കൊച്ചി: മഴവിൽ മനോരമയെ റേറ്റിംഗിൽ വെട്ടി മുന്നേറുന്ന ഫ്‌ളവേഴ്‌സ് ചാനൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാക്കാൻ നടത്തിയ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു. കനത്ത മഴ പെയ്തതോടെ നിലംനികത്തിയെടുത്ത പാടത്ത് പരിപാടി നടത്താൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ പരിപാടിയിൽ വൻതുകകൾ നൽകി ടിക്കറ്റെടുത്ത ആയിരങ്ങൾ പ്രതിഷേധമുയർത്തുകയാണ്. ഇന്ന് പരിപാടി നടത്താൻ പറ്റില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആർ റഹ്മാൻ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയിൽ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകർ ചാനലിനെതിരെ ശക്തമായി പ്രതികരിച്ചുതുടങ്ങി.

തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ ആണ് പരിപാടിക്കായി വേദി ഒരുക്കിയത്. എന്നാൽ ഇതിനടുത്ത സ്ഥലം മണ്ണിട്ട് നികത്തിയെടുത്തെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കോടതിയിൽ പരാതി എത്തുകയും മണ്ണിട്ടു നികത്തിൽ വിലക്കുകയും ചെയ്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ഫ്‌ളവേഴ്‌സിന്റെ ഷോ നടക്കുന്നതെന്ന പ്രചരണവും നടന്നു. ഇതിന് പിന്നാലെ ഇന്ന് മഴപെയ്തതോടെ പ്രദേശം ചളിക്കുളമായി.

ഇതോടെയാണ് പരിപാടി നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായത്. സംഗീത നിശ നാളെ ഇതേ സമയത്ത് നടത്തുമെന്നാണ് ഫ്‌ളവേഴ്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൻ തുക നൽകി വിദേശത്തുനിന്ന് ഉൾപ്പെടെ എത്തിയ ആരാധകർ നിരാശയിലാണ്. അവരിൽ പലരും മടങ്ങുകയും ചെയ്തു. സ്വകാര്യ ആശുപത്രി മുതലാളിക്കുവേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ ഷോ നടത്താൻ തീരുമാനിച്ചതാണ് പരിപാടി നടക്കുന്ന ഗ്രൗണ്ടിനെ ചെളിക്കുളമാക്കി മാറ്റിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.

അപൂർവമായി മാത്രം സംഗീത നിശയ്ക്ക് സമയം അനുവദിക്കുന്നയാളാണ് എ ആർ റഹ്മാൻ. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല, വിദേശത്തുനിന്നുള്ള പ്രവാസികൾ വരെ ഈ രാത്രിക്കായി കൊച്ചിയിലെത്തി. എന്നാൽ മഴ പെയ്ത് ഗ്രൗണ്ട് ചളിക്കുളമായതോടെ എല്ലാം താളംതെറ്റി. വൈകിട്ട് ആറ് മണിയോടെ സംഗീത വിസ്മയത്തിന് തുടക്കമാവുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴ ശക്തമായി പെയ്യുകയാണ്. പരിപാടി നടക്കുമെന്നുപോലും ഉറപ്പില്ല. നാല് മണിയോടെ നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ വിദേശത്തു നിന്നുപോലും എത്തിയ ആരാധകർ കടുത്ത ആശങ്കയിലായി.

സിനിമയിലൂടെ മാത്രം കേട്ട ആ മാന്ത്രിക സംഗീതം നേരിട്ട് കേൾക്കുന്നതിനപ്പുറം ആ സംഗീത വിസ്മയത്തെ നേരിട്ട് കാണാമെന്ന ആവേശത്തിലായിരുന്നു റഹ്മാൻ ആരാധകർ. ടിക്കറ്റ് വിൽപ്പന ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴിയാണ് നടത്തിയത്. നാലു റേറ്റിലായിരുന്നു വിൽപന. ഇത്തരമൊരു പരിപാടി ഇരുമ്പനം ഗ്രൗണ്ടിൽ സംഘടിപ്പിച്ചതുതന്നെ സ്വകാര്യ ആശുപത്രി മുതലാളിക്ക് സ്ഥലം നികത്താൻ അവസരമൊരുക്കാൻ ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.

