- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ടു പോയ ദിവസങ്ങളെ ഓർമ്മയാക്കി പ്രിയപ്പെട്ടവരെ തേടി ആശ്വാസതീരത്തു പോയ അനുഭവവുമായി മുൻ മിസ് കേരള ഫൈനലിസ്റ്റ്; ഒരു ലണ്ടൻ - കൊച്ചി യാത്രയെ യുകെയിലെ മലയാളി വിദ്യാർത്ഥികളുടെ ജീവിതവുമായി കൂട്ടിയിണക്കുന്നത് കോട്ടയംകാരി ക്രിസ്റ്റീന
കവൻട്രി: കോവിഡിന്റെ ദുരിതകാലം മറക്കാൻ കഴിയാത്ത ഒരു തലമുറയായിട്ടാകും ഇന്ന് ജീവിച്ചിരിക്കുന്നവരെ വരും കാലം രേഖപ്പെടുത്തുക. ഇപ്പോഴും കോവിഡ് സൃഷ്ടിച്ച മുറിവ് വേദനയായി ലോകം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും നാളെയെന്ന പ്രതീക്ഷകൾ മുന്നിൽ ഉണ്ടെന്ന തിരിച്ചറിവിലാണ് മരണം മുന്നിൽ താണ്ഡവ നൃത്തമാടിയ ദുരിത നാളുകളെ ഓരോരുത്തരും ഓർത്തെടുക്കുന്നത്. കോവിഡ് ഒരു മഹാമാരിയായി ലോകമെങ്ങും കത്തിക്കയറിയപ്പോൾ അതിന്റെ ആദ്യ തീനാളങ്ങൾ അനുഭവിക്കേണ്ടി വന്ന യൂറോപ്പിനും അമേരിക്കയ്ക്കും ഒക്കെ വേദനയുടെ ആഴവും ഏറെയാണ്. കോവിഡിനെ ആദ്യം കൈകാര്യം ചെയ്തവർക്ക് തന്നെയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളെക്കാൾ മാനസികവും ശാരീരികവും ആയ കഷ്ടനഷ്ടങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വന്നതും.
ഇക്കൂട്ടത്തിൽ മറ്റാരും അനുഭവിച്ചതിന്റെ പല മടങ്ങു ദുരിതമാണ് ലോക പ്രവാസി മലയാളി സമൂഹത്തിനു നേരിടേണ്ടി വന്നത്. അതിലും കുടുംബവുമായി പരസ്പരം ആശ്വസിപ്പിക്കാനും വേദന പങ്കിടാനും സാധിക്കുന്നവരിൽ നിന്നും എത്രയോ ഭീകരമായ അനുഭവമായിരിക്കും ഒറ്റയ്ക്ക് ആരോടും മിണ്ടാനും പറയാനും ഇല്ലാത്ത പ്രവാസി വിദ്യാർത്ഥി സമൂഹം നേരിടേണ്ടി വന്നിരിക്കുക. അത്തരം അനുഭവ കഥകൾ ലോകം അധികം കേട്ടിട്ടില്ല. അല്ലെങ്കിൽ അതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിലേക്ക് ലോകം ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല എന്നും പറയേണ്ടി വരും.
എന്നാൽ അത്തരം ഭയാനക അനുഭവത്തിലൂടെ കടന്നു പോയ ഒരു മലയാളി പെൺകുട്ടി കഴിഞ്ഞ ദിവസം പങ്കുവച്ച വെറും ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു യാത്രാ വീഡിയോ കോവിഡിൽ നിന്നും ജീവൻ തിരിച്ചു പിടിച്ചു പ്രിയപ്പെട്ടവരെ കാണാൻ എത്തുമ്പോഴുള്ള മുഴുവൻ സന്തോഷവുമാണ് കാഴ്ചക്കാരിൽ പങ്കിടുന്നത്. ലണ്ടനിൽ വിദ്യാർത്ഥിനിയും മുൻ മിസ് കേരള ഫൈനലിസ്റ്റും ആയ ക്രിസ്റ്റി വർഗീസ് ആണ് കോവിഡിൽ നിന്നും ഉള്ള മോചനമാണ് ജീവിതം എന്ന സന്ദേശം നൽകുന്ന വീഡിയോ ദൃശ്യം ചിത്രീകരിച്ചു പ്രിയപ്പെട്ടവർക്കായി പങ്കുവച്ചിരിക്കുന്നത്.
