- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചു; മലമ്പുഴയിലും പാലക്കാടും ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും ധാരണ; ആരോപണവുമായി മന്ത്രി എ കെ ബാലൻ; ശ്രീധരൻ മത്സരിക്കാനെത്തിയത് കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നെന്നും ആരോപണം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലാകെ യു.ഡി.എഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലൻ. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും കോൺഗ്രസും ബിജെപിയും അഡ്ജസ്റ്റ്മെന്റ് നടത്തി. അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടുമെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് വോട്ട് ബിജെപിക്ക് കൊടുത്താലും തിരിച്ചായാലും ജില്ലയിൽ എൽ.ഡി.എഫിന്റെ ഒൻപത് സീറ്റ് നിലനിർത്തുമെന്നും എ.കെ ബാലൻ പറഞ്ഞു. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരൻ വരുന്നതോടുകൂടി ബിജെപിക്ക് അനുകൂലമായിട്ടുള്ള നിലപാട് എടുക്കും. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ എൺപത്തിയെട്ടാമത്തെ വയസിൽ പാലക്കാട് മത്സരിക്കാൻ വരുന്നത്.
അത് കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നാണ്. പിന്നാലെയാണ് ഞാനാകും മുഖ്യമന്ത്രി അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയാകും മുഖ്യമന്ത്രിയെന്ന് ശ്രീധരൻ പറയാൻ നിർബന്ധിക്കപ്പെട്ടത്. സാധാരണ നിലയിൽ ഒരു കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. നേതാവ് പറയില്ലല്ലോ. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങൾ ജയിക്കാൻ വേണ്ടി ഇവർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും അഡ്ജസ്റ്റ്മെന്റ് നടത്തിയിരുന്നു. അത് വ്യക്തമാണെന്നും ബാലൻ ആരോപിച്ചു.
പാലക്കാട് വിജയിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ് മെട്രോമാൻ ഇ ശ്രീധരൻ. പാലക്കാട് ഓഫീസും എടുത്തതായി അദ്ദേഹം കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ് എ കെ ബാലൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതും. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ ശ്രീധരൻ അഭിപ്രായപ്പെട്ടത്. ഞാൻ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതൽ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോൾ 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാൽ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായി വിജയന്റെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ഇനി പാലക്കാട് തന്നെ ഉണ്ടാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു. വീടും എംഎൽഎ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
'എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകൾ വോട്ട് ചെയ്ത്. ബിജെപിയുടെ വളർച്ച ഞാൻ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയിൽ തുടരും. എന്നാൽ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാർട്ടിക്ക് അഡ്‌മിനിസ്ട്രേറ്റീവ് ഗൈഡൻസ് നൽകും. '- ശ്രീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