- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിയിലെ താരമായി ക്യാപ്റ്റനായ മന്ത്രി എ കെ ശശീന്ദ്രൻ; മന്ത്രി അഹമ്മദ് ദേവർകോവിലും എം എൽ എമാരുമെല്ലാം ആവേശത്തോടെ പോരാടിയിട്ടും ജയം മാധ്യമപ്രവർത്തകർക്ക്; മന്ത്രിസഭാ വാർഷികാഘോഷത്തിൽ ആവേശമായി സൗഹൃദ ഫുട്‌ബോൾ മത്സരം
കോഴിക്കോട്: മന്ത്രിമാരായ എ കെ ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും എം എൽ എമാരായ തോട്ടത്തിൽ രവീന്ദ്രനും പി ടി എ റഹീമും കെ എം സച്ചിൻ ദേവുമെല്ലാം ആവേശത്തോടെ പോരാടിയെങ്കിലും മാധ്യമപ്പടയെ മുട്ടുകുത്തിക്കാനായില്ല. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മാധ്യമ പ്രവർത്തകരുടെ ടീമിന്റെ വിജയം. മാധ്യമപ്രവർത്തകർ വിജയിച്ചെങ്കിലും കളിക്കളത്തിൽ നിറഞ്ഞ് കളിച്ച മന്ത്രി എ കെ ശശീന്ദ്രൻ തന്നെയായിരുന്നു കളിയിലെ താരം. പ്രായം മറന്ന് മറ്റു ജനപ്രതിനിധികളും ഉജ്ജ്വല മുന്നേറ്റം കാഴ്ച വെച്ചു. എന്നാൽ മാധ്യമ പ്രവർത്തകരുടെ കളി മികവിനെ തോൽപ്പിക്കാൻ ആ പോരാട്ട വീര്യത്തിന് കഴിഞ്ഞില്ല.
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്‌ബോൾ മത്സരമാണ് കാണികൾക്ക് ആവേശം പകർന്നത്. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന - വിപണ മേളയുടെ പ്രചരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടന്ന സൗഹൃദ ഫുട്‌ബോൾ മത്സരം മന്ത്രി എ കെ ശശീന്ദ്രൻ കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തിനാണ് കാരപ്പറമ്പിലെ ടർഫ് സാക്ഷ്യം വഹിച്ചത്.
മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി രാഹുൽ രണ്ട് ഗോളും ദിപിൻ, നിസാർ, സുധിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. സച്ചിൻ ദേവ് എം എൽ എ, വസീഫ് എന്നിവർ ജനപ്രതിനിധികളുടെ ടീമിന് വേണ്ടി ഗോൾ നേടി. മന്ത്രി എ കെ ശശീന്ദ്രൻ ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം എൽ എമാരായ പി ടി എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻ ദേവ്, കൗൺസിലർമാരായ സി എം ജംഷീർ, വരുൺ ഭാസ്‌കർ, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, ആർ ഷാജി, വി വസീഫ്, എ കെ അബ്ദുൾ ഹക്കീം തുടങ്ങിയവരാണ് കളിച്ചത്.
കമാൽ വരദൂർ ( ചന്ദ്രിക ) ക്യാപ്റ്റനായ ടീമിൽ മാധ്യമപ്രവർത്തകർക്കായി സുധിൻ ടി കെ (ജനയുഗം), അരുൺ എ ആർ സി (കേരള കൗമുദി), രാഹുൽ കെ വി (മാതൃഭൂമി), ദിപിൻ വി (മീഡിയ വൺ ), വിപുൽനാഥ് (ഇ ന്യൂസ് ), നിസാർ കൂമണ്ണ (സുപ്രഭാതം), അബു ഹാഷിം (മനോരമ), ബൈജു കൊടുവള്ളി, എം ടി വിധു രാജ് ( മലയാള മനോരമ), സോനു (സമയം ), ഫിറോസ് ഖാൻ (മാധ്യമം), എന്നിവർ കളത്തിലിറങ്ങി. കാനത്തിൽ ജമീല എം എൽ എ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ തുടങ്ങിയവർ സന്നിഹിതരായി. ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികം ജനങ്ങളുടെ ഉത്സവമായി മാറുന്ന കാഴ്ചയാണിതെന്ന് മത്സരശേഷം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സന്തോഷപ്രദമായ അനുഭവമാണിതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.