കൊച്ചി: മലയാള സിനിമാപ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആടു ജീവിതം ടീം. പ്രിഥ്വിരാജ് നായകനാവുന്ന ചിത്രത്തിലൂടെ ഓസ്‌കാർ ജേതാവ് എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ച് വരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റഹ്മാൻ ചിത്രത്തിനായി സംഗീതമൊരുക്കാൻ സമ്മതിച്ചതായും ഉടൻ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നും സൂചനയുണ്ട്. ഇത് യാഥാർത്ഥ്യമായാൽ യോദ്ധക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാവും ആടുജീവിതം.

ഇതിന് മുമ്പ് 1992 ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയിലായിരുന്നു റഹ്മാൻ സംഗീതം മലയാള്ികൽ കേട്ടത്.മലയാളികൾ ഇരു കൈയും നീട്ടിയാണ് ചിത്രത്തിലെ ഗാനങ്ങൾ സ്വീകരിച്ചത്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം തുടങ്ങും.പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലാണ് അതേ പേരിൽ സിനിമയാകുന്നത്.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2008 ഓഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015ലെ പത്മപ്രഭാ പുരസ്‌കാരവും നേടിയിട്ടുണ്ട്.