തിരുവനന്തപുരം: എൻസിപി എംഎൽഎ എ കെ ശശീന്ദ്രൻ നാളെ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് പ്രവേശിക്കുകയാണ്. അന്ന് പെൺകെണിയിൽ വീണ് ഇക്കിളി വർത്തമാനം പറഞ്ഞ ആൾ ശശീന്ദ്രനാണെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വീണ്ടും മന്ത്രിക്കസേരയിലേക്ക് നീങ്ങുന്നത്. എന്നാൽ പെൺകുട്ടിയോട് ഇക്കിളി വർത്തമാനം പറഞ്ഞത് താനല്ലെന്ന് ശശീന്ദ്രൻ പോലും പറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ഈ കാര്യത്തിൽ മന്ത്രിയുടെ ശബ്ദത്തിന്റെ പേരിൽ ഒരു അന്വേഷണം പോലും യഥാർത്ഥത്തിൽ നടന്നിട്ടില്ല. നാല് മാധ്യമപ്രവർത്തകർ ഇതിന്റെ പേരിൽ ജയിലിൽ കിടന്നു എന്നത് മാത്രമാണ് ഇതിന്റെ ബാക്കിപത്രം. ശശീന്ദ്രൻ മന്ത്രസ്ഥാനത്തേക്ക് വരുമ്പോൾ തന്നെ മാധ്യമപ്രവർത്തകർ കോടതി കയറേണ്ട അവസ്ഥയിലാണുള്ളത്. ഇത് തികച്ചും ലജ്ജാകരവും നിരാശാ ജനകവുമാണ്.

ശശീന്ദ്രന്റെ രാജി രാഷ്ട്രീയത്തിലെ ധാർമ്മികത മുൻനിർത്തിക്കൊണ്ടുള്ള തീരുമാനമായിരുന്നു. ആ രാജിയിലേക്ക് നയിച്ചത് മന്ത്രിയായി വ്യക്തി അധാർമ്മികമായി സംസാരിച്ചു എന്ന സദാചാര പ്രശ്‌നമായിരുന്നു. ആ സംഭാഷണം സ്ത്രീയുടെ സമ്മതമില്ലാതെയാണോ അല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. ശശീന്ദ്രന്റെ ശബ്ദമല്ല അതെങ്കിൽ അദ്ദേഹം രാജിവെക്കേണ്ട് ആവശ്യം പോലും ഉണ്ടായിരുന്നില്ല.

ശശീന്ദ്രനാണ് തന്നെ വിളിച്ചതെന്ന് ഉറപ്പില്ലെന്നാണ് പരാതിക്കാരി നൽകിയ മൊഴി. ഇങ്ങനെ പറയുമ്പോൾ വെട്ടിലാകുന്നത് ചാനലിലെ ജീവനക്കാരാണ്. ശശീന്ദ്രനാണ് ഫോണിലെ സംഭാഷണത്തിലുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസിൽ പെട്ട ജീവനക്കാർ ഉറപ്പിച്ചു പറയുന്നത്. അങ്ങനെ അല്ലാതിരിക്കുമ്പോൾ വ്യാജവാർത്തയുണ്ടാക്കി എന്ന നിലയിൽ വെട്ടിലാകും മംഗളം ചാനൽ ജീവനക്കാർ. ഈ സാഹചര്യം ഒഴിവാക്കാൻ തങ്ങൾക്കറിയാകുന്ന കാര്യങ്ങൾ തുറന്നു പറയണമെന്നാണ് ജീവനകാരുടെ പക്ഷം. ആ വാർത്ത വ്യാജമാണെങ്കിൽ മംഗളം വെട്ടിലാകും.