കാഠ്മണ്ഡു: നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 കവിഞ്ഞു. ഇന്നലെയാണ് കാൽ നൂറ്റാണ്ടിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം നടന്നത്. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള യാത്രാവിമാനമാണ് അപകടത്തിൽ പെട്ടത്.

വിമാനം തകർന്നത് ലാന്റിങ്ങിനിടയിൽ തെറ്റായ റൺവേയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളറുടെ കർശനമായ നിർദ്ദേശം ലംഘിച്ച് തെറ്റായ ദിശയിൽ നിന്നെത്തി ലാന്റ് ചെയ്തപ്പോഴാണ് വിമാനത്തിന് തീ പിടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തത്. എയർ ട്രാഫിക് കൺട്രോളർ നിരവധി തവണ തെറ്റായ ദിശയിലാണ് ഇറങ്ങുന്നത് എന്ന് പറയുന്നത് കേൾക്കാമായിരുന്നു എന്നാണ് കണ്ടെത്തിയത്.ധാക്കയിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നതാണ്.

67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇരുപതോളം പേരെയാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചത്. പലരുടേയും നില അതീവ ഗുരുതരമാണ്. തീ ആളിപടർന്നതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനം വേഗതയിലായിരുന്നില്ലായിരുന്നു. സൈന്യമാണ് രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഏറ്റെടുത്തത്. വിമാനം വെട്ടിമുറിച്ചാണ് മൃതശരീരങ്ങൾ പുറത്തെടുത്തത്.

വിമാനയാത്രികരിൽ 33 പേർ നേപ്പാളിൽ നിന്നുള്ളവരാണ്. ബംഗ്ലാദേശിൽ നിന്നു 32 പേരും ചൈനയിൽ നിന്ന് ഒരാളും ഒരു മാലദ്വീപ് സ്വദേശിയുമാണു മറ്റു യാത്രക്കാർ.വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്നെത്തിയതാണു വിമാനം. ബംഗ്ലാദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യു എസ്ബംഗ്ല എയർലൈൻസിന്റെ BS 211 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അപകടത്തെത്തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2016ൽ നേപ്പാളിലെ മലനിരകളിൽ വിമാനം തകർന്നുവീണ് ഇരുപത്തിമൂന്ന് പേർ മരിച്ചിരുന്നു.