കോഴിക്കോട്: കോഴിക്കോട്ടെ സംസാകാരിക കൂട്ടായ്മകളിലെ നിറ സാന്നിദ്ധ്യമായിരുന്നു ഇന്ന് വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ച എ ശാന്തകുമാർ. കോഴിക്കോട് ആർട് ഗ്യാലറി കേന്ദ്രീകരിച്ചുള്ള സംസ്‌കാരിക കൂട്ടായ്മകളിലെ എന്നും ശാന്തകുമാറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1965 നവംബർ 13നാണ് അദ്ദേഹം ജനിച്ചത്.

കോഴിക്കോട് ജില്ലയിലെ പറമ്പിൽ ബസാറിലായിരുന്നു ജനനം. മീഞ്ചന്ത ആർട്സ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ അദ്ദേഹം സജീവമായി നാടക രംഗത്തേക്ക് ഇറങ്ങിയത്. മീഞ്ചന്ത ആർട്സ് കോളേജിലെ പഠന കാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു അദ്ദേഹം. നാടകരചനയും സംവിധാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകൾ. 1999ൽ സംഗീത നാടക അക്കാദവി അവാർഡ് നേടിയ പെരുംകൊല്ലൻ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം സജീവമായി നാടക രംഗത്തേക്ക് വന്നത്.

പിന്നീട് രണ്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം കേരളത്തിലെ അമേച്വർ നാടക വേദികളിൽ സജീവമായിരുന്നു. സംഗീത സാഹിത്യ അക്കാമദമി അവാർഡും നാടക അക്കാദമി അവാർഡും ഒന്നിലേറെ തവണ ലഭിച്ച അദ്ദേഹത്തിന് വേറെയും നിരവധി പുരസ്‌കാരങ്ങൽ ലഭിച്ചു. സുഖനിദ്രയിലേക്ക് എന്ന നാടകത്തിന് ബാങ്ക്മെൻസ് ക്ലബ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പിൽ ഭാസി അവാർഡും ബാലൻ കെ.നായർ അവാർഡും ലഭിച്ചു. നിലമ്പൂർ ബാലൻ പുരസ്‌കാരം, കൈരളി ടി വി അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവയും ശാന്തകുമാറിന് വിവിധ വർഷങ്ങളിൽ ലഭിച്ചു. സ്വപ്നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. കർക്കടകം, കുരുടൻ പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നുന്നു, കറുത്ത വിധവ,പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കർക്കടകം, സ്വപ്നവേട്ട, ജയിൽ ഡയറി തുടങ്ങി അറുപതിലേറെ നാടകങ്ങൾ രചിച്ചു. ഒരു ദേശം നുണപറയുന്നു എന്നപേരിൽ ഏകാങ്കങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ്.

കൂവാഗം എന്ന പേരിൽ നാടക സമാഹാരവും അദ്ദേഹത്തിന്റെതായി ഈ അടുത്ത് പ്രസിദ്ധീകരിച്ചു. ലൈംഗികത്തൊഴിലാളികൾക്കു വേണ്ടി എ ശാന്തകുമാർ രചനയും സംവിധാനവും നിർവഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാർ, സ്വവർഗാനുരാഗികൾക്കുവേണ്ടി രചിച്ച അവസാനചുംബനം എന്നീ നാടകങ്ങൾ എറെ ചർച്ച ചെയ്യപ്പെട്ടു. അരക്കു കീഴെ തളർന്ന അജയൻ എന്ന നാടക നടനു വേണ്ടി രചനയും സംവിധാനവും നിർവഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചർച്ച ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ന് വൈകീട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എ ശാന്തകുമാർ മരണപ്പെടുന്നത്. രക്താർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനടെ ഇന്നലെ കോവിഡ് സ്ഥിരീകരിക്കുയും ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഇന്ന് വൈകീട്ട് മരണപ്പെട്ടത്. സജീവ ഇടതു പക്ഷ പ്രവർത്തകനായിരുന്ന ശാന്തകുമാരൻ കോഴിക്കോട്ടെ സംസ്‌കാരിക കൂട്ടായ്മകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ചെറിയ ഇടവേളക്ക് ശേഷം രോഗം വീണ്ടും പിടിമുറുക്കിയ സമയത്ത് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. അന്തിമ വിധി എന്തായാലും നാടകക്കാരനായി തന്നെ പുനർജനിക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ഫെയ്സ് ബുക്കിൽ കുറിച്ചത്. ഷൈനിയാണ് ശാന്തകുമാറിന്റെ ഭാര്യ. നീലാഞ്ജന ഏക മകളാണ്.