തിരുവനന്തപുരം: കോടതി പരാമർശത്തിന്റെ പേരിൽ കെ എം മാണിയുടെ രാജി എഴുതി വാങ്ങിച്ചവരാണ് ഇടതുമുന്നണി. അതിന് വേണ്ടി അവർ നടത്തിയ പ്രക്ഷോഭങ്ങൾ രാജ്യം മുഴുവൻ ശ്രദ്ധിച്ചതുമാണ്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്ന പരാമർശമായിരുന്നു രാജിയിൽ കലാശിച്ചതെങ്കിൽ മന്ത്രിയുടെ നടപടി റദ്ദാക്കുകയും മന്ത്രിയെ വിമർശിക്കുകയും ചെയ്ത നടപടിയുടെ പേരിൽ തീർച്ഛയായും കെ കെ ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണ്ടേ? ഈ ചോദ്യം യുഡിഎഫ് എംഎൽഎമാർ ഉന്നയിക്കുമ്പോൾ മറുപടിയില്ലാതെ കുഴങ്ങുകയാണ് ഇടതു എംഎൽഎമാർ.

ശൈലജയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫുകാർ സഭയിൽ സമരം ശക്തമാക്കിയിരിക്കയാണ്. ഇതേക്കുറിച്ചായിരുന്നു ഇന്നലെ മിക്ക ചാനലുകളിലെയും ചർച്ചാവിഷയം. എന്തായാലും മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയിൽ ഇന്നലെ പ്രതിരോധം തീർക്കാൻ എത്തിയത് യുവ എംഎൽഎ എ എൻ ഷംസീറായിരുന്നു. ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മന്ത്രി ശൈലജക്കെതിരെ കടുത്ത വിമർനങ്ങൾ കോടതി ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച.

മുമ്പ് ബാർകോഴ കേസിൽ കെ എം മാണി രാജിവെക്കണമെന്ന ആവശ്യവുമായി ചാനൽ സ്റ്റുഡിയോകൾ കയറിയിറങ്ങി ചർച്ച നയിച്ച ഷംസീർ ഇപ്പോൾ മന്ത്രിക്കെതിരായ കോടതി വിധി വന്നിട്ടും മലക്കം മറിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. മനോരമയിലെ ചർച്ചയെ നയിച്ചത് ഷാനിയായിരുന്നു. മറുവശത്ത് ഷാഫി പറമ്പിൽ എംഎൽഎയും. ഇരുവരെയും എങ്ങനെ നേരിടാൻ കഴിയുമെന്ന് അറിയാതെ കുഴയുകയായിരുന്നു ഷംസീർ. അവതാരകയുടെ ചോദ്യങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ സരിത വിഷയം അടക്കം എടുത്തിടുന്ന കണ്ടു.

കോടതി വിധിയിൽ പിഴവില്ലെന്ന വാദമാണ് ഷംസീർ മുന്നോട്ടുവെച്ചത്. ഞങ്ങളുടെ കയ്യിൽ രേഖയുണ്ടെന്നും പറഞ്ഞു അദ്ദേഹം. ഏതെല്ലാം അപേക്ഷയിൽ മന്ത്രി ഇടപെട്ട് കത്ത് നൽകിയ നീട്ടിയിട്ടുണ്ട് എന്ന ചോദ്യമാണ് ഷാനി ഉന്നയിച്ചത്. എന്നാൽ, ഈ വാദത്തിന് എംഎൽഎക്ക് മറുപടി ഉണ്ടായിരുന്നില്ല. ആറ് ഒഴിവുകളിലേക്ക് 160ലേറെ പേർ അപേക്ഷിച്ചിട്ടും എന്തിന് സമയം നീട്ടി എന്നതായി ചോദ്യം. ഇതോടെ ഷംസീർ ശരിക്കും വെട്ടിലായി. തുടർന്ന് മറുവാദമായി ഞഞ്ഞാ പിഞ്ഞാ പറയുകയായിരുന്നു.

ഇതു കഴിഞ്ഞ് സരിത കേസിനെ കുറിച്ചു പറഞ്ഞു, പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് വനംമന്ത്രിയായിരുന്ന വിശ്വനാഥനെതിരെ കോടതി പരാമർശം ഉണ്ടായപ്പോൾ രാജിവെച്ച കാര്യമാണ് ഷംസീർ ചൂണ്ടിക്കാട്ടിയത്. അന്ന് നിയമസഭയിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ കാര്യം ചൂണ്ടി പ്രതിരോധിച്ചപ്പോഴും ഷംസീറിന് പിഴച്ചു. അന്ന് പ്രതിക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ലേ എന്ന ചോദ്യത്തിന് ഷംസീറിന് മറുപടിയില്ലായിരുന്നു. എന്തായാലും ഷംസീർ മനോരമ ന്യൂസ് ചർച്ചക്കിടെ ഉത്തരം കിട്ടാതെ വിയർത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.