തിരുവനന്തപുരം: പുതുവസ്തരാഘോഷത്തിനിടെയടക്കം സ്ത്രീകൾക്കെതിരേ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം സ്വദേശി അഷ്മി സോമൻ എഴുതിയ ഫേസ്‌ബുക് കുറിപ്പ് ഏറെ ചർച്ചയാകുന്നു. സ്വന്തം കൂട്ടുകാരന്റെ അമ്മയ്ക്കുള്ള കത്തായിട്ടാണ് അഷ്മി ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഒറ്റക്ക് നടക്കരുത്, പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ മകളെ പറഞ്ഞുപഠിപ്പിക്കുന്ന അമ്മമാർ, പെണ്ണ് ഒരു ശരീരം മാത്രമല്ലെന്ന് മകനേയും പഠിപ്പിക്കേണ്ടിയിരുന്നില്ലേയെന്ന് അഷ്മി ചോദിക്കുന്നു. പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്നും അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്നും അമ്മമാർ പഠിപ്പിക്കുകയാണെങ്കിൽ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾ കുറയുമെന്നും തന്റെ കുറിപ്പിൽ അഷ്മി ചൂണ്ടിക്കാട്ടുന്നു.

അഷ്മിയുടെ കത്ത് വായിക്കാം

അമ്മേ..
അമ്മക്ക് സുഖമെന്ന് കരുതുന്നു.അമ്മയുടെ മോനും സുഖം തന്നെ അല്ലേ...വളരെ കാലമായി പറയണം എന്ന് കരുതുന്ന ഒരു കാര്യം പറയാൻ ആണീ കത്ത് എഴുതുന്നത്..
കഴിഞ്ഞ പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ വലിയ സിറ്റികളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ അമ്മ കണ്ടിട്ടുണ്ടാകുമല്ലോ.
എത്ര സ്ത്രീകള് ആണല്ലേ അമ്മേ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് .. സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് ആക്രമങ്ങൾ നടക്കുന്നത് എന്ന വാദിക്കുന്ന ആൾക്കാർ ആണമ്മേ കൂടുതലും. അപ്പോൾ രണ്ട വയസ്സുള്ള നമ്മുടെ അമ്മുവിനെയും പിന്നെ അന്നൊരു ദിവസം പത്രത്തിൽ കണ്ട മുത്തശ്ശിയെയും ഡ്രസ്സ് ശരിയല്ലാത്ത കൊണ്ടാണോ അവര് ഉപദ്രവിച്ചിട്ടുണ്ടാകുക..
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആ ചേട്ടൻ എന്റെ നെഞ്ചിൽ അമർത്തിയപ്പോൾ എനിക്ക് വേദനിച്ച് കരഞ്ഞപ്പോൾ അമ്മയല്ലേ ഓടി വന്നത്.. നീയെന്താടാ കാണിക്കുന്നത് എന്ന പറഞ് അയാളെ വഴക്ക് പറഞ്ഞത് അമ്മയല്ലേ..ഇനി ഒറ്റക്ക് നടക്കരുത്, പെണ്കുട്ടികളായാൽ വേറെ ആരെക്കൊണ്ടും ശരീരഭാഗങ്ങളിൽ തൊടീപ്പിക്കരുത് എന്നൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നില്ലേ..
എനിക്കന്ന് എത്ര സന്തോഷമായീന്നോ. എന്റെ അമ്മയെപ്പോലെ സ്‌നേഹിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയോടും എനിക്ക് സ്‌നേഹമായിരുന്നു
കാലം കുറെ കഴിഞ്ഞപ്പോൾ അവൻ ഒരുപാട് മാറിപ്പോയി അമ്മേ. ഇന്നവൻ എന്നെ കാണുന്നത് വേറെ രീതിയിൽ ആണ്. അവന്റെ നോട്ടങ്ങൾ അവന്റെ ചലനങ്ങൾ എല്ലാം മാറിപ്പോയി. എന്റെ പഴയ കൂട്ടുകാരനെ അല്ല അവൻ ഇന്ന്
ഒറ്റക്ക് നടക്കരുത്, പെണ്കുട്ടികളായാൽ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ അന്ന് അമ്മ എന്നെ പറഞ്ഞു പഠിക്കുമ്പോൾ അവനെയും പഠി്ചപ്പിക്കാമായിരുന്നില്ലേ പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന..
അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്... അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്ന്,അമ്മ അന്ന് അത് ചെയ്തുരുന്നെങ്കിൽ ഇന്നവൻ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ
അമ്മക്കറിയോ എന്റെ റൂമിലെ ഒരു കുട്ടി ഉണ്ട്, മീനു. അവൾ രാത്രിയിൽ എന്നും കരച്ചിൽ ആണമ്മേ. എന്തുകൊണ്ടാണെന്നറിയോ സ്വന്തം സഹോദരനെ പോലെ കണ്ട ബന്ധു അവളോട് അപമര്യാദയായി പെരുമാറി. അവൾ ഇതുവരെ ആയിട്ടും അത് വീട്ടിൽ പറഞ്ഞിട്ടില്ല. പറഞ്ഞാൽ അവളുടെ അനിയത്തിയേയും ഉപദ്രവിക്കുമെന്ന് അയാള് ഭീഷണിപ്പെടുത്തി. പാവം അവള് ഉറങ്ങിയിട്ട് എത്ര നാളായി എന്ന അറിയുമോ..പഠിക്കാൻ പോലും കഴിയുന്നില്ല അവൾക്ക്.
എനിക്കറിയാം ഞാനും അവളും മാത്രമല്ല ഇങ്ങനെ അതിക്രമങ്ങൾക്ക് വിധേയർ ആയിട്ടുള്ളത് എന്ന്,
ഞങ്ങളെ അടങ്ങി ഒതുങ്ങി നടക്കാനും, സ്വപ്നങ്ങൾക്ക് അതിരുകൾ വക്കാനും, രാത്രികൾക്ക് മുന്നേ വീട്ടിൽ കയറാനും,എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃത്യമായി എല്ലാ അമ്മമാരും പഠിപ്പിക്കുന്നുണ്ടല്ലോ,സൗമ്യയും ജിഷയും നിര്ഭയയും ആവർത്തിക്കുമ്പോൾ ഞങ്ങളുടെ കുരുക്കിന്റെ മുറുക്ക് കൂട്ടുന്നുണ്ടല്ലോ
ഞങ്ങളെ പഠിപ്പിക്കുന്നതിന്റെ ഒരംശം എങ്കിലും അമ്മയുടെ മകനെപ്പോലുള്ള മകന്മാരെ പഠിപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും വര്ണങ്ങളെ സ്വപ്നം കാണാൻ കഴിയുമായിരുന്നില്ലേ? ഞങ്ങൾക്കും ഞങ്ങളുടേതായ ഒരിടം ഈ സമൂഹത്തിൽ ഉണ്ടാവുമായിരുന്നില്ലേ ? ഞങ്ങൾക്കും ആകാശത്തിലെ പറവകൾ ആകാമായിരുന്നില്ലേ?
ഞാനും ഒരിക്കൽ ഒരമ്മയാകും. അന്ന് എന്റെ മകനെ സ്ത്രീയെ ബഹുമാനിക്കാൻ ആയിരിക്കും ഞാൻ ആദ്യം പഠിപ്പിക്കുക. എന്റെ മകളെ പൊരുതി മുന്നേറാനും
അമ്മയോടെനിക്ക് ദേഷ്യം ഒന്നും ഇല്ല.നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയാം. അവനെ ഇനിയെങ്കിലും അമ്മ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീ ഒരു ചരക്ക് മാത്രമല്ല എന്ന. സമൂഹത്തിൽ അവരും നിർഭയരായി ജീവിക്കട്ടെ എന്ന
ഇരുട്ട് പടർന്നു കയറുന്ന ലോകത്ത് ഒരിത്തിരി വെളിച്ചമാകാൻ പറയണം അവനോട്. അവനെപ്പോലുള്ള ഒരുപാട് അവന്മാരോട്
നിർത്തുന്നു
ഒത്തിരി സ്‌നേഹത്തോടെ