തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ വളർത്തുന്നത് സിപിഐ(എം) ആണെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിരോധ മന്ത്രിയുമായി എ കെ ആന്റണി. കേരളത്തിൽ ബിജെപിയെ വളർത്തുന്നത് സിപിഐ(എം) ആണെന്ന ആരോപണമാണ് ആന്റണി ഉന്നയിച്ചത്. അരുവിക്കരയിൽ ബിജെപി പിടിക്കുന്നത് എൽ.ഡി.എഫ് വോട്ടുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ യുഡിഎഫിനെ നിശിതമായി വിമർശിച്ച വിഎസിനും ആന്റണി മറുപടി നൽകി. വി എസ് അച്യുതാനന്ദൻ നിലവാരത്തകർച്ചയോടെ മാത്രമാണ് സംസാരിക്കുന്നത്. ആ ഭാഷയിൽ മറുപടി പറയാൻ തനിക്കോ യു.ഡി.എഫിനോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപിയെ വളർത്തിയത് സിപിഎമ്മാണ്. താൽകാലിക ലാഭത്തിന് വേണ്ടി അവർ അണികളിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകിയെന്നും ആന്റണി വ്യക്തമാക്കി.

അരുവിക്കരയിൽ യു.ഡി.എഫ് വിജയത്തോടെ ഭരണത്തുടർച്ചയുണ്ടാകും. അരുവിക്കരയിൽ സ്ഥാനാർത്ഥിയുടെ മികവും പ്രധാന ഘടകമാകുമെന്ന് ആന്റണി പറഞ്ഞു. അരുവിക്കരയിൽ സർക്കാരിന്റെ വിലയിരുത്തലും ഉണ്ടാകും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങൾ, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ബിജെപിയുടെ വർഗീയരാഷ്ട്രീയത്തോടുള്ള എതിർപ്പ് ഇവയും ജനം വിലയിരുത്തും ആന്റണി പറഞ്ഞു.

ബാർ കോഴക്കേസിൽ യുഡിഎഫിൽ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ല. ബാർകോഴക്കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് ധീരമായിരുന്നു. ബാർ കോഴക്കേസിൽ നിയമോപദേശത്തിനു ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ നിയമിച്ച അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയുമാണു സർക്കാർ സമീപിച്ചത്. കേസിൽ അറ്റോർണി ജനറലിന്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.