ഇത്തരത്തിൽ നികത്തിയെടുത്ത സ്ഥലമായതിനാൽ മഴ പെയ്തതോടെ എല്ലാം പാളി. സ്ഥലം കാലെടുത്തു വയ്ക്കാൻ പറ്റാത്ത രീതിയിൽ ചെളിക്കുളമായി. അതോടെ ആരാധകരും വലിയ പ്രതിഷേധത്തിലാണ്. അഞ്ഞൂറു രൂപമുതൽ അയ്യായിരം രൂപവരെയുള്ള നാലു സെഗ്മെന്റുകളിലായായിരുന്നു ടിക്കറ്റ് വിൽപന. ഇത്തരത്തിൽ ടിക്കറ്റ് വാങ്ങിയെത്തിയവരാണ് ഷോ മുടങ്ങിയതോടെ നിരാശരായത്. ഷോ നടത്തുമെന്ന് സംഘാടകർ പറയുന്നെങ്കിലും ആകെ ചെളിക്കുളമായ ഗ്രൗണ്ടിൽ ഇന്ന് ഷോ നടക്കില്ലെന്ന് പറഞ്ഞാണ് പലരും മടങ്ങുന്നത്. ആരാധകർ രോഷാകുലരാകുന്ന സന്ദർഭം ഉള്ളതിനാൽ പൊലീസും ജാഗ്രതയിലാണ്. ഷോ നാളെ നടത്തുമെന്ന് പിന്നീട് പ്രഖ്യാപനം വന്നെങ്കിലും അതിലും ഉറപ്പില്ല. നാളെയും മഴ കനത്താൽ ഇതിലും ഭീകരമാകും സ്ഥിതി. ഇതോടെ ടിക്കറ്റെടുത്തവരിൽ പലരും ബഹളം വച്ചുതുടങ്ങി. പലരും മടങ്ങുകയും ചെയ്തു.

ഷോയ്ക്ക് വേണ്ടി വിവാദ ഭൂമിയിൽ വയൽ നികത്തി

എ.ആർ റഹ്മാന്റെ സംഗീതനിശയുടെ മറവിൽ വയൽ നികത്തുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ നികത്തിയെടുത്ത വയലാണ് ഷോയ്ക്ക് മുമ്പു പെയ്ത മഴയിൽ ചളിക്കുളമായി മാറിയത്. ഇരുമ്പനത്ത് 26 ഏക്കർ പാട ശേഖരം സംഗീതനിശയുടെ മറവിൽ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ആണ് പരാതി ഉയർന്നത്. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്.

സംഗീത നിശയുടെ മറവിൽ കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സർവ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നതെന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്നുമാണ് ആക്ഷേപം ഉയർന്നത്.

പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ: ഏറെക്കാലമായി നികത്തൽ വിവാദത്തിലും കേസിലും ഉൾപ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റർ വീതിയിൽ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കി. ജെസിബി, ട്രാക്റ്റർ തുടങ്ങിയ യന്ത്രങ്ങൾ ഉപോയോഗിച്ചാണ് നികത്തൽ. മുൻപ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താൻ പാടില്ലന്ന നിയമം നിലനിൽക്കെയാണ് ഇതെല്ലാം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.

പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. സാധാരണക്കാരന് വീട് വയ്ക്കാൻ പോലും കൃഷി ഭൂമിയിൽ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകൾ താണ്ടണമെന്നിരിക്കെ ഭൂമി നികത്തൽ ശ്രദ്ധയിൽ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്. പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തൽ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകൽ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവർത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്.

അതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിർത്തിവയ്‌പ്പിക്കണമെന്നും നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണെമെന്നും കർശന ശിക്ഷാനടപടികൾ സ്വീകരിക്കണെമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്റ്റർ, ജില്ലാ കലക്റ്റർ എന്നിവർക്കു രേഖാമൂലം പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പരിപാടി മഴമൂലം ഗ്രൗണ്ട് ചെളിക്കുളമായതോടെ ഉപേക്ഷിക്കേണ്ടി വന്നത്.