നീണ്ട മൂന്ന് വർഷങ്ങൾ, അതിൽ കോവിഡിനൊപ്പം ഒന്നര വർഷവും
വീട്ടുകാരുടെ പ്രിയ മകളായി സന്തോഷവും സ്നേഹവും അനുഭവിച്ചു വളർന്ന ക്രിസ്റ്റി മൂന്നു വർഷം മുൻപാണ് ലണ്ടനിൽ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ എത്തുന്നത്. അതിനു മുൻപ് ബാംഗ്ലൂരിൽ അഞ്ചു വര്ഷം സോഫ്ട്വെയർ എൻജിനിയർ ആയി ജോലി ചെയ്തിട്ടുള്ള ക്രിസ്റ്റീന രണ്ടാം മാസ്റ്റേഴ്സിന് ലണ്ടൻ തിരഞ്ഞെടുക്കാൻ കാരണം ജീവിതത്തെ ലോകത്തിന്റെ കണ്ണിൽ വീക്ഷിക്കണം എന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
ലണ്ടനിലെ വിദ്യാർത്ഥി ജീവിതം കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ ആയി വിഷമിച്ചിരിക്കവെയാണ് അഗ്നിപാതം പോലെ കോവിഡ് എത്തുന്നത്. രാജ്യം ഒന്നാകെയല്ല ലോകം മുഴുവനായി അടച്ചിടുന്ന സാഹചര്യത്തിൽ മകൾ കണ്ണെത്താ ദൂരത്തു ഒറ്റപ്പെട്ടു പോയതിന്റെ ആധിയും വ്യാധിയും എല്ലാം മറ്റു മാതാപിതാക്കളെ പോലെ ക്രിസ്റ്റീനയുടെ രക്ഷിതാക്കൾക്കും ഉണ്ടായത് അത്ഭുതമല്ല. എന്നാൽ ക്രിസ്റ്റീനയുടെ കാര്യം കുറച്ചു കൂടി പ്രയാസകരമായിരുന്നു. താൻ നേരിടുന്ന മാനസിക വെല്ലുവിളി അടക്കം വീട്ടുകാരെ അറിയിക്കാതെ വിളിക്കുമ്പോൾ സന്തോഷം അഭിനയിച്ചു കാണിക്കുകയും വേണം.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ ലണ്ടൻ നഗരത്തിൽ സൈറൺ വിളിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആംബുലൻസുകൾ അല്ലാതെ മറ്റൊരു കാഴ്ചയും ആരും കണ്ടിട്ടില്ലാത്തതു ആരും കൂടെയില്ലാത്ത ക്രിസ്റ്റീനയ്ക്ക് അടുത്ത് നിന്ന് കാണേണ്ടി വന്ന അവസ്ഥ വാക്കുകളിൽ ഒതുക്കാനാകില്ല. എങ്ങും എവിടെയും മരണത്തിന്റെ മണമുള്ള കാറ്റാണ് യുകെ മലയാളികളെ തേടിയെത്തിയതെങ്കിൽ ലണ്ടൻ നഗരത്തിൽ ആരോടും മിണ്ടാനും പറയാനും ഇല്ലാതായി പോയ അനേകായിരം വിദ്യാർത്ഥികളിൽ ഒരാളായി മാറിയതിന്റെ വേദന നിറഞ്ഞ ഓർമ്മകൾ ആവോളം ക്രിസ്റ്റിയുടെ മനസിലുമുണ്ട്.
