- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രൻ.ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
രക്തസാക്ഷികളുടെ ജീവത്യാഗം മഹത്തരവും ധീരവും മാതൃകാപരവുമാണെന്ന് മന്ത്രി അനുസ്മരിച്ചു. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുടെ ജീവസുരക്ഷയാണ് സർക്കാരിന്റെ പ്രഥമ പരിഗണന. താൽക്കാലിക ജീവനക്കാരുടെതുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വനപാലകർ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന വനംമേധാവി പി കെ കേശവൻ പറഞ്ഞു. ലോകത്താകെ നടക്കുന്ന വനപാലകരുടെ ജീവത്യാഗങ്ങളിൽ 33 ശതമാനവും ഇന്ത്യയിലാണ്.കേരളത്തിൽ കഴിഞ്ഞ വർഷം ഏഴു വനപാലകർക്ക് ജീവഹാനി സംഭവിച്ചു. ഈ വർഷം ഇതിനോടകം ഒരാൾ മരണപ്പെടുകയും 13 അപകടങ്ങളുണ്ടാകുകയും ചെയ്തു. ഇതിൽ പതിനൊന്നും വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനിടയിൽ സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പി സി സി എഫുമാരായ ഡി ജയപ്രസാദ്, എ പി സി സി എഫുമാരായ രാജേഷ് രവീന്ദ്രൻ, ഡോ പി പുകഴേന്തി, സി സി എഫ് ഡി കെ വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.