മനോരമയെ വെട്ടാൻ ഒരുക്കിയ ഷോ

ശ്രീകണ്ഠൻ നായർ എന്ന പ്രതിഭയ്ക്ക് കിട്ടിയ വലിയ തിരിച്ചടിയായി ഇന്നത്തെ സംഭവം. ആകാശവാണിയിൽ തുടങ്ങി ദൂരദർശനിലൂടെ പിന്നീട് ഏഷ്യാനെറ്റിലും മനോരമയിലും എത്തിയ പ്രതിഭയാണ് അദ്ദേഹം. ഫ്‌ളവേഴ്‌സ് ചാനലിന്റെ മേധാവി ആയതോടെ അതിനെ ഉയരങ്ങളിലേക്ക് എത്തിച്ച ശ്രീകണ്ഠൻ നായർ ഇപ്പോൾ റേറ്റിംഗിൽ മഴവിൽ മനോരമയെക്കാളും ഫ്‌ളവേഴ്‌സിനെ മുന്നിലെത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഴവിൽ അമ്മ ഷോ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയപ്പോൾ അതിനെ വെല്ലാനാണ് റഹ്മാൻ ഷോയുമായി ശ്രീകണ്ഠൻ നായരും ഫ്‌ളവേഴ്‌സും എത്തുന്നത്. എന്നാൽ ഇന്ന് ഷോ മുടങ്ങിയത് ചാനലിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം ഷോയുടെ മറവിൽ ഭൂമിനികത്തലിന് ചാനൽ കൂട്ടുനിന്നു എന്ന തരത്തിൽ ആക്ഷേപങ്ങളും ഉയരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമ്പർ ത്രിയായി ഫ്ളവേഴ്സ് മാറിയിരുന്നു. ഏഷ്യാനെറ്റും സൂര്യയുമാണ് മുന്നിലുള്ളത്. മനോരമ നാലാം സ്ഥാനത്തും. ഇതിനൊപ്പമാണ് സ്റ്റേജ് ഷോകളിലും മനോരമയെ വെട്ടുന്ന എ ആർ റഹ്മാൻ നമ്പറുമായി ശ്രീകണ്ഠൻ നായരെത്തിയത്. മൂന്ന് മാസമായി ബാർക് റേറ്റിംഗിൽ ഏറെ മുന്നോട്ട് പോകാൻ ഫ്ളവേഴ്സിന് കഴിഞ്ഞിരുന്നു. 2017ലെ 17-ാം ആഴ്ചയിലും മനോരമയേക്കാൾ ഏറെ മുന്നിൽ ഫ്ളവേഴ്സുണ്ട്. പാമ്പര്യത്തിന്റെ കുരുത്തുമായി ഏഷ്യാനെറ്റ് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി നേരിയ പോയിന്റെ വ്യത്യാസം മാത്രമാണ് ഫ്ളവേഴ്സിനുള്ളത്.

സിനിമകളുടെ കരുത്തില്ലാതെ കുടുംബ പരിപാടികളിലൂടെയാണ് ഫ്ളവേഴ്സ് ഏവരേയും തോൽപ്പിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് താര രാജക്കന്മാരെ മുൻനിർത്തി 'മഴവിൽ അമ്മ'യുമായി മനോരമ എത്തിയത്. ഏഷ്യാനെറ്റിന്റെ ജനവുരിയിലെ താര നിശപോലും അട്ടിമറിക്കാനുള്ള നീക്കം നടന്നു. അതിൽ മനോരമ വിജയിച്ചു. എന്നാൽ തിരുവനന്തപുരത്ത് മോഹൻലാലും മമ്മൂട്ടിയും എല്ലാം അണിനിരന്ന മഴവിൽ അമ്മ വേണ്ടത്ര വിജയമായില്ല. മഴയും മറ്റും വില്ലനായി എത്തുകയും ചെയ്തു. തമിഴക സൂപ്പർ താരം സൂര്യയെ എത്തിച്ചതുമെല്ലാം ഷോയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ തന്ത്രത്തെയാണ് എ ആർ റഹ്മാനെ ഇറക്കി ഫ്ളവേഴ്സ് പൊളിക്കുന്നതെന്ന നിലയിലാണ് ഈ ഷോയെ ചാനൽ ലോകം കണ്ടത്. എന്നാൽ ഇന്ന് ഷോ നടക്കാതെ വന്നതോടെ ഇത് വലിയ തിരിച്ചടിയായി മാറുകയാണ് ചാനലിന്.