അന്യ നാട്ടുകാരായ കൂട്ടുകാരികൾ ഒപ്പം ഉണ്ടായതു മാത്രമാണ് ഏക ആശ്വാസമായി ഇപ്പോൾ തോന്നുന്നത്. എങ്കിലും പിടിച്ചു നിൽക്കാനായി കണ്ടെത്തിയ ബേക്കറിയിലെ താത്കാലിക ജോലി കളയാതെ നോക്കാൻ ലോക് ഡൗൺ കാലത്തു പോലും നടന്നു പോയും ധീരത കാട്ടിയ ക്രിസ്റ്റീന അന്ന് കോവിഡ് പിടിച്ചു മരിച്ചു പോകുമോ എന്ന് മനഃപൂർവം ചിന്തിച്ചില്ല എന്നതാണ് സത്യം. കാരണം അങ്ങനെ ചിന്തിച്ചാൽ താമസ സ്ഥലത്തു നിന്നും പുറത്തിറങ്ങാൻ ഉള്ള ധൈര്യം പോലും കിട്ടുമായിരുന്നില്ല.
ലണ്ടനിലെ മഹാമാരിക്കാലം, അതങ്ങനെ മറന്നു കളയാനുള്ളതല്ല
ലണ്ടനിൽ ഒരു മലയാളി വിദ്യാർത്ഥി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നാട്ടിൽ നമ്മളെ അറിയുന്നവർക്കു പോലും മനസിലാക്കണം എന്നില്ല. ഒരേ സമയം വിദ്യാർത്ഥിയായും അതേസമയം തന്നെ തൊഴിലാളി ആയും ഉള്ള ജീവിതം അത്തരം ഒരു സാഹചര്യം കണ്ടിട്ടില്ലാത്ത മലയാളി യുവത്വത്തിന് നന്നേ വെല്ലുവിളി നിറഞ്ഞതാണ്. കൂടെ ഒരു ഭാഗത്തു കയ്യോടെ പിടിച്ചു വലിച്ചു മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കോവിഡും. ഏകദേശം പത്തു മാസത്തോളം ആഴ്ചയിൽ ഏഴു ദിവസവും ജോലി എന്ന നിലയിൽ ഉള്ള കഠിനമായ അനുഭവമാണ് ക്രിസ്റ്റിയെ സകല പ്രയാസത്തിൽ നിന്നും കൈപിടിച്ച് ഉയർത്തിയത്.
ഓരോ ദിവസവും കേൾക്കുന്ന പ്രയാസം നിറഞ്ഞ വാർത്തകൾ ജോലിയുടെ തിരക്കിൽ മറക്കാനായി. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ലണ്ടനിൽ മലയാളി വിദ്യാർത്ഥികൾ തെരുവിൽ കൈ നീട്ടി എത്തിയ ആ കാലം അത്ര വേഗത്തിൽ മറക്കാനുള്ളതല്ല. എന്നാൽ ഈ ഘട്ടത്തിൽ എന്നേക്കാൾ പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെന്നറിഞ്ഞപ്പോൾ രക്ഷാദൗത്യവും ആയി പറന്നെത്തിയ വന്ദേ ഭാരത് വിമാനം പിടിക്കാനും മനസ് വന്നില്ല.
പ്രയാസങ്ങൾ തന്റേതു മാത്രമല്ലല്ലോ എന്ന ചിന്തയായി ഒരു ഘട്ടത്തിൽ. ഇതോടെ മനസും ശരീരവും ഒന്നാകെ വിശക്കുന്നവർക്ക് വേണ്ടി ജോലി ചെയ്യാൻ പരുവപ്പെടുത്തി. ക്ഷീണം അറിയാതെ ജോലി ചെയ്തു. ഒരു പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ഒരേ സമയം ജീവിതത്തിലെ ഏറ്റവും നിർണായകവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നൽകുന്നതും ലണ്ടനിലെ മഹാമാരിക്കാലം തന്നെ ആയിരിക്കുമെന്നാണ് ക്രിസ്റ്റിന ഇപ്പോൾ കരുതുന്നത്.
