കൊല്ലം: മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന ആവശ്യം തള്ളി മന്ത്രി എ കെ ബാലൻ. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എ കെ ബാലൻ വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജലീലിനെ എൻഐഎ ചോദ്യംചെയ്യുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് നേരത്തെ വിളിച്ചു, അവർക്കാവശ്യമുള്ള കാര്യങ്ങൾ ചോദിച്ചു. അദ്ദേഹം മറുപടിയും പറഞ്ഞു. ആ പ്രശ്നം കഴിഞ്ഞു. ഇപ്പോൾ ദേശീയാന്വേഷണ ഏജൻസി വിളിപ്പിച്ചതും ഒരു നടപടിയുടെ ഭാഗമാണ്. അത് മുൻപത്തേതുപോലെതന്നെ അവസാനിക്കും.

ചോദ്യംചെയ്യലും സംശയങ്ങൾ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജൻസികളുടെ കടമയാണ്. ചോദ്യംചെയ്യലിന്റെയും അഭിപ്രായം തേടുന്നതിന്റെയും ഭാഗമായി അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കിൽ മാത്രമാണ് മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടാവുക. സാധാരണനിലയിൽ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാൻ നിർബന്ധിതരാകും.

ഒരു കേസുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ രാജിവെക്കാനാണെങ്കിൽ എല്ലാവരും രാജിവെക്കേണ്ടിവരും. അങ്ങനെയുള്ള സംഭവങ്ങൾ മുൻപെങ്ങുമുണ്ടായിട്ടില്ല. അങ്ങനെവന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ല. പ്രതിയായാൽ പോലും കോടതി വിധിക്കുന്നതുവരെ അദ്ദേഹം കുറ്റക്കാരനാകുന്നില്ല. എന്നാൽ അന്വേഷണത്തിനു ശേഷം പ്രതിയായാൽ മാത്രമേ ഇത്തരം ആവശ്യങ്ങൾക്ക് ഒരു പ്രസക്തിയുള്ളൂ എന്നും മന്ത്രി ബാലൻ പറഞ്ഞു.