തിരുവനന്തപുരം: എന്നും കേരളത്തിലെ പാവപ്പെട്ടവർക്കും കുടിയാന്മാർക്കും പാട്ടക്കാർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് എ കെ ആന്റണി. പാവപ്പെട്ടവർക്ക് ഒരിക്കലും ഗൗരിയമ്മയെ മറക്കാൻ കഴിയില്ലെന്നും എപ്പോഴും അധ്വാനിക്കുന്നവരോട് കൂറുള്ള നേതാവായിരുന്നു അവരെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിച്ചു.

താൻ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കേരള രാഷ്ട്രീയത്തിലെ എറ്റവും ശ്രദ്ധേയയായ നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്നും, ഗൗരിയമ്മയെ പോലെ കേരളത്തിന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശക്തയായി പ്രവർത്തിച്ച വനിതാ നേതാക്കന്മാർ കുറവാണെന്നും ആന്റണി പറയുന്നു.

കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വിപ്ലവകരമായ സമഗ്രമായ കാർഷിക പരിഷ്‌കരണ നിയമം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അസംബ്ലിയിൽ അവതരിപ്പിച്ചതും പാസാക്കിയതും ഗൗരിയമ്മയായിരുന്നു. നിർഭാഗ്യവശാൽ രാഷ്ട്രപതി അത് അംഗീകരിക്കാതെ പോയി. പിന്നീട് അച്യുതമേനോൻ മന്ത്രിസഭ ഇതിൽ ഭേദഗതികൾ വരുത്തിയാണ് പാസാക്കിയതെന്ന് ആന്റണി ഓർമ്മിപ്പിച്ചു.

പല മുന്നണികളിൽ ഗൗരിയമ്മ പ്രവർത്തച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി കൂറ് പാവപ്പെട്ടവരോട് മാത്രമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനുസ്മരിക്കുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നം വരുമ്പോൾ ഗൗരിയമ്മ മുഖം നോക്കാതെയും പാർട്ടി നോക്കാതെയും നടപടിയെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്റെ മന്ത്രിസഭയിൽ ഗൗരിയമ്മ മന്ത്രിയായി പ്രവർത്തിച്ചത് ബഹുമതിയായാണ് കാണുന്നതെന്നും ആന്റണി പറഞ്ഞു,

മന്ത്രിയായി പ്രവർത്തിച്ച കാലഘട്ടങ്ങളിൽ കേരളത്തിനായി ഇത്രയധികം കാര്യങ്ങൾ ചെയ്ത മറ്റൊരു നേതാവുണ്ടായിരുന്നോ എന്ന് സംശയമാണെന്ന് പറഞ്ഞ എ കെ ആന്റണി ഗൗരിയമ്മയുടെ വേർപാട് അക്ഷരാർത്ഥിൽ നികത്താനാവാത്ത വിടവാണെന്ന് വ്യക്തമാക്കി.