വിശ്രുത സംഗീതജ്ഞനും ഓസ്‌കർ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന സംഗീത പ്രതിഭയുമായ എ ആർ റഹ്മാന്റെ ആത്മകഥ ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയിൽ പ്രകാശനം ചെയ്തു. ഇന്നത്തെ അതുല്യമായ അവസ്ഥയിലെത്തുന്നതിന് മുമ്പ് താൻ ജീവിതത്തിൽ താണ്ടിയ കനൽ വഴികളെ കുറിച്ച് പുസ്തകത്തിന്റെ ലോഞ്ചിങ് വേളയിൽ റഹ്മാൻ വെളിപ്പെടുത്തുന്നു. മുസ്ലീമായി മതം മാറുന്നതിന് മുമ്പുള്ള തന്റെ പേരായിരുന്ന ദിലീപ് കുമാർ എന്ന പേരിനെ താൻ വല്ലാതെ വെറുത്ത് പോയ സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിരുന്നുവെന്നാണ് റഹ്മാൻ വെളിപ്പെടുത്തുന്നത്. 

സംഗീതജ്ഞനും പിതാവുമായ ആർ.കെ.ശേഖറിന്റെ മരണത്തോടെ ലഭിച്ച സിനിമകൾ പോലും താൻ വേണ്ടെന്ന് വച്ചിരുന്നുവെന്നും 25 വയസു വരെ ആത്മഹത്യ ചെയ്യാൻ അനേകം തവണ ആലോചിച്ചിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തുന്നു. തന്റെ ജീവിതം രേഖപ്പെടുത്തുന്ന പുസ്തകത്തിലൂടെയും പൊള്ളുന്ന ഇത്തരം അനുഭവങ്ങളാണ് റഹ്മാൻ പങ്ക് വയ്ക്കുന്നത്.' നോട്സ് ഓഫ് ഡ്രീം; ദി അഥോറൈസ്ഡ് ബയോഗ്രഫി ഓഫ് എആർ റഹ്മാൻ ' പുസ്തകത്തിന്റെ ലോഞ്ചിങ് വേളയിലാണ് റഹ്മാൻ മനസ് തുറന്നിരിക്കുന്നത്. കൃഷ്ണ ട്രിലോക് എഴുതിയിരിക്കുന്ന ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻഡ്മാർക്ക്, പെൻഗ്വിൻ റാൻഡം ഹൗസ് എന്നിവ ചേർന്നാണ്.

അച്ഛൻ മരിച്ചതിന് ശേഷം കുറേക്കാലത്തേക്ക് കൂടുതൽ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും റഹ്മാൻ ഓർക്കുന്നു. ആ വേളയിൽ 35 സിനിമകൾ തനിക്ക് ലഭിച്ചപ്പോൾ വെറും രണ്ടെണ്ണം മാത്രമായിരുന്നു താൻ ചെയ്തിരുന്നെതന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ താനും കുടുംബവും എങ്ങനെയാണ് ജീവിക്കുകയെന്ന് വരെ അഭ്യുദയകാംക്ഷികൾ ആശങ്കപ്പെട്ടിരുന്നുവെന്നും റഹ്മാൻ ഓർത്തെടുക്കുന്നു. തുടർന്ന് ചെന്നൈയിൽ സ്വന്തമായി റെക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചതോടെയാണ് തന്റെ ജീവിതത്തിന് പരിണാമമുണ്ടായതെന്നും സംഗീതപ്രതിഭ വെളിപ്പെടുത്തുന്നു.

പിതാവിന്റെ മരണ ശേഷം അനുഭവിച്ച കടുത്ത പ്രതിസന്ധികൾ മനസിനെ പാകപ്പെടുത്തിയെന്നും ഇതോടെ ഭയമില്ലാതെ ഏത് കാര്യത്തെയും ഉൾക്കൊള്ളാനും ഇടപഴകാനും തനിക്ക് കരുത്ത് പകർന്നു. മരണം ഒഴിച്ച് കൂടാനാവാത്ത പ്രതിഭാസമാണെന്നും നാം സൃഷ്ടിച്ചതിന് എന്നായാലും അന്ത്യമുണ്ടെന്നും പിന്നെ മരണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും പുസ്തകപ്രകാശന ചടങ്ങിൽ വച്ച് റഹ്മാൻ വികാരാധീനനായെന്നാണ് റിപ്പോർട്ട്. 1992ൽ മണിരത്നത്തിന്റെ റോജയിൽ മ്യൂസിക് ഡയറക്ടറായി അരങ്ങേറുന്നതിന് മുമ്പ് തന്റെ 20ാം വയസിൽ റഹ്മാനും കുടുംബവും സൂഫി ഇസ്ലാം വിശ്വാസത്തിലേക്ക് മാറുകയായിരുന്നു. തുടർന്നാണ് ദിലീപ് കുമാർ എന്ന പേര് ഉപേക്ഷിച്ച് അദ്ദേഹം എ ആർ റഹ്മാനായിത്തീർന്നത്.