തിരുവനന്തപുരം: ഫോൺകെണി വിവാദം ആറിത്തണുത്തതോടെ എൻസിപിയിലെ സി കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന കാര്യം ഉറപ്പായി. രണ്ട് ദിവസത്തിനകം തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ഇന്ന് കോട്ടയം കേന്ദ്രീകരിച്ച് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്താൻ അവസരം ഒരുങ്ങിയത്. എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകണം എന്നാവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം എൽഡിഎഫ് കൺവീനർക്ക് കത്തു നൽകും.

ഇത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാനായി എൻസിപി സംസ്ഥാന നേതാക്കൾ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനുമായി കൂടിക്കാഴ്‌ച്ച നടത്തി. മുഖ്യമന്ത്രിക്കും ഉടൻ തന്നെ കത്തു നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, എ.കെ.ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതും വിഷയത്തിൽ എൻസിപിക്ക് എതിർപ്പില്ലാത്തതും ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം ഉറപ്പായിരിക്കുകയാണ്.
ഫോൺകെണി വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസഭാ പ്രവേശനത്തിനുള്ള വഴി തുറന്നിരിക്കുന്നു.

ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ കൊടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ ചഇജ നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയ ജസ്റ്റിസ് പി.എസ്.ആന്റണി റിപ്പോർട്ടിലെ വിശദാംശങ്ങൾ ചഇജ സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും പച്ചക്കൊടി കാട്ടി. കൂടാതെ സിപിഐക്കും ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകുന്നതിൽ എതിർപ്പില്ല.

ഇതിനിടെ എ.കെ.ശശീന്ദ്രൻ രാവിലെ മന്ത്രി എ.കെ.ബാലനുമായി തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂമി വിഷയത്തിൽ തോമസ് ചാണ്ടിയും രാജിവച്ചതോടെ നഷ്ടമായ മന്ത്രിസ്ഥാനമാണ് എ.കെ.ശശീന്ദ്രൻ ആദ്യം കുറ്റവിമുക്തനായതിനെ തുടർന്ന് എൻസിപിക്ക് വീണ്ടും കൈവന്നിരിക്കുന്നത്. അതേസമയം എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃ പ്രവേശനം സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ വ്യക്തമാക്കി.

ശശീന്ദ്രന്റെ കാര്യത്തിൽ ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കാൻ സാധിക്കില്ല. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. എൽഡിഎഫ് യോഗമോ ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയമോ നടത്തിയാകാം തീരുമാനം. എൽഡിഎഫ് യോഗം ചേരുമോ എന്നുള്ളത് ഇപ്പോൾ പറയാനാകില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു.

ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിൽ ധാർമികതയുടെ പ്രശ്‌നമാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും ഉയർത്തുന്നത്. ധാർമികത എന്ന വാക്ക് പറയാൻ കോൺഗ്രസിന് യാതൊരു അർഹതയുമില്ല. സോളാർ കമ്മീഷൻ റിപ്പോർട്ടും അതിന്മേലുള്ള ചർച്ചകളും കോൺഗ്രസിന് മുഖത്തേറ്റ അടിയാണ്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള പൂഴിക്കടകൻ തന്ത്രം ഒക്കെയാണ് കോൺഗ്രസ് പയറ്റുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും വൈക്കം വിശ്വൻ പറഞ്ഞു.

എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇടതുപക്ഷം എക്കാലവും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ജനങ്ങളോട് എന്ത് മറുപടി ഇവർ പറയുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. അല്ലാതെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. ചാനൽ അടച്ചു പൂട്ടണമെന്ന് പറയുമ്പോൾ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രൻ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തോട് യോജിപ്പില്ല. ഈ സർക്കാർ വന്ന ശേഷം മാധ്യമങ്ങൾക്ക് നേരെ തുടരുന്ന വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മാധ്യമ പ്രവർത്തകരെ അപമാനിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കം അംഗീകരിക്കാനാവില്ല. സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവർത്തകർ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിർദേശ പ്രകാരമാണ് മാധ്യമപ്രവർത്തകരെ പുറത്താക്കിയതെന്നും അറിയേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.