തിരുവനന്തപുരം: മംഗളം ചാനൽ ഒരുക്കിയ തേൻകെണിയിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കിയതായിരുന്നു ശശീന്ദ്രന്റെ രാജി. ഇതേത്തുടർന്ന് മന്ത്രിയായ തോമസ് ചാണ്ടിക്കാകട്ടെ കായൽ കയ്യേറ്റ വിഷയത്തിൽ കുടുങ്ങി രാജിവയ്‌ക്കേണ്ടി വന്നതോടെ എൻസിപിക്ക് മന്ത്രി ഇല്ലാതായി. ഇതിന് പിന്നാലെയാണ് എൻസിപിക്ക് മന്ത്രിയില്ലാത്ത സ്ഥിതി വന്നത്. 

കേരള കോൺ്ഗ്രസ്സിനെ എൻസിപിയിൽ ലയിപ്പിച്ച് കെ വി ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമാന രീതിയിൽ ആർഎസ്‌പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോനെ സമാന രീതിയിൽ പാർട്ടിയിലെടുത്ത് മന്ത്രിയാക്കാനും എൻ സി പിയിൽ നീക്കം നടന്നു. എന്നാൽ ആ നീക്കങ്ങളെല്ലാം പാളി. ശശീന്ദ്രന് എതിരെ തെളിവുകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു എന്നാണ് ഇന്ന് സിജെ എം കോടതി വിധിച്ചിട്ടുള്ളത്. അതോടൊപ്പം പരാതിക്കാരി ശശീന്ദ്രനാണോ തന്നെ ഫോണിൽ വിളിച്ചത് എന്ന് സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതും പരിഗണിച്ചാണ് കോടതി വിധി.

ഇതോടെയാണ് ഇന്ന് എ കെ ശശീന്ദ്രന് കോടതിയിൽ നിന്ന് ക്‌ളീൻ ചിറ്റ് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഹർജിയും കോടതിയിൽ എത്തി. കൂടുതൽ വാദം കേൾക്കണമെന്ന നിലയിൽ ഒരു ഹർജി ഇന്ന് കോടതിയിലെത്തിയെങ്കിലും അതിൽ പൊതുതാൽപര്യം പരിഗണിക്കാതെ കോടതി കേസിൽ തീർപ്പുകൽപിക്കുകയുമായിരുന്നു. ശശീന്ദ്രനെതിരെ പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി നൽകാതിരുന്നത് എന്നായിരുന്നു വാദം. പക്ഷേ, കോടതി അതിലും തീർപ്പുകൽപിച്ച ശേഷം ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്ന വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെയാണ് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമെന്ന നിലയിൽ ഇന്ന് വന്ന ഹർജിയെ കണ്ടശേഷം കോടതി വിധി ഉണ്ടായത്.

എ കെ ശശീന്ദ്രന്റെ പെൺകെണി വിവാദത്തിലെ കുറ്റവിമുക്ത റിപ്പോർട്ട് ജ്യുഡീഷ്യൽ കമ്മീഷൻ നേരത്തേ പുറത്തുവിട്ടതോടെ തന്നെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരാൻ തടസ്സമൊന്നുമില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ പെൺകെണി വിവാദത്തിൽ കുടുങ്ങിയ പെൺകുട്ടിയുടെ ഭാഗം കോടതിയിൽ എത്തുകയും ഇതിൽ പുറത്തുതന്നെ ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ ശശീന്ദ്രൻ തന്റെ ശബ്ദമല്ല തേൻകെണി വിവാദത്തിൽ ഉയർന്നത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും അതിനാൽ വിഷയത്തിൽ ധാർമ്മികതയുടെ പ്രശ്‌നമുണ്ടെന്നുമുള്ള വാദവും ഉയരുന്നു. പരാതിക്കാരി പരാതി പിൻവലിക്കുന്ന സ്ഥിതി എത്തിയതുകൊണ്ടുമാത്രം നിയമപ്രകാരം ശശീന്ദ്രൻ രക്ഷപ്പെട്ടതാണെന്നും അതിനാൽ അദ്ദേഹത്തെ പോലെ ഒരു മന്ത്രി വീണ്ടും കേരളത്തിന് വേണോ എന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്.

