തിരുവനന്തപുരം: പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിൽ അനിഷ്ടം പ്രകടിപ്പിച്ച് മന്ത്രി എകെ ബാലൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. കൈനോട്ടമാണെങ്കിൽ എന്റെ പേരു ഞാൻ തന്നെ നിർദ്ദേശിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ആർഎസ്എസ് ആചാര്യനായ പി പരമേശ്വരന് പത്മ കിട്ടിയതിനേക്കാൾ ആദിവാസി വകുപ്പ് കൂടെ കൈകാര്യം ചെയ്യുന്ന മന്ത്രിയെ പ്രകോപിപ്പിച്ചത് ആദിവാസ ചികിത്സക്ക് ലക്ഷ്മികുട്ടിക്ക് അംഗീകാരം ലഭിച്ചതാണ്. ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി കൂടിയാണ് എ കെ ബാലൻ എന്നതാണ് ഈ വിവാദത്തെ ചൂടുപിടിപ്പിക്കുന്നത്.

കൈനോട്ടമാണെങ്കിൽ എന്റെ പേരു ഞാൻ തന്നെ നിർദ്ദേശിക്കും. കഴിഞ്ഞ തവണ കളരിപ്പയറ്റ് പരിഗണിച്ചു. ഇക്കുറി ആദിവാസി ചികിത്സയായി. ഇനി മന്ത്രവാദമടക്കം വരുമായിരിക്കും എന്നാണ് ബാലൻ പറഞ്ഞത്. ആദിവാസി ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയ്ക്കു പത്മശ്രീ ലഭിച്ച സാഹചര്യത്തിൽ അവരുടെ പേരിൽ ചികിത്സാകേന്ദ്രവും മ്യൂസിയവും തുറക്കണമെന്ന കെ.എസ്.ശബരീനാഥന്റെ സബ്മിഷനുള്ള മറുപടിയിലാണ് ബാലൻ കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.

സാധാരണ പ്രാഞ്ചിയേട്ടന്മാർക്ക് സമ്മാനിക്കുന്ന പത്മശ്രീ പുരസ്‌ക്കാരം സാധാരണക്കാരായവർക്ക് ലഭിക്കാൻ തുടങ്ങിയത് മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ്. അതുകൊണ്ട് തന്നെ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് പത്മപുരസ്‌ക്കാരം ലഭിച്ചപ്പോൾ അതിനെ അഭിനന്ദിക്കുന്നതിന് പകരം അപമാനിക്കുകയാണെന്നും വിമർശനം ഉയർന്നു. പത്മ പുരസ്‌ക്കാരങ്ങൾ വ്യവസായികൾക്കും രാഷ്ടീയക്കാരുടെ ബിനാമികൾക്കും മാത്രമുള്ളതാണോ ? ആദിവാസി ചികിത്സാ രീതികൾ സംരക്ഷിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീക്കു പുരസ്‌ക്കാരം നല്കിയതാണോ ഈ വിപ്ലവകാരിയെ പ്രകോപിപ്പിച്ചത് ? സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നു കഴിഞ്ഞു.

അധികാരം ലഭിച്ചതോടെ എ കെ ബാലൻ സവർണനായെന്നാണ് മറ്റൊരു വിമർശനം. അല്ലെങ്കിൽ ദളിതനായ ബാലൻ എന്തിനാണ് ആദിവാസി സ്ത്രീയെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. സാംസ്കാരിക മന്ത്രിയായ എ കെ ബാലനാണ് പത്മപുരസ്‌ക്കാരത്തിന് കേന്ദ്രത്തിലേക്ക് കേരളത്തിൽ നിന്നും ലിസ്റ്റ് അയച്ചത്. എന്നാൽ, കേരളം നൽകിയ ലിസ്റ്റിലെ എല്ലാവരെയും തഴയുകയാണ് കേന്ദ്രം ചെയ്തത്. ഇതിലെ നീരസം കൂടിയാണ് ബാലൻ പ്രകടിപ്പിച്ചത്.

പത്മ പുരസ്‌കാരത്തിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടിക അതേപടി നിരസിച്ച കേന്ദ്ര നടപടി മാന്യമല്ലെന്നു നിയമസഭയിൽ മന്ത്രി എ.കെ.ബാലൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശം അദ്ദേഹം അംഗീകരിച്ചു.

ആർഎസ്എസ് ആചാര്യനായ പി.പരമേശ്വരനു ബഹുമതി നൽകിയതിനോടും വിയോജിപ്പില്ല. അദ്ദേഹത്തിനായി അപേക്ഷ നൽകിയതു മറ്റൊരു പരമേശ്വരനാണെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. അത് ആരെന്നറിയില്ല. രാഷ്ട്രീയം നോക്കിയുള്ള പട്ടികയല്ല സർക്കാർ സമർപ്പിച്ചത്. 42 പേരിൽ 41 പേരെയും തട്ടിക്കളഞ്ഞു. മാർ ക്രിസോസ്റ്റത്തിന്റെ പേരു മാത്രമാണ് അംഗീകരിച്ചതെന്നും സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു

എംടി, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഉന്നത പത്മ ബഹുമതികളിലേക്കു നിർദ്ദേശിച്ചതും കേന്ദ്രം തള്ളി. കേരളം ഉചിതമായ പട്ടിക സമർപ്പിക്കുമ്പോൾ അന്തസ്സുള്ള സമീപനം കേന്ദ്രത്തിൽനിന്ന് ഉണ്ടാകേണ്ടതായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയടക്കമുള്ള പാരമ്പര്യ ചികിത്സകരുടെ പട്ടിക കിർത്താഡ്സ് തയാറാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക പദ്ധതി എംഎൽഎ നൽകിയാൽ അതു പരിഗണിക്കാം മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.