്രക്രിയാ വിജയം നിർണായകമായി മാറുമെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി കാർഡിയാക് ക്സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ പറഞ്ഞു. വർഷങ്ങൾ നീണ്ട പരീക്ഷണത്തിന്റെ ഫലമായാണ് ഈ ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം ബബൂൺ കുരങ്ങുകളിൽ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു. ഒമ്പത് മാസത്തിലേറെ പന്നിയുടെ ഹൃദയം ബബൂണിൽ പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തിൽ പരീക്ഷിച്ചിരുന്നു. യു.എസിലെ ന്യൂയോർക് സർവകലാശാലയുടെ ലാംഗോൺ ഹെൽത്തിലെ ഡോക്ടർമാരാണ് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്. മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയിലാണ് അന്ന് വൃക്കമാറ്റിവെക്കൽ പരീക്ഷണം നടത്തിയത്.

ഇന്ന് ലോകത്ത് എറ്റവും വിറ്റഴിക്കുന്ന മാംസങ്ങളിൽ ഒന്നും പന്നിയാണ്. ഇങ്ങനെ ലോകം മാറിമറയുമ്പോഴും മതമൗലികവാദികളുടെ മനസ്സിൽ പന്നി ഇപ്പോഴും ഒരു ഭീകര ജീവിയായി നിൽക്കുന്നു. 110 കൊല്ലം മുമ്പുള്ള നാണയ സമരത്തിൽനിന്ന് വലിയ മാറ്റമൊന്നും ഇന്ത്യയിൽ ഇപ്പോഴും സംഭവിച്ചിട്ടില്ല എന്നാണ് ചരിത്ര വിദഗധർ ചൂണ്ടിക്കാട്ടുന്നത്.