ലണ്ടൻ: തലമുറകളായി കൈമാറി കിട്ടിയ നിരവധി വിലയേറിയ ആഭരണങ്ങളാണ് എലിസബത്ത് രാജ്ഞിയുടെ ശേഖരത്തിലുള്ളത്. എന്നാൽ അതിൽ ഒരു നെക്ലെസ്സ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രാജകീയ ആഭരണമായി കണക്കാക്കുന്നു. വിദഗ്ദർ കണക്കാക്കുന്നത് അതിന് 66 മില്യൺ പൗണ്ട് വിലവരും എന്നാണ്. അതിമനോഹരമായ സ്വർണ്ണാഭരണങ്ങളും വിലയേറിയ രത്നക്കല്ലുകളും ഒക്കെ അടങ്ങിയ രാജ്ഞിയുടെ ആഭരണശേഖരം ആരിലും അസൂയ ഉളവാക്കുന്നതാണ്. കഴിഞ്ഞകുറേ നൂറ്റാണ്ടുകളായിരാജകുടുംബത്തിന്റെ ശേഖരത്തിൽ എത്തിയതാണ് ഇവയിൽ പലതും.

അവയിൽ പലതും ലക്ഷക്കണക്കിന് വിലയുള്ളതാണ്. എന്നാൽ അവയിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നതാണ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രാജകീയ ആഭരണമായി കണക്കാക്കുന്ന ഈ നെക്ലേസ്. ഇത് ഹൈദരാബാദ് നൈസാമിന്റെതായിരുന്നു ഒരുകാലത്ത്. സിംഹാസനത്തിലേറുന്നതിനും അഞ്ച് വർഷം മുൻപ് 1947-ൽ ആയിരുന്നു രാജ്ഞി ഇത് സ്വന്തമാക്കിയത്. ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹ നിശ്ചയസമയത്ത് ഹൈദരാബാദ് നൈസാം രാജ്ഞിക്ക് സമ്മാനമായി ഈ നെക്ലെസ് നൽകുകയായിരുന്നു.

1947-ൽ അസഫ് ഝാ ഏഴാമൻ ആയിരുന്നു ഹൈദരാബാദിന്റെ ഭരണാധികാരി. മാത്രമല്ല, അന്ന് ലോകത്തിലെ അതിസമ്പന്നരിൽ ഒരാൾ കൂടിയായിരുന്നു ഹൈദരാബാദ് നൈസാം. ലോകത്തിലെ തന്നെ ഏറ്റവുമധികം വിലപിടിപ്പുള്ള ആഭരണങ്ങളിൽ ഒന്നാണ് നൈസാം സമ്മാനമായി നൽകിയ ഈ നെക്ലേസെന്ന് ജൂവലറി ബോക്സിന്റെ മാർക്കറ്റിങ് മാനേജർ ഡീന ബോറോമാൻ പറയുന്നു. 66 മില്യൺ പൗണ്ടിലധികം വില വരും ഇതിന്.

രാജ്ഞിക്ക് വിവാഹ സമ്മാനം നൽകാൻ എത്തിയ നൈസാം കാർട്ടിയർ എന്ന ആഭരണക്കടക്കാരോട് രാജ്ഞിക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. മൂന്ന് ഡിറ്റാച്ചബിൾ ഫ്ലവർ ബ്രൂക്ക്സ് ഉള്ള ടിയാരയായിരുന്നു അന്ന് രാജ്ഞി തെരഞ്ഞെടുത്തത്. അതാണ് ഇന്ന് ഹൈദരാബാദ് നൈസാമിന്റെ നെക്ക്ലേസ് എന്നറിയപ്പെടുന്ന ആഭരണം.അടുത്ത കാലത്ത് ചില പരിപാടികളിൽ പങ്കെടുക്കുമ്പോൾ ധരിക്കുവാനായി രാജ്ഞി ഇത് കെയ്റ്റ് രാജകുമാരിക്ക് നൽകുകയും ചെയ്തിരുന്നു.

പ്ലാറ്റിനത്തിൽ 50 ൽ ഏറെ രത്നങ്ങൾ പിടിപ്പിച്ച ഈ ആഭരണം രാജ്ഞി അധികാരത്തിലേറും മുൻപുള്ള നിരവധി പരിപാടികളിൽ രാജ്ഞി ധരിച്ചിരുന്നു. ഒരു സാധാരണ ബ്രിട്ടീഷുകാരന് ഇത് വാങ്ങണമെങ്കിൽ 2000 വർഷമെങ്കിലും ജോലി ചെയ്യേണ്ടതായി വരുമെന്ന് പറയുമ്പോഴാണ് ഇതിന്റെ യഥാർത്ഥ മൂല്യം വ്യക്തമാകുന്നത്.