എൻസിപി ശശീന്ദ്രനെ തന്നെ മന്ത്രിയാക്കാനുള്ള നീക്കത്തിലാണെന്നാണ് പുതിയ വിവരം. എന്നാൽ ഹണി ട്രാപ്പിലെ ശശീന്ദ്രന്റെ ചക്കരേ വിളി കേരളം കേട്ടതാണ്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയാണ് ശശീന്ദ്രൻ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ രാത്രിയിലെ ഫോൺ വിളി അതുപോലെ നിൽക്കുന്നു. ചാനൽ മന്ത്രിയായിരുന്ന ശശീന്ദ്രനെ കുടുക്കിയതാണ്. എന്നാൽ ഉയർന്ന ധാർമിക മൂല്യമുള്ള രാഷ്ട്രീയക്കാർ ഇങ്ങനെ വീഴാമോ? പാടില്ലെന്ന നിലപാട് എൻസിപിയിലെ ഒരു വിഭാഗം പറയുന്നുണ്ട്. അതേസമയം കോടതി വിധി അനുകൂലമായതിനാൽ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന വാദവും പാർട്ടിയിൽ ശക്തമാണ്.

എന്നാൽ എൻസിപിക്ക് മന്ത്രിസ്ഥാനം കൂടിയേ തീരൂ. ശരത് പവാറിന്റെ പാർട്ടിക്ക് ഇന്ത്യയിലുള്ള ഏക മന്ത്രിപദമാണ് ഇന്ന് കേരളത്തിലേത്. അത് കൈവിടാൻ പവാർ തയ്യാറുമല്ല. നേരത്തെ ഉഴവൂർ വിജയനൊപ്പമായിരുന്നു ശശീന്ദ്രൻ. ശശീന്ദ്രനെ പുറത്താക്കാൻ ചരട് വലിച്ചത് തോമസ് ചാണ്ടിയാണെന്നും ആക്ഷേപം ഉണ്ടായി. ഇത് ഉഴവൂർ അംഗീകരിച്ചു കൊടുത്തില്ല. ഇതിനിടെയാണ് ഫോൺ കെണി വിവാദം ഉണ്ടായത് മന്ത്രിസ്ഥാനം തെറിച്ചതും. പ്രതീക്ഷിച്ച പോലെ തോമസ് ചാണ്ടി മന്ത്രിയായി. കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി പുറത്തായി. ഇപ്പോൾ ശശീന്ദ്രനെ എങ്ങനേയും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടി ഓടി നടക്കുന്നത്. കാരണം അല്ലെങ്കിൽ മന്ത്രിസ്ഥാനം പാർട്ടിക്ക് പുറത്തേക്ക് പോകുമെന്ന നിലയായി. ഇത് ഒഴിവാക്കാനായാണ് പാർട്ടിയിലെ നേതാക്കളുടെ ഇടപെടലുകൾ ഉണ്ടായത്.

കോൺഗ്രസ് ബിയിൽനിന്നും കെ.ബി ഗണേശ്കുമാറിനെ എൻ.സി.പിയിൽ എത്തിച്ച് മന്ത്രിയാക്കാനുള്ള ശ്രമം പാർട്ടിയിൽ സജീവമാണ്. ഗണേശ് എൻസിപിയിലെത്തുന്നത് തനിക്ക് തിരിച്ചടിയാകുമെന്ന് തോമസ് ചാണ്ടി കണക്കുകൂട്ടി. ഗതാഗത വകുപ്പിൽ താൻ ലക്ഷ്യമിട്ടത് നേടിയെടുക്കാൻ ശശീന്ദ്രനാണ് നല്ലതെന്നാണ് തോമസ് ചാണ്ടിയുടെ ചിന്ത. അതിന് വേണ്ടി ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കമെന്നും വാർത്തകൾ വന്നിരുന്നു.

ഫോൺ വിളി വിവാദത്തിൽ കുറ്റവിമുക്തനായാൽ എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് എൻസിപി. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞിരുന്നു. ഇന്നും വിധി വന്നശേഷം സമാന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. അതിനിടെ കരുതലോടെയാണ് ശശീന്ദ്രൻ പ്രതികരിക്കുന്നത്. താൻ മന്ത്രിയാകുന്ന കാര്യം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നു ശശീന്ദ്രൻ പറയുന്നു.