കോഴിക്കോട്: ലൈംഗിക ഫോൺ സംഭാഷണം വിവാദത്തിൽ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ട് രാജി സന്നദ്ധതയും മന്ത്രി അറിയിച്ചു. എല്ലാം തന്റെ വീഴ്ചയാണെന്ന തരത്തിൽ മന്ത്രി കുറ്റസമ്മതം നടത്തികഴിഞ്ഞുവെന്നാണ് സൂചന. എന്നാൽ എല്ലാ വശവും പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് ശശീന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചത്. ഡിജിപി അടക്കമുള്ളവരുമായി സംസാരിച്ച് മംഗളം വാർത്തയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ഉറപ്പിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനയും പരിശോധിക്കാനാണ് തീരുമാനം. പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രൻ ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എൻ സി പിയുടെ സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയുമായും ശശീന്ദ്രൻ സംസാരിച്ചു കഴിഞ്ഞു. കോഴിക്കോട്ടുള്ള മന്ത്രി എല്ലാ പൊതു പരിപാടികളും റദ്ദാക്കി. ഗസ്റ്റ് ഹൗസിലാണ് ഉള്ളച്. മന്ത്രി എ.കെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണമുന്നയിക്കുന്ന ഓഡിയോയുമായി മംഗളം ടി.വി. പരാതി പറയാനെത്തിയ സ്ത്രീയെ മന്ത്രി ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് മംഗളത്തിന്റെ ആരോപണം. മന്ത്രി ശശീന്ദ്രൻ സ്ത്രീയോട് സംസാരിക്കുന്നതെന്നു പറഞ്ഞ് ഒരു ഓഡിയോയും മംഗളം പുറത്തുവിട്ടിട്ടുണ്ട്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. തനിക്കു വഴങ്ങിയാൽ തന്റെ അധികാരത്തിനപ്പുറമുള്ള സഹായങ്ങളും ചെയ്തുതരാമെന്നാണ് മന്ത്രി യുവതിക്കു ഉറപ്പുനൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെയാണ് മന്ത്രി ഫോണിലൂടെ നടത്തിയിരിക്കുന്നതെന്നാണ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്തമാകുന്നത്. ഇത് പുറത്ത് വിട്ട ചാനൽ ഇനിയും ക്ലിപ്പുകളുണ്ടെന്നും കൂടുതൽ തെളിവുകളുണ്ടെന്നും പറഞ്ഞു. എൻ സി പി ദേശീയ പ്രവർത്തക സമിതിയംഗമാണ് എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലം എം എൽ എ ആയ ഇദ്ദേഹം ഇതിനു മുമ്പ് 2011 ലും എലത്തൂരിൽ നിന്ന് ജയിച്ചിട്ടുണ്ട്. കേരളത്തിലെ മാന്യമായ രാഷ്ട്രീയ പരിവേഷമുള്ള നേതാവാണ് ശശീന്ദ്രൻ. ഈ സാഹചര്യത്തിലാണ് ആരോപണത്തിലെ മറ്റ് ചർച്ചകളിലേക്ക് കടക്കാതെ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ശശീന്ദ്രൻ തയ്യാറായിരിക്കുന്നത്. സി.പി.എം സംസ്ഥാന സമിതി ചേരുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചത്.

ഗതാഗത മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ പ്രതിരോധത്തിലായത് എൽഡിഎഫ് സർക്കാരും എൻസിപിയുമാണ്. അതേസമയം, സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കിയ വാർത്തയുടെ ഞെട്ടലിലാണ് ഇടതുമുന്നണി. ആകെ രണ്ടു എംഎൽഎമാരുള്ള എൻസിപിയുടെ ഏകമന്ത്രിയാണ് എകെ ശശീന്ദ്രൻ. രണ്ട് എംഎൽഎമാരുള്ള എൻസിപിക്ക് ഒരു മന്ത്രി സ്ഥാനമാണ് ലഭിച്ചത്. എന്നാൽ എകെ ശശീന്ദ്രനെ മന്ത്രിയായി തിരഞ്ഞെടുത്തത്തിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർപ്പുയർന്നിരുന്നു. പാർട്ടിയുടെ മന്ത്രിക്കെതിരെ ഉയർന്ന ആരോപണത്തിന്റെ ഞെട്ടലിലാണ് എൻസിപി സംസ്ഥാന ഘടകം. മന്ത്രിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പ്രതികരിച്ചത്.

ഇടത് മന്ത്രിസഭ അധികാരമേറ്റ് ആറാം മാസം തികയും മുമ്പേ ഒരു മന്ത്രി അഴിമതിക്കേസിൽപ്പെട്ട് പുറത്ത് പോകേണ്ടതായി വന്നു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പി ജയരാജനെന്ന സി.പി.എം മന്ത്രിയുടെ കസേര തെറിപ്പിച്ചത്. ഇതിന് പിന്നാലെ പിണറായി സർക്കാരിലെ രണ്ടാമത്തെ മന്ത്രിയും പ്രതിസന്ധിയിലാക്കുന്നത്. കോൺഗ്രസ്സ് സർക്കാരുകളെ ലൈംഗികാരോപണങ്ങൾ വേട്ടയാടുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഇതാദ്യമായാണ് ഒരു ഇടത് മന്ത്രിയുടെ പേരിൽ ഇത്തരമൊരു ആരോപണം ഉയരുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പുറത്ത് വന്ന പീഡനക്കേസുകൾക്ക് കയ്യും കണക്കുമില്ല.

പ്രശസ്ത നടി മുതൽ പിഞ്ചുകുട്ടികൾ വരെ ഉള്ളവർ പീഡിപ്പിക്കപ്പെടുന്നതായി വാർത്തകൾ പ്രവഹിക്കുകയാണ്. ഇതിനിടെയാണ് മന്ത്രിയും വിവാദത്തിലാകുന്നത്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ സംരക്ഷിക്കാൻ പിണറായിയ്‌ക്കോ ഇടതു പക്ഷത്തിനോ കഴിയുകയില്ല.

(ചുവടെ കൊടുത്തിരിക്കുന്ന ഓഡിയോ പൂർണ്ണമായും അശ്ലീള സംഭാഷണമായതിനാൽ സ്ത്രീകളും കുട്ടികളും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക)