തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ കുളത്തിൽ മുങ്ങി മരിച്ചത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിലേക്ക് പോയ രണ്ട് കുട്ടികൾ. പൊലീസുകാരുടെ മക്കളായ 2 കുട്ടികളാണ് ഇന്നലെ മുങ്ങിമരിച്ചത്. ഐആർ ബറ്റാലിയൻ എഎസ്‌ഐ എറണാകുളം മഴുവന്നൂർ കുന്നത്തുനാട് കളരിക്കൽ വീട്ടിൽ അഗുലിന്റെയും പ്രീതയുടെയും മകൻ അജു കൃഷ്ണ (7), അക്കാദമിയിലെ സിവിൽ പൊലീസ് ഓഫിസർ മലപ്പുറം അരീക്കോട് പുവത്തുങ്കൽ ഉജ്ജയനിയിൽ നീനയുടെയും അരുണിന്റെയും ഏക മകൻ അഭിമന്യു (9) എന്നിവരാണു മരിച്ചത്.

അഭിമന്യു തൃശൂർ വില്ലടം ഗവ. സ്‌കൂൾ മൂന്നാംക്ലാസ് വിദ്യാർത്ഥിയും അജു പാടുകാട് കോ ഓപ്പറേറ്റീവ് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. സ്‌കൂൾ വിട്ടെത്തി ക്യാംപസിൽ കളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. സന്ധ്യ കഴിഞ്ഞും കാണാതായതോടെ പൊലീസുകാർ തിരച്ചിൽ തുടങ്ങി. കാടു പിടിച്ചു കിടക്കുന്ന കുളത്തിൽ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.