തിരുവനന്തപുരം: കേരളപ്പിറവി വജ്രജൂബിലി ഉദ്ഘാടനച്ചടങ്ങിൽ ചർച്ചയായത് അസാന്നിധ്യങ്ങൾ. മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും വി എസ് അച്യൂതാനന്ദനും താരമായത് ചടങ്ങിനെത്താതെയാണ്. കേരള പിറവി ദിനത്തിൽ ഗവർണറെ ഒഴിവാക്കിയതിനു പുറമെ മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, വി എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവരെയും മാറ്റിനിർത്തിയതിനെച്ചൊല്ലി വിവാദം.

ഡൽഹിയിലായിരുന്ന എ.കെ.ആന്റണി, മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്രകാരം ചടങ്ങിനായി തിങ്കളാഴ്ച രാത്രി തലസ്ഥാനത്തെത്തിയെങ്കിലും നോട്ടിസിൽ പേരോ വേദിയിൽ സീറ്റോ ഇല്ലെന്നറിഞ്ഞതോടെ വീട്ടിൽ തന്നെയിരുന്നു. വി എസ്.അച്യുതാനന്ദനാകട്ടെ, പരിപാടിയിൽ പങ്കെടുക്കണമെന്ന അറിയിപ്പുപോലും ലഭിച്ചില്ല. അര മണിക്കൂർ മുൻപു മാത്രം ക്ഷണം ലഭിച്ച ഉമ്മൻ ചാണ്ടി, ആന്റണിയെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചു ചടങ്ങിനെത്തിയതുമില്ല. അറുപതാം വാർഷികത്തിന്റെ പ്രതീകമായി 60 പ്രശസ്തരെ വേദിയിലിരുത്താനും അവരെക്കൊണ്ടു ദീപം തെളിക്കാനുമായിരുന്നു തീരുമാനം. എന്നാൽ, നോട്ടിസിലോ ദീപം തെളിക്കുന്നവരുടെ പട്ടികയിലോ ആന്റണി, വി എസ്, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുൾപ്പെടുത്തിയില്ല.

സർക്കാരിന്റെ മാത്രം പങ്കാളിത്തത്തോടെ ടഗോർ തിയറ്ററിൽ ഉദ്ഘാടനച്ചടങ്ങു നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നിയമസഭ നടക്കുന്നതു കണക്കിലെടുത്തു പ്രത്യേക സമ്മേളനം തീരുമാനിച്ചതോടെ ചടങ്ങും സഭാവളപ്പിലേക്കു മാറ്റി. പ്രോട്ടോക്കോൾ പരിമിതികൾ കാരണം ഗവർണറെ ക്ഷണിക്കേണ്ടെന്നും ധാരണയായി. തയാറാക്കിയ നോട്ടിസിലാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡപ്യൂട്ടി സ്പീക്കർ വി.ശശി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, സുഗതകുമാരി, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, പി.ടി.ഉഷ എന്നിവരുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചതിനാൽ ആന്റണി തിങ്കളാഴ്ച രാത്രി തലസ്ഥാനത്തെത്തിയെങ്കിലും പരിപാടിയിലെ പങ്കാളിത്തം സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല. വീട്ടിൽ കിട്ടിയ നോട്ടിസിലാകട്ടെ പേരുമില്ല. ഇന്നലെ പരിപാടി ആരംഭിക്കുന്നതിനു തൊട്ടുമുൻപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ചു ക്ഷണിച്ചെങ്കിലും യോഗനടപടികളെക്കുറിച്ച് ഒരു രൂപവുമില്ലാത്തതിനാൽ ആന്റണി എത്താൻ വിസമ്മതിച്ചു. വി എസ് ആകട്ടെ പ്രസംഗം തയാറാക്കാൻ സെക്രട്ടറിയോടു നിർദേശിക്കുകയും ചെയ്തിരുന്നു.

പരിപാടിയിൽ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ രാജ്ഭവനിലെത്തി വിശദീകരണം നൽകാൻ ഗവർണ്ണറോട് സ്പീക്കർ സമയം ചോദിച്ചെങ്കിലും അതിന് അവസരം ലഭിച്ചില്ല. 11.20ന് അദ്ദേഹം ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയ്ക്കു തിരിച്ചു. മടങ്ങി വന്ന ശേഷം കൂടിക്കാഴ്ച ആലോചിക്കാമെന്നാണു സ്പീക്കർക്കു രാജ്ഭവൻ നൽകിയ മറുപടി.