തിരുവനന്തപുരം: ഹിറ്റ്‌ലറിന്റെ നയങ്ങളാണ് ആർഎസ്എസുകാർ നടപ്പാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഉത്തരേന്ത്യയിൽ ജീവിക്കാൻ പേടിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലർ നേരത്തെ ചെയ്തതു പോലെയാണ് ഇപ്പോൾ ആർഎസ്എസുകാർ ചെയ്യുന്നത്. ആർ എസ്സ് എസ്സിന് ഇഷ്ടമില്ലാത്തവരെ ക്രൂരമായാണ് കൊല്ലുന്നത്. ദളിതരെ ചുട്ടെരിക്കുകയാണെന്നും ആന്റണി പറഞ്ഞു.

വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മാതൃകാ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് ഇന്ത്യയിൽ എന്ത് കഴിക്കണം, എന്തെഴുതണം, ഏത് പരിപാടികൾ സംഘടിപ്പിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സംഘപരിവാറും ആർ.എസ്.എസുമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.

ഉത്തർപ്രദേശിലും ഹരിയാനയിലും മഹാരാഷ്ട്രയിലുമെല്ലാം പ്രശ്‌നങ്ങളാണ്. ഉത്തരേന്ത്യയിൽ ജീവിക്കാൻ പേടിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പുരോഗതിക്കും സമാധാനത്തിനും ഭരണത്തുടർച്ചയുണ്ടാകണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലാണെന്നും ആന്റണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല അതിന് ശേഷവും ഭരണത്തുടർച്ചയുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് സെമി കഴിയുമ്പോൾ മറ്റു കക്ഷികൾ പുറത്തേക്കു പോകും. ഫൈനൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലെന്നും ആന്റണി വ്യക്തമാക്കി.