പാലക്കാട്: തന്റെ ഭാര്യ ജമീല ബാലനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമെന്ന് മന്ത്രി എ കെ ബാലൻ. ജില്ലാ കമ്മിറ്റിയിൽ ഇത്തരമൊരു ചർച്ചയേ നടന്നിട്ടില്ല. പ്രാഥമിക ചർച്ചയിൽ പലരുടേയും പേരുകൾ വരാം. മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ കെ ബാലൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റിൽ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. വസ്തുതകൾക്ക് നിരക്കുന്ന വാർത്തകളല്ല പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകമാണ് നടന്നതെന്നും എ കെ ബാലൻ ആവർത്തിച്ചു.നാല് തവണ മത്സരിച്ച എ കെ ബാലൻ മാറുന്ന ഒഴിവിലേയ്ക്ക് ഭാര്യയെ പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. തരൂർ, കോങ്ങാട് മണ്ഡലങ്ങളിലേക്കായിരുന്നു ജമീലയെ പരിഗണിച്ചത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.

കെ.പി.ജമീല മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനമെടുക്കാതെ പറയാനാകില്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ എ.കെ.ബാലൻ പ്രതികരിച്ചിരുന്നു. പാർട്ടി തീരുമാനം എടുത്താൽ താൻ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലൻ നാലു ടേം പൂർത്തിയാക്കിയതോടെയാണ് തരൂരിൽ അദ്ദേഹത്തിന് പകരം പാർട്ടി പകരക്കാരെ തേടുന്നത്. മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2011 മുതലാണ് സംവരണ മണ്ഡലമായ തരൂരിൽ ബാലൻ മത്സരത്തിനിറങ്ങുന്നത്. 2016-ൽ കോൺഗ്രസിലെ സി.പ്രകാശിനെ 23068 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബാലൻ നാലാം തവണയും നിയമസഭയുടെ പടി കയറിയത്. ഇക്കുറി ബാലൻ മത്സര രംഗത്തു നിന്നും മാറി നിൽക്കാനാണ് ഒരുങ്ങുന്നത്.

വി എസ്. ഒഴിയുന്ന മലമ്പുഴയിൽ സി.കെ.രാജേന്ദ്രനോ വി.എസിന്റെ വിശ്വസ്തനായ എ.പ്രഭാകരനോ മൽസരിക്കുമെന്നാണ് പുറത്തുവന്ന വിവരം. ഷൊർണൂരിൽ പി.കെ.ശശിയും ഒറ്റപ്പാലത്ത് പി.ഉണ്ണിയും വീണ്ടും മൽസരിക്കും. എം.ബി.രാജേഷിന് തൃത്താല നൽകിയേക്കും. ഡിവൈഎഫ്‌ഐ നേതാവ് പി.രാജേഷിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. കോങ്ങാട് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി.പി.സുമോദിനാണ് സാധ്യത.