അങ്ങനെ അനുഭവിച്ചു തീർത്ത മുഴുവൻ മാനസിക സംഘർഷങ്ങളും മറന്നു കാറ്റിൽ പറന്നുയരുന്ന പട്ടം പോലെ തന്റെ മനസ് സന്തോഷം അനുഭവിക്കുന്നതാണ് വിഡിയിയിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിച്ചതെന്നും ക്രിസ്റ്റീന പറയുന്നു.
പ്രയാസങ്ങളേ വിട, വിഷമിച്ചിരിക്കാൻ സമയമില്ല
മാസ്റ്റേഴ്സ് ഒരു വർഷം ചെയ്താൽ മതിയെന്നതിനാൽ കോഴ്സ് കഴിഞ്ഞു ഉടൻ വീട്ടിൽ എത്തി എല്ലാവരെയും കണ്ടു മടങ്ങാം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോവിഡും കൂടെ ലോക് ഡൗണും എത്തുന്നത്. തുടർന്ന് യുകെയിൽ കുടുങ്ങിപ്പോയപ്പോഴാണ് എങ്കിൽ പിന്നെ സമയം കളയണ്ട, ഇനിയുള്ള വഴി ഗവേഷണത്തിന്റേതു ആക്കാം എന്ന് തീരുമാനിക്കുന്നത്. മാസ്റ്റേഴ്സ് ചെയ്ത യൂണിവേഴ്സിറ്റിയിൽ തന്നെ അഡ്മിഷൻ ലഭിച്ചതോടെ പ്രയാസങ്ങൾക്ക് അവധി നൽകി പഠനത്തിന്റെ വഴിയിൽ ശ്രദ്ധ നൽകി.
ജീവിതത്തെ പോസിറ്റീവായി കാണാൻ ഉള്ള മനോനില ഉള്ളതിനാൽ ആണ് തികച്ചും നിർണായകമായ സമയത്തു ശക്തമായ തീരുമാനം എടുക്കാൻ ക്രിസ്റ്റിക്കു സാധിച്ചതെന്നു അവരുടെ വാക്കുകളിൽ വ്യക്തം. എന്നാൽ പഠനത്തിലേക്ക് ശ്രദ്ധ നൽകിയപ്പോൾ വീട്ടിൽ താൻ കൂടി പങ്കെടുക്കേണ്ട അനേകം സന്തോഷ മുഹൂർത്തങ്ങൾക്കും അവധി നൽകേണ്ടി വന്നു. ഏതു ചടങ്ങിലും ഓടിച്ചാടി നടക്കാൻ ഇഷ്ടമായിരുന്ന ക്രിസ്റ്റിക്ക് വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും അസാന്നിധ്യം സൃഷ്ടിച്ച പ്രയാസം ഇപ്പോൾ ഓർമ്മിക്കാൻ കൂടി ഇഷ്ടമല്ല.
ഇതിനിടയിൽ ഏക സഹോദരന്റെ വിവാഹവും അവർക്കു കുഞ്ഞു ഉണ്ടായതും ഒക്കെ സന്തോഷങ്ങളായി എത്തിയത് വിഡിയോ ദൃശ്യങ്ങളിലൂടെ. വീട്ടിലാകെ സന്തോഷം പൂത്തുലയുമ്പോൾ അതിൽ ഒരു ഭാഗം ആകേണ്ട താൻ കോവിഡിനൊപ്പം പേടിയോടെ നാളുകൾ തള്ളിനീക്കുകയാണെന്നു ക്രിസ്റ്റി ആരോടും പറയാനും തയ്യാറായില്ല. വീട്ടിൽ നിന്നും മാതാപിതാക്കൾ എന്നും വിളിച്ചു എന്ന വരിക എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതാകുമ്പോൾ നിരാശയോടെ സംസാരം മറ്റു വഴിക്കാക്കുന്നതു പതിവായി.
