- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാപ്പൻ കാണിച്ചത് ആയിരക്കണക്കിന് ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകരോടുള്ള അനീതി; സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് പൊതു സമൂഹത്തോട് വിശദീകരിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രൻ; മാണി സി കാപ്പന്റെ നിലപാട് പാർട്ടിയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണെന്നും എൻസിപി നേതാവ്
കോഴിക്കോട്: യുഡിഎഫിൽ ചേരാനുള്ള മാണി സി കാപ്പന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. മാണി സി കാപ്പന്റെ നിലപാട് പാർട്ടിയിലുള്ളവരെ അദ്ഭുതപ്പെടുത്തുന്നതാണെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനം കാപ്പനെ എംഎൽഎയാക്കാൻ അഹോരാത്രം പാടുപെട്ട ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആയിരക്കണക്കിന് പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി പറഞ്ഞു.
എൻസിപി എൽഡിഎഫ് വിടുന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കാനിരിക്കുന്നതായി മാണി സി.കാപ്പൻ തന്നെ പറയുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. അതേ സമയം മറ്റൊരു മുന്നണിയിൽ ചേരുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് മാണി സി.കാപ്പൻ തന്നെ പൊതു സമൂഹത്തോട് വിശദീകരിക്കണമെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും താൻ യുഡിഎഫിലേക്ക് പോകുമെന്നുള്ള മാണി സി.കാപ്പന്റെ പ്രഖ്യാപനത്തിൽ നിന്ന് യുഡിഎഫുമായി നേരത്തേ തന്നെ കരാർ ഉണ്ടാക്കിയതായി മനസിലാക്കാമെന്നും ഒരു മുന്നണിയിൽ നിൽക്കെ മറ്റൊരു മുന്നണിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നത് തികച്ചും അധാർമികമായ പ്രവൃത്തിയാണെന്നും ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി.
ഇടതു മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച മാണി സി കാപ്പൻ, ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും പ്രഖ്യാപിച്ചു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽ.ഡി.എഫിൽ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഉറപ്പായും പങ്കെടുക്കും. പാലായിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി, യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പൻ നെടുമ്പാശ്ശേരിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു. നാളെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, എലത്തൂർ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കിൽ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരൻ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നും കാപ്പൻ മറുപടി നൽകി.
മുന്നണി മാറ്റ വിഷയത്തിൽ ഇന്നേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കാപ്പൻ പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാൽ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും കാപ്പൻ പറഞ്ഞു. ഇന്നു വൈകുന്നേരം പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായിൽ ജനങ്ങൾ പിന്തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എൽ.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയതെന്നും കാപ്പൻ പറഞ്ഞു.
അതേസമയം മാണി സി കാപ്പനല്ല എൻസിപിക്കാണ് പ്രധാന്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചു. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നു. എൻഡിഎഫിന്റെ ജാഥ തുടർഭരണത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റയാത്രയ്ക്ക് മുന്നോടിയായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥ കേരളത്തെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ ചരിത്ര മുഹൂർത്തത്തിലാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ ഏറ്റവും മാതൃകാപരമായ ഭരണം അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളീയ സമൂഹം ഇടതുപക്ഷ തുടർഭരണത്തിനുള്ള പിന്തുണ നൽകും. മാണി സി കാപ്പനല്ല വലുത് പാർട്ടി എന്ന നിലയിൽ എൻസിപിയാണെന്നും കാപ്പനെ തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി വിജയരാഘവൻ വ്യക്തമാക്കി. എൻ.സി.പി എന്തെങ്കിലും ഒരു പ്രയാസകരമായ നിലപാടൊ അഭിപ്രായമോ ഇടതുമുന്നണിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