വീട്ടിൽ ഉപയോഗിക്കുന്ന നിരുപദ്രവകരമെന്ന് കരുതുന്ന വസ്തുക്കളിൽപ്പോലും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളും മറ്റു വസ്തുക്കളും അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തൽ. 28 രാജ്യങ്ങളിലെ 174 ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.

പല ഗാർഹിക വസ്തുക്കളിലും കാൻസറിന് കാരണമായേക്കാവുന്ന വസ്തുക്കൾ വളരെ നേരീയ തോതിൽ മാത്രമേയുള്ളൂവെങ്കിലും പല വസ്തുക്കൾ ഉപയോഗിക്കുമ്പോൾ, ഇവയുടെ അളവ് കൂടുമെന്നത് രോഗസാധ്യത കൂട്ടുന്നുണ്ട്. ഗാർഹിക വസ്തുക്കളിലെ കാൻസർ സാധ്യതയെക്കുറിച്ച് ഇത്രയും വ്യാപകമായ തരത്തിൽ നടക്കുന്ന ആദ്യ പഠനം കൂടിയാണിത്.

85-ഓളം കെമിക്കലുകളുടെ സാന്നിധ്യമാണ് ഗവേഷകർ പഠന വിഷയമാക്കിയത്. ഇതിൽ അമ്പതോളം എണ്ണത്തിൽ നേരീയ തോതിൽ കാൻസർ കാരണമായ ഘടകങ്ങളുണ്ടെന്ന് കണ്ടെത്തി. 13 എണ്ണത്തിൽ കാൻസർ കാരണമായ ഘടകങ്ങൾ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുണ്ട്. ശേഷിച്ച 22 രാസവസ്തുക്കളിൽ അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയിട്ടില്ല.

കുടിവെള്ളക്കുപ്പികൾ, ഹാൻഡ്‌വാഷുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, സാധാരണ ഉപയോഗിക്കാറുള്ള ഫെനോബാർബിറ്റൽ, അസെറ്റാമിനോഫെൻ പോലുള്ള മരുന്നുകൾ, പെയിന്റുകൾ, നിർമ്മാണ വസ്തുക്കൾ എന്നിങ്ങനെ വിവിധ വസ്തുക്കളിൽ ഈ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. തുണികളിലെയും കാർപെറ്റുകളിലെയും കറകൾ നീക്കം ചെയ്യാനുപയോഗിക്കുന്ന വസ്തുക്കളിലും രാസവസ്തുക്കളുടെ സാന്നിധ്യമുണ്ട്.

കാൻസറിന് കാരണമാകുന്ന കാർസിനോജെനിക് രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ നടത്തിയ പരിശോധന വളരെ അപകടകരമായ സാഹചര്യമാണ് ഇന്ന് ലോകത്തുള്ളതെന്ന് വെളിപ്പെടുത്തിയെന്ന് ലണ്ടനിലെ ബ്രൂണൽ സർവകലാശാലയിലെ ഹെമാദ് യസേയി പറഞ്ഞു. ഇവയിൽ പലതും നാമറിയാതെ തന്നെ ഉള്ളിലെത്തുകയാണ് ചെയ്യുന്നത്. നേരീയ തോതിലാണെങ്കിലും ഒന്നിലേറെ വസ്തുക്കളിൽനിന്ന് അന്ന് ശരീരത്തിലെത്തുമ്പോൾ കാർസിനോജെനിക് ആയി മാറുമെന്നും അദ്ദേഹം പറയുന്നു.

വീട്ടിൽത്തന്നെ കാൻസറിന് കാരണമായ രാസവസതുക്കൾ ഒളിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യമാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. എന്നാൽ, ഈ രാസവസ്തുക്കൾ കാൻസറിന് വളരെച്ചെറിയ തോതിൽ മാത്രമേ കാരണമാകുന്നുള്ളൂവെന്നും, ഇതൊക്കെ ഉപേക്ഷിക്കണമെന്നല്ല ഗവേഷകരുടെ അഭിപ്രായമെന്നും യസേയി പറഞ്ഞു.