ഒരു പക്ഷെ ഇതേ സാഹചര്യം അനേകം പ്രവാസി മലയാളി വിദ്യാർത്ഥികളുടെ ജീവിതത്തിലും സംഭവിച്ചിരിക്കണം എന്നും ക്രിസ്റ്റി പറയുന്നു. ഒരു പക്ഷെ ഇനിയൊരിക്കലും പ്രിയപ്പെട്ടവരെ കാണാൻ സാധിച്ചേക്കില്ല എന്ന് പോലും ആരും ഭയപ്പെട്ടിരുന്ന ദിവസങ്ങളും അക്കാലത്തു അധികമല്ലാതിരുന്നില്ല. വീണ്ടും വീടെത്തുമ്പോൾ നഷ്ടമായ മുഹൂർത്തങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാനാകും അതോ വീട്ടിൽ എത്താൻ കഴിയാത്തതിന്റെ പരിഭവം ആരെങ്കിലും കാട്ടുമോ എന്നൊക്കെ ചിന്തിച്ചാണ് താൻ നാട്ടിലേക്ക് വിമാനം കയറിയതെന്നും ക്രിസ്റ്റി പറയുന്നു.
ലണ്ടൻ മുതൽ കൊച്ചിവരെ സന്തോഷ നിമിഷങ്ങൾ
സത്യത്തിൽ മനസ്സിൽ ഒന്നും കരുതിയല്ല ലണ്ടനിൽ സൈക്കോളജി വിദ്യാർത്ഥിനി ആയിരുന്ന ഇപ്പോഴത്തെ ഗവേഷക കൂടിയായ ക്രിസ്റ്റി വർഗീസ് വിഡിയോ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ഹീത്രൂവിൽ നിന്നും അബുദാബി വഴി കൊച്ചി എത്തും വരെ എത്തിഹാദിലെ സഞ്ചാരം അടക്കമുള്ള ദൃശ്യങ്ങൾ ഒപ്പിയെടുത്തു മനോഹരമായി എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ വെറും കൗതുകത്തിനിട്ട വിഡിയോ കോവിഡിലെ ദുരിതകാലത്തു നിന്നും രക്ഷപ്പെട്ടു പ്രിയപ്പെട്ടവരെ തേടിയെത്തുന്ന ഒരു മനസിന്റെ സന്തോഷ പ്രകടനങ്ങൾ മാത്രം നിറഞ്ഞതാണ്. കൊച്ചിയിൽ എത്തിയ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന ഏക സഹോദരന്റെ ഒന്നര വയസുകാരൻ കുസൃതിക്കു ചുംബനം നൽകിയാണ് ക്രിസ്റ്റീനയുടെ വിഡിയോ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുന്ന വിഡിയോ അവസാനിപ്പിക്കുന്നത്.
സൗദിയിൽ ജനിച്ചു വളർന്ന ക്രിസ്റ്റീനയുടെ കുടുംബം ഇപ്പോൾ കോട്ടയത്താണ് താമസിക്കുന്നത്. സിവിൽ എൻജിനിയർ ആയിരുന്ന എംകെ വർഗീസിന്റെയും വീട്ടമ്മ ആയ ടെസിയുടെയും മകളാണ് ക്രിസ്റ്റീന. ഏക സഹോദരൻ ക്രിസ്റ്റനോ വർഗീസും നാത്തൂൻ റോണിയയും അവരുടെ കുഞ്ഞ് ആഷ്റോണും ഒക്കെ ചേർന്ന സന്തോഷ നിമിഷങ്ങൾ ആവോളം മനസിലേക്ക് ഒപ്പിയെടുക്കുകയാണ് ക്രിസ്റ്റീനായിപ്പോൾ. രണ്ടാഴ്ചക്കുള്ളിൽ ലണ്ടനിലേക്ക് മടങ്ങി എത്തുമ്പോൾ മനസ് നിറയെ ഊർജ്ജമാകാൻ ഉള്ള സന്തോഷങ്ങൾ സംഭരിക്കുന്ന തിരക്കിലാണ് ഈ ഗവേഷക