അരുവിക്കര: വികസന വിരോധികളായ എൽ.ഡി.എഫിനെ തകർക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ എ കെ ആന്റണി. അക്രമ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് വേണ്ടത്. സമൂഹത്തിന്റെ മാറ്റം എൽഡിഎഫിന് മനസിലാകുന്നില്ല. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന്റെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ കാര്യത്തിൽ രാജ്യത്ത് എ പ്‌ളസ് മാർക്ക് ലഭിക്കുന്ന സർക്കാരാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമുഖമുള്ള സർക്കാരാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ വികസന സർക്കാരാണ്. വികസനത്തിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനൊപ്പം ഓടിയെത്താൻ മറ്റു സംസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. പാവപ്പെട്ടവർക്കും ചെറുപ്പക്കാർക്കും വേണ്ടിയുള്ള സർക്കാരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വേണ്ടത് ഉടക്ക് രാഷ്ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജസ്വലമായ യുവത്വത്തിന്റെ പ്രതീകമാണ് ശബരീനാഥൻ. കാർത്തികേയന്റെ രക്തമാണ് ശബരീനാഥന്. ശബരീനാഥൻ ആധുനിക കാലഘട്ടത്തിനാവശ്യമുള്ള പദ്ധതികൾ കൂടി ആവിഷ്‌കരിക്കും ആന്റണി പറഞ്ഞു. അരുവിക്കരയിൽ ഇതുവരെ ചെയ്തതിനേക്കാൾ കൂടുതൽ ചെയ്യാനാഗ്രഹിച്ചയാളായിരുന്നു തന്റെ സുഹൃത്ത് ജി.കാർത്തികേയൻ. നേരത്തേ താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തന്റെ കൈയിൽ നിന്ന് 50 ലക്ഷം രൂപ അരുവിക്കരക്കായി വാങ്ങി. വീണ്ടും വരുമെന്ന് പറഞ്ഞാണ് അന്ന് പോയത്. അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ പിന്തുടർച്ച ശബരീനാഥനെ ഏൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ഉമ്മൻ ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും, കെ.എം മാണിയും. എംപി വീരേന്ദ്രകുമാറുമെല്ലാം ശരിവെക്കുന്നു. വീരേന്ദ്രകുമാർ യു.ഡി.എഫിന്റെ ശക്തനായ പടത്തലവനാണെന്ന് അരുവിക്കരക്കാർ ഈ തിരഞ്ഞെടുപ്പിൽ അറിയുമെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും മാണിസാറിന്റെ കാരുണ്യപദ്ധതിയും ചേർന്നാൽ ഇതുപോലെ ജീവകാരുണ്യമേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിലില്ല. വികസനകാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഉമ്മൻ ചാണ്ടി സർക്കാരെന്നും ആന്റണി പറഞ്ഞു.

വിലക്കയറ്റത്തിന് ഉത്തരം പറയേണ്ടത് മോദി സർക്കാരാണ്. മോദി സർക്കാരിനേക്കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടെങ്കിൽ അത് വൻകിട കോർപ്പറേറ്റുകൾക്കാണ്. ഇതും ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും. പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ജനങ്ങൾ കാർത്തികേയന്റെ മുഖം ഓർക്കണമെന്നും ആന്റണി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂർ രീതി അരുവിക്കരയിൽ നടപ്പില്ല. അത് അന്തക്കാലം, ഇത് സ്ഥലവും വേറെയാണെന്നും ആന്റണി പറഞ്ഞു. തുടർന്ന് സംസാരിച്ച കോൺഗ്രസ് നേതാക്കളും യുഡിഎഫിനെ രൂക്ഷമായി വിമർശിച്ചാണ് രംഗത്തെത്തിയത്.