- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് മന്ത്രിസഭ വന്നാൽ മോഹം ഉപമുഖ്യമന്ത്രി പദം; യുപിഎ അധികാരമേറിയാൽ ഇ.അഹമ്മദിനെ പോലെ സഹമന്ത്രിപദവി; മുത്തലാഖ് വിവാദം മല പോലെ വന്നപ്പോൾ മങ്ങിപ്പോയത് കുഞ്ഞാപ്പയുടെ സാധ്യതകൾ; പാർട്ടിയിലെ എതിരാളികൾ ഒറ്റക്കെട്ടായതോടെ കുരുക്കുമുറുകുന്നു; കേരളത്തിൽ മൂന്നാം കക്ഷിയായി ചുവടുറപ്പിക്കാൻ പാർട്ടി പണിപ്പെടുമ്പോൾ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ നിന്നും മുങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ റോൾ എന്ത്? പ്രതിസന്ധിയുടെ അളവ് കൂട്ടി മുസ്ലിം ലീഗിൽ ഇപ്പോൾ നേതൃമാറ്റ ആവശ്യവും
തിരുവനന്തപുരം: മുസ്ലിം ലീഗിൽ ആഞ്ഞുവീശുന്ന മുത്തലാഖ് വിവാദത്തിൽ അടിപതറിയ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി നേതൃമാറ്റ ആവശ്യവും. മുസ്ലിം ലീഗിലെ യുവ നേതൃനിരയിൽ കരുത്തനായ മലപ്പുറം മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. ലീഗിന് പുതിയൊരു മുഖം വേണമെന്ന് ആഗ്രഹിക്കുന്ന നേതൃനിരയിലെ പ്രമുഖർ ഈ ആവശ്യത്തിന് മൗനസമ്മതവുമായി രംഗത്തുമുണ്ട്. തന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ കാക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് വൻ തിരിച്ചടിയാണ് പുതിയ സംഭവങ്ങൾ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ലക്ഷ്യമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. പക്ഷെ അതിനു മുൻപ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ വന്നാൽ ഒരു കേന്ദ്രമന്ത്രി പദവി. മുൻപ് ഇ.അഹമ്മദ് വഹിച്ചതുപോലെ കേന്ദ്രത്തിൽ ഒരു സഹമന്ത്രി സ്ഥാനം. ഇതാണ് നിലവിലെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾക്ക് ആണ് മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ പ്രതിബന്ധം തീർക്കുന്നത്. കുഞ്ഞ
തിരുവനന്തപുരം: മുസ്ലിം ലീഗിൽ ആഞ്ഞുവീശുന്ന മുത്തലാഖ് വിവാദത്തിൽ അടിപതറിയ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി നേതൃമാറ്റ ആവശ്യവും. മുസ്ലിം ലീഗിലെ യുവ നേതൃനിരയിൽ കരുത്തനായ മലപ്പുറം മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. ലീഗിന് പുതിയൊരു മുഖം വേണമെന്ന് ആഗ്രഹിക്കുന്ന നേതൃനിരയിലെ പ്രമുഖർ ഈ ആവശ്യത്തിന് മൗനസമ്മതവുമായി രംഗത്തുമുണ്ട്. തന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ കാക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് വൻ തിരിച്ചടിയാണ് പുതിയ സംഭവങ്ങൾ.
