കേരളാ പൊലീസ് വ്യാപകമായി പഴി കേട്ടു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ആലപ്പുഴയിൽ ഇരുചക്ര വാഹനത്തെ പിന്തുടർന്ന്, അപകടമുണ്ടാക്കി രണ്ടുപേർ മരിക്കാനിടയായ സംഭവം, യുവാക്കളെ അസഭ്യം പറയുന്ന സംഭവം, വഴിയാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകർത്ത സംഭവം തുടങ്ങി കേരളാ പൊലീസിനെ ആരും പഴിക്കാനുള്ള മാർഗം അവർ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ തന്റെ മകൾക്ക് പൊലീസ് രക്ഷകനായി മാറിയ കഥ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഒരച്ഛൻ. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ സാബു എസ് ബിജി എന്ന ഇൻഫോർമേഷൻ ഓഫിസറാണ് ഒരു കൂട്ടം പൊലീസുകാരുടെ നല്ല മനസിന്റെ കഥ പുറം ലോകത്തോട് പറയുന്നത്.

സാബുവിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

'കേരളാ പൊലീസിന് എന്റെ നന്ദി. അതിരാവിലെ മൂന്ന് മണിയോടടുക്കുന്നു. എന്റെ മൂത്തമകൾക്ക് സഹിക്കാൻ പറ്റാത്ത വയറു വേദന, വീട്ടിൽ വണ്ടിയുമില്ല. ആകെ പേടിച്ചു പോയ നിമിഷം. ആരെ വിളിച്ചാലും ഫോണെടുക്കാത്തത്ര ഉറക്കമുള്ള സമയം. പെട്ടെന്നാണ് താഴെ റോഡിലൂടെ പൊലീസ് പെട്രോളിങ് ശ്രദ്ധയിൽപ്പെട്ടത്.

കൈകൊട്ടിവിളിച്ചപ്പോൾ തന്നെ സഹായവുമായി അവർ എത്തി. വളരെ പെട്ടന്ന് മോളെ ആശുപത്രിയിൽ എത്തിക്കാനായി. ഫുഡ് പോയിസനാണ്. രാവിലെ കഴിച്ച ജ്യൂസിന്റെ സംഭാവന. ഏതായാലും മകൾ ഒന്നുരണ്ട് ഗുളിക കഴിച്ചതോടെ സുഖമായി ഉറങ്ങി. എന്റെ നന്ദി കേരള പൊലീസിന്.'