തിരുവനന്തപുരം: ട്രെയിനിലെ ഭക്ഷണ വിതരണം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വൃത്തിയുടെയും അമിതവിലയെയും ഒക്കെ ചൊല്ലിയാണ് ഇതെങ്കിലും ഇത്തരം പോരായ്മകൾക്കെതിരെ നടപടി ഉണ്ടാകുന്നത് അപൂർവ്വമാണ്. പലരും പരാതിപെടാറില്ല എന്നതാണ് ഇതിന്റെ കാരണം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഐആർടിസി കരാറുകാർക്ക് കിടിലൻ പണി നൽകിയ മലയാളി യാത്രികനാണ് ഇപ്പോൾ താരം. കൊല്ലം ചവറ സ്വദേശി അരുൺകുമാറാണ് ഭക്ഷണത്തിന് തന്നോട് അമിതമായി വില ഈടാക്കിയ കാരാറുകാർക്ക് പണി നൽകിയത്.

അമിത ചാർജ് ഈടാക്കിയവരെക്കൊണ്ട് കംപാർട്ട്‌മെന്റിലുള്ളവർക്ക് മുഴുവനും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചാണ് ഇദ്ദേഹം പണികൊടുത്തത്.മംഗള- ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ചെയ്യവെ വെള്ളിയാഴ്ചയാണ് താൻ യാത്രചെയ്യുന്ന കംപാർട്ട്‌മെന്റിൽ ആഹാരത്തിനും വെള്ളത്തിനും ഐആർസിടിസി നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കുന്നുവെന്നത് ശ്രദ്ധയിൽ പെട്ടത്. മംഗലാപുരത്ത് വച്ചായിരുന്നു സംഭവം. പിന്നാലെ ഇദ്ദേഹം ഐആർസിടിസിക്ക് പരാതി രജിസ്റ്റർ ചെയ്തു.

ഒട്ടും താമസിക്കാതെ തന്നെ റെയിൽവേയിൽ നിന്ന് മറുപടിയും നടപടി ആരംഭിച്ചതായുള്ള സന്ദേശവും വന്നു.ഐആർസിടിസി നിർദ്ദേശം അനുസരിച്ച് പാൻട്രി മാനേജർ വന്ന് അരുൺകുമാറുമായി സംസാരിച്ചു. അധികമായി ഈടാക്കിയ തുക തിരികെ നൽകാമെന്ന വാഗ്ദാനവും നൽകി.എന്നാൽ ഈ തീരുമാനത്തോട് യോജിക്കാൻ അരുണിനായില്ല.

കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന അത്രയും ആളുകളിൽ നിന്ന് കുറഞ്ഞത് 20 രൂപയോളം ഈടാക്കിയിരുന്നുവെന്നതിനാൽ എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി നൽകണമെന്നും പണം കൈപ്പറ്റില്ലെന്നും അരുൺകുമാർ നിലപാടെടുത്തു.ഒടുവിൽ അരുണിന്റെ നിർദ്ദേശത്തിന് വഴങ്ങി എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി കൊടുത്ത് കരാറുകാർ തടിതപ്പി.