തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ചെയർമാൻ ആയ മുഴുവൻ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇനി ആർഎസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശം. രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം ജുപ്പീറ്റർ കാപ്പിറ്റൽ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിലാണ് നിയമനങ്ങൾക്ക് ആർഎസ്എസ് ആശയം നിർബന്ധമാക്കിയുള്ള നിർദ്ദേശം നൽകിയത്.

ചെയർമാന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ നിയമിക്കാവൂ എന്ന് നിർദ്ദേശത്തിൽ വ്യക്തമായി പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയുള്ള ഏഷ്യാനെറ്റ് ന്യൂസ്, കടന്ന വാർത്താ ചാനലായ സുവർണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓൺലൈൻ മാദ്ധ്യമമായ ന്യൂസബിൾ എന്നിവയുടെ എഡിറ്റോറിയൽ തലവന്മാർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇ മെയിൽ വിവരങ്ങൾ ന്യൂസ് ലോൺഡ്രി പുറത്തുവിട്ടു. കർണാടകത്തിൽനിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കഴിഞ്ഞ മാസം കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു.

ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രവുമായി ചേർന്നു പോകുന്നവരെ മാത്രം ഇനി ഈ സ്ഥാപനങ്ങളിലേക്ക് നിയമിച്ചാൽ മതിയെന്നാണ് നിർദ്ദേശം. ഇതിന്റെ മാനദണ്ഡങ്ങളടങ്ങുന്ന ഈമെയിലാണിപ്പോൾ ന്യൂസ്ലോൺട്രി എന്ന മാദ്ധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം, ചെയർമാന്റെ പ്രത്യയശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നവരായിരിക്കണം, ദേശീയതയിലും ഭരണത്തിലും അവഗാഹമുള്ളവരായിരിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. ബിജെപിയോട് അനുഭാവം പുലർത്തുന്നവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

സെപ്റ്റംബറിലാണ് കത്തയച്ചിട്ടുള്ളത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കത്തിലെ നിർദ്ദേശങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഗുപ്ത മറ്റൊരു കത്ത് കൂടി അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. 'ചെയർമാന്റെ ആശയ'ത്തോട് വിയോജിപ്പുള്ള ചാനലിലെ തന്നെ ചില സീനിയർ എഡിറ്റർമാരുടെ എതിർപ്പാണ് ഇതിന് കാരണമെന്നും ന്യൂസ് ലോൺട്രി റിപ്പോർട്ടിൽ പറയുന്നു.

ചാനലിൽ തന്നെ നരേന്ദ്ര മോദിക്കെതിരായ വാർത്തകൾ തടയപ്പെട്ടിരുന്നതായും ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു. ചാനലുകൾക്ക് റിക്രൂട്ടിങ് സംബന്ധിച്ച് നിർദ്ദേശം നൽകിയതിനെ കുറിച്ച് ഗുപ്തയുമായി ബന്ധപ്പെടാൻ ന്യൂസ്ലോൺട്രി ശ്രമിച്ചപ്പോൾ തന്റെ ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുള്ള മറുപടിയാണ് ലഭിച്ചത്. ചാനലിൽ നിന്നുള്ള സമ്മർദ്ദമാണ് നിർദ്ദേശം പിൻവലിക്കാൻ കാരണമെന്ന് വ്യക്തമാക്കുന്നതാണിത്.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഡിഫൻസ് പാർലമെന്ററി സമിതിയിലും, പ്രതിരോധമന്ത്രാലയത്തിന്റെ കൺസൾട്ടീവ് കമ്മിറ്റിയിലും ചന്ദ്രശേഖർ അംഗമാണ്.

വാർത്താ ചാനൽ രംഗത്ത് ബഹുദൂരം മുന്നിലുള്ള ചാനൽ ഇങ്ങനെയൊരു മണ്ടത്തരത്തിൽ ചെന്നു ചാടുമോ? ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വൃത്തങ്ങൾ അറിയിച്ചു..