- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണി സി കാപ്പൻ യുഡിഎഫിൽ കണ്ണുവെക്കുമ്പോൾ ഒറ്റക്കായ എ കെ ശശീന്ദ്രൻ എൻസിപി വിട്ട് കോൺഗ്രസ് എസിലേക്കെന്ന് വാർത്ത; അഭ്യൂഹങ്ങൾ മാധ്യമ സൃഷ്ടിയെന്നും എൽഡിഎഫിൽ തന്നെ തുടരുമെന്നും ശശീന്ദ്രൻ; എൻസിപി നാൽപത് വർഷമായി എൽഡിഎഫിന്റെ കൂടെതന്നെയെന്നും മന്ത്രി
കോഴിക്കോട്: എൻസിപിയിൽ നിന്ന് മാറാൻ ഒരുങ്ങുന്ന മന്ത്രി എ കെ ശശീന്ദ്രൻ കോൺഗ്രസ് എസിലേക്ക് നീങ്ങുന്നതായി വാർത്തകൾ. മന്ത്രിസഭയിലെ സഹപ്രവർത്തകൻ കൂടിയായ കടന്നപ്പള്ളിയുമായി ശശീന്ദ്രൻ ആശയവിനിമയം നടത്തിയെന്ന വാർത്ത പുറത്തുവിട്ടത് മനോരമ ന്യൂസാണ്. എലത്തൂർ സിപിഎമ്മിന് വിട്ടുനൽകി കണ്ണൂരിലേക്ക് ശശീന്ദ്രൻ മാറാനുള്ള അണിയറ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതാണ് വാർത്തകൾ.
മാണി സി കാപ്പനും ടി.പി.പീതാംബരനും ഉൾപ്പടെ എൻസിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ആർഎസ്പി പിളർന്നപ്പോൾ കോവൂർ കുഞ്ഞുമോനെ ഒപ്പം നിർത്തിയതുപോലെ എ.കെ.ശശീന്ദ്രനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ സിപിഎം തുടങ്ങിക്കഴിഞ്ഞു. സിറ്റിങ് സീറ്റായ എലത്തൂരിൽ മൽസരിക്കണമെന്ന് ആവശ്യമാണ് ശശീന്ദ്രൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
എന്നാൽ ശക്തികേന്ദ്രമായ എലത്തൂർ തിരിച്ചെടുക്കണമെന്ന വികാരം സിപിഎമ്മിൽ ശക്തമാണ്. ഇതിനെ തുടർന്ന് സിപിഎം ഇടപെട്ടാണ് ശശീന്ദ്രന് കോൺഗ്രസ് എസുമായി ആശയവിനിമയത്തിന് വഴിയൊരുക്കിയത്. കടന്നപ്പള്ളി ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും കണ്ണൂരിലേക്ക് ശശീന്ദ്രന് മാറാമെന്നുമാണ് സിപിഎമ്മിന്റെ വാഗ്ദാനം. ഇതിനനുസരിച്ചാണ് കടന്നപ്പള്ളിയുമായി ശശീന്ദ്രൻ ആശയവിനിമയം നടത്തിയത്. ശശീന്ദ്രൻ പാർട്ടിയിലേക്ക് വരുന്നതിനെ കടന്നപ്പള്ളി സ്വാഗതം ചെയ്തതായാണ് വിവരം.
എലത്തൂരിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവിനെ മൽസരിപ്പിക്കാനാണ് സിപിഎം നീക്കം. ഇതിനോട് ശശീന്ദ്രന് എതിർക്കാനാവില്ലെന്ന് സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇടതുമുന്നണിയിൽ തുടരാനാവില്ലെന്ന് മാണി സി കാപ്പനും ടി.പി.പീതാംബരനും എൻസിപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ശശീന്ദ്രന് അനുകൂലമായ വികാരമാണ് പ്രകടമായത്. എന്നാൽ ഇത് എൻസിപി സംസ്ഥാന നേതൃത്വം തള്ളിയതായാണ് സൂചന.
അതേസമയം എൻ.സി.പി എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി എ. കെ ശശീന്ദ്രനും രംഗത്തെത്തി. എൽ.ഡി.എഫ് വിടുമെന്ന വാർത്തകൾ വെറു അഭ്യൂഹങ്ങൾ മാത്രമാണെന്നും സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും പാലാ എംഎൽഎ മാണി സി കാപ്പനും എൽ.ഡി.എഫ് വിടില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയാകുമ്പോൾ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ സീറ്റുകൾ ചോദിക്കും. ആ സീറ്റുകൾ ചോദിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചോ പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല.
ഇത്തരം വാർത്തകൾ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എസിൽ ചേരും എന്ന് പറയുന്നത് ഭാവനാ സൃഷ്ടിയാണെന്നും ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി ഇതുവരെ മത്സരിച്ച സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന കാര്യമാണ് ആവശ്യപ്പെടുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
എൻ.സി.പി കഴിഞ്ഞ പത്ത് നാൽപത് വർഷമായി എൽ.ഡി.എഫിന്റെ കൂടെതന്നെയാണ്. മുന്നണി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു പുനരാലോചന ഒരു ഘട്ടത്തിലും എടുത്തിട്ടില്ല. അടുത്ത ദിവസങ്ങളായി ഏഷ്യാനെറ്റും മനോരമയും അവരുടെതായ വാർത്തകൾ സ്വയം സൃഷ്ടിച്ച് പ്രസിദ്ധീകരിക്കുകയാണ്. പാലാ സീറ്റിനെ സംബന്ധിച്ചും മാണി സി. കാപ്പനെ സംബന്ധിച്ചും നൽകുന്ന വാർത്തകൾ അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് ദേശീയ പാർട്ടികളെ സംബന്ധിച്ചിടത്തോളവും അന്തിമ തീരുമാനം അഖിലേന്ത്യാ കമ്മിറ്റിയുടേതാണ്. ആ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കുക. അതിൽ ടി.പി പീതാംബരൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ പാർട്ടി എവിടെയാണ് പറയുന്നതോ അവിടെ മത്സരിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു. ഇനി മത്സരിക്കണ്ടെന്നാണ് പറയുന്നതെങ്കിൽ മാറിനിൽക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ജോസ് കെ. മാണിയെ മുന്നണിയിൽ എടുത്തതിൽ എന്തു ചെയ്യണമെന്ന് എൻ.സി.പിയാണോ തീരുമാനിക്കേണ്ടത്? അത് കൂട്ടായെടുക്കേണ്ട തീരുമാനമാണ്. എൻ.സി.പിക്കവകാശപ്പെട്ട സീറ്റുകളിലാണ് എൻ.സി.പി മുന്നണിയോട് അവകാശപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.