തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ എൽഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതോടെ ഒരു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കാണ് താൽക്കാലിക വിരാമമായത്. സമവായത്തിന്റെ അന്തരീക്ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജി നീട്ടി വച്ചത്.

രാവിലെ മുതൽ തന്നെ തലസ്ഥാനം ആകംക്ഷയുടെ മുൾമുനയിലായിരുന്നു. ഇടതുകക്ഷി നേതാക്കൾക്കും, പത്ര-ചാനൽ പ്രതിനിധികൾക്കും തിരക്കേറിയ ഒരു ദിവസം. രാവിലെ തന്നെ ചാനലുകൾ മിഴിതുറന്നത് തോമസ് ചാണ്ടി രാജി വയ്ക്കുമോ എന്ന ചോദ്യത്തിലേക്കായിരുന്നു. റിപ്പോർട്ടർമാർ എകെജി സെന്ററിലും, എംഎൽഎ ഹോസ്റ്റലിലും, തോമസ് ചാണ്ടിയുടെ വസതിയിലുമായി അണിനിരന്നു.

ഇന്ന് തന്നെ രാജിയുണ്ടാകുമോ അതോ എൻസിപിയുടെ സമ്മർദ്ദത്തിന് വഴങ്ങി ചൊവ്വാഴ്ച വരെ തീരുമാനം നീട്ടി വയ്ക്കുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം പരമ്പരയാക്കി ജനശ്രദ്ധ മായാതെ നിർത്തിയ ഏഷ്യാനെറ്റ് ന്യൂസും രാവിലെ തന്നെ സജീവമായി. രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയാണെന്ന തരത്തിൽ എൻസിപി മുന്നണിയോഗത്തിൽ വൈകുന്നേരം ഉന്നയിച്ചുവെന്ന വാർത്ത തന്നെ ചാനൽ റിപ്പോർട്ടുകളോടുള്ള ആ പാർട്ടിയുടെ അസഹിഷ്ണുത തെളിയിക്കുന്നു.

എകെജി സെന്ററിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ഇടതുമുന്നണിയോഗത്തിലാണ് നിർണായക തീരുമാനമുണ്ടാവുക എന്നതിനാൽ അതിന് മുന്നോടിയായുള്ള ഉൾപാർട്ടി, ഉഭയകക്ഷി ചർച്ചകളാണ് രാവിലെ നടന്നത്.തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാട് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാർ സ്വീകരിച്ചതായും, ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും വാർത്തകൾ വന്നു.

മുന്നണി യോഗത്തിന് മുന്നോടിയായി രാവിലെ തോമസ് ചാണ്ടിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലും എൻസിപി നിലപാട് ആവർത്തിച്ചു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം രാജിയിൽ തീരുമാനം എടുക്കാം എന്നുമാണ് പാർട്ടി നിലപാട്.എൻസിപി നേതാക്കളായ മാണി സി കാപ്പൻ, സുൾഫിക്കർ മയൂരി എന്നിവരാണ് തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിപിഐ. രാവിലെ ഉഭയകക്ഷി ചർച്ചയ്ക്കായി കാനം രാജേന്ദ്രൻ എ.കെ.ജി.സെന്ററിൽ എത്തി. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ ചർച്ചയിലാണ് കാനം നിലപാട് ആവർത്തിച്ചത്. എന്നാൽ നിയമോപദേശത്തിൽ തോമസ് ചാണ്ടിയെ പൂർണമായും കുറ്റപ്പെടുത്തുന്നില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.

കളക്ടറുടെ റിപ്പോർട്ട് എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതല്ലെന്ന് എജിയുടെ നിയമോപദേശത്തിൽ പറയുന്നതായും സി.പി.എം വ്യക്തമാക്കി.താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേർന്ന എൻസിപി യോഗത്തിലും തോമസ് ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോർട്ടുമില്ലെന്നും ചാണ്ടി യോഗത്തിൽ അറിയിച്ചു.ഇതുപ്രകാരം മന്ത്രി രാജി വയ്ക്കാനായി കൂടുതൽ സമയം വേണമെന്ന് മുന്നണി യോഗത്തിൽ ഉന്നയിക്കാൻ എൻസിപി തീരുമാനിച്ചു.

സി.പി.എം രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല എൽ.ഡി.എഫ് ചേരുന്നതെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ജാഥ, സോളാർ കമ്മീഷൻ റിപോർട്ട് എന്നിവയാണ് ചർച്ച ചെയ്യുക. തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. സിപിഐയും അത്തരത്തിൽ പറഞ്ഞതായി അറിയില്ല.തങ്ങളോടും അത്തരത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി എൻ.സി.പി ചർച്ച ചെയ്തിട്ടില്ല. അത്തരം സാഹചര്യമില്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ല.പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ചർച്ച വേണ്ടത്. ഇപ്പോൾ പുതിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

ഫോൺ കെണി വിവാദത്തിൽപ്പെട്ട് രാജിവച്ച മുൻ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവച്ചാൽ മതിയെന്നാണ് ടി പി പീതാംബരന്റെ അഭിപ്രായം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പീതാംബരൻ പറഞ്ഞു.
എ കെ ശശീന്ദ്രന്റെ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹത്തെ മന്ത്രിക്കസേരയിൽ തിരികെയെത്തിക്കുക എന്നത് അഭിമാന വിഷയമായാണ് എൻസിപി കാണുന്നത്. ശശീന്ദ്രനൊപ്പം തോമസ് ചാണ്ടി കൂടി രാജിവച്ചാൽ എൻസിപിക്ക് മന്ത്രിയാവാൻ മറ്റൊരാൾ ഇല്ലെന്നതാണ് ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തുവരാൻ എൻസിപിയെ പ്രേരിപ്പിച്ച ഘടകം.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർന്ന എൽഡിഎഫ് യോഗം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. ആദ്യം പുറത്ത് വന്ന ജനതാദൾ നേതാക്കൾ തന്നെ സംഗതി രഹസ്യമായി വെളിപ്പെടുത്തി. ഇന്ന് തോമസ് ചാണ്ടിയുടെ രാജിയില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും അടക്കമുള്ള നേതാക്കൾ പുറത്ത് വന്നു.

മുന്നണി തീരുമാനം വ്യക്തമായി പറഞ്ഞില്ലെങ്കിലും തങ്ങളുടെ ഉറച്ച നിലപാട് യോഗത്തിൽ വ്യക്തമാക്കിയെന്നും സിപിഐ ഹാപ്പിയാണന്നും കാനം പറഞ്ഞു. മുന്നണി കൺവീനർ വൈക്കം വിശ്വന്റെ വാർത്താസമ്മേളനത്തിനായി മാധ്യമ പ്രവർത്തകർ കാത്തിരുന്നെങ്കിലും ഒടുവിൽ അറിയിപ്പ് വന്നു. വാർത്താക്കുറിപ്പ് മാത്രമേയുള്ളു. ഏതായാലും മാധ്യമ പ്രവർത്തകർക്ക് ഒരു ദിവസത്തെ പ്രയത്‌നത്തിന്റെ രത്‌നച്ചുരുക്കം കിട്ടി. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നാണ് മുന്നണിയിലെ പൊതുവികാരം. രണ്ടു ദിവസത്തിനകം ചാണ്ടിയുടെ രാജിയുണ്ടാകും.