പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ആറന്മുളക്കാരൻ എ പത്മകുമാർ അവരോധിതനാകുമ്പോൾ അത് ഗ്രൂപ്പിന്റെ തുടക്കം മുതൽ തനിക്കൊപ്പം നിന്നതിന് പിണറായി നൽകുന്ന പ്രത്യുപകാരമായിട്ട് വേണം കാണാൻ. സിപിഐഎമ്മിൽ പിണറായി-വി എസ് വിഭാഗീയത ഉടലെടുക്കുമ്പോൾ പത്തനംതിട്ട ജില്ലയിൽ അങ്ങിങ്ങ് മൂന്നാല് പേർ മാത്രമാണ് പിണറായിക്കൊപ്പം നിന്നത്. വി എസ് നെടുങ്കോട്ടയായിരുന്നു പത്തനംതിട്ട. അവിടെ എപ്പോഴും പിണറായിക്കൊപ്പം നിന്നത് എ പത്മകുമാറായിരുന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചു. ആദ്യ തവണ മാത്രം ജയിച്ചു. പിന്നീടുള്ള രണ്ടു തവണയും പരാജയം രുചിച്ചു. 1991ൽ കോന്നി മണ്ഡലത്തിൽനിന്ന് 33-ാം വയസിൽ നിയമസഭയിലേക്ക് മൽസരിച്ച പത്മകുമാർ അന്ന്, രാജീവ് തരംഗം അതിജീവിച്ച് വിജയിച്ചജില്ലയിലെ ഏക എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

1996 ൽ 806വോട്ടിന് അടൂർ പ്രകാശിനോട് പരാജയപ്പെട്ടു. 2001 ൽ സ്വന്തം തട്ടകമായ ആറന്മുളയിൽ ഒരു കൈ നോക്കി. ബന്ധു കൂടിയായ മാലേത്ത് സരളാദേവിയോടായിരുന്നു ഇക്കുറി തോൽവി. 2006 ൽ കെസി രാജഗോപാൽ ഇവിടെ നിന്ന് പാർട്ടി ചിഹ്നത്തിൽ നിന്ന് വിജയിച്ചു. മുഖ്യമന്ത്രിയായ അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ ആറന്മുള വിമാനത്താവളത്തിന് തുടക്കമിട്ടത് അക്കാലത്താണ്. സർക്കാരിന്റെ അവസാന കാലത്ത് വിമാനത്താവള വിരുദ്ധ സമരവുമായി പത്മകുമാർ രംഗത്തു വന്നപ്പോൾ അത് ആദ്യം ഗ്രൂപ്പ് കളിയുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. ബിജെപിയോട് തോളോട് തോൾ ചേർന്ന് സമരം വിജയിപ്പിച്ചപ്പോൾ വി എസ് പക്ഷത്തിന് പത്മകുമാറിനോട് കട്ടക്കലിപ്പായിരുന്നു.

ഇത്തവണ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അധികമാരും കേട്ടിട്ടില്ലാത്ത സഹകരണ നിക്ഷേപഗ്യാരന്റി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം പത്മകുമാറിനെ തേടിയെത്തി. അടുത്ത കാലത്ത് കോൺഗ്രസ് വിട്ടു വന്ന പീലിപ്പോസ് തോമസിനെ കെഎസ്എഫ്ഇ ചെയർമാൻ ആക്കിയപ്പോഴാണ് പത്മകുമാറിനെ അപ്രധാന തസ്തികയിൽ ഒതുക്കിയത്. അന്നു മുതൽ പത്മകുമാർ ദേവസ്വം പ്രസിഡന്റാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇപ്പോഴത് സത്യമായി. വിശ്വാസത്തിലധിഷ്ഠിതമായ വിപ്ലവ കുടുംബത്തിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്മകുമാറിന്റെ വരവ്.

ആറന്മുള കീച്ചംപറമ്പിൽ അച്യുതൻ നായരുടേയും റിട്ട. സഹകരണ രജിസ്ട്രാർ പി സുലോചനാദേവിയുടേയും മകനായ പത്മകുമാർ ജനിച്ചതും വളർന്നതും ശബരിമലയുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിലാണ്. അമ്മയുടെ മുത്തച്ഛൻ അനന്തകൃഷ്ണയ്യർ 1907 മുതൽ 1920 വരെ ശബരിമലയിലെ വെളിച്ചപ്പാടും മേൽശാന്തിയുമായിരുന്നു. അമ്മയുടെ അച്ഛൻ ഇഎൻ പത്മനാഭ പിള്ളയാണ് 1934-ൽ അയ്യപ്പന്റെ ചിത്രം ആദ്യമായി വരച്ചത്. അമ്മയുടെ പിതൃസഹോദരി കോന്നകത്ത് ജാനകിയമ്മയാണ് അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചത്.

ഇത്രയും വിശ്വാസാധിഷ്ഠിതമായകുടുംബത്തിൽ പിറന്ന പത്മകുമാർ 1973-ൽ പ്രീഡിഗ്രിക്ക് ആലപ്പുഴ എസ്.ഡി. കോളേജിൽ ചേർന്നതിനെ തുടർന്ന് എസ്.എഫ്.ഐ. യൂണിറ്റ് പ്രവർത്തകനായി പ്രവർത്തനമാരംഭിച്ചു. ആലപ്പുഴ ജില്ലയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹിത്വം വഹിച്ച ഇദ്ദേഹം ഡിവൈഎഫ്ഐ. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.എം. കോഴഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആറന്മുള ക്ഷേത്രം, പള്ളിയോടം, ജലമേള എന്നിവയുടെ കാര്യങ്ങളിൽ സജീവമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ജില്ലയ്ക്ക് ലഭിക്കുന്നത്. ആദ്യം ടിഎൻ ഉപേന്ദ്രനാഥക്കുറുപ്പ് പത്തനംതിട്ടയിൽ നിന്ന് പ്രസിഡന്റായിരുന്നു. ജില്ലാ രൂപീകരണത്തിന്‌ശേഷം ആദ്യമായിട്ടാണ് ബോർഡ്് പ്രസിഡന്റ് പദവി പത്തനംതിട്ടയ്ക്ക് കിട്ടുന്നത്. പത്മകുമാർ ഇന്നലെ വൈകിട്ട് ആറന്മുള മൂർത്തിട്ട ഗണപതി ക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. പന്തളം കൊട്ടാരത്തിലും എത്തി അനുഗ്രഹം വാങ്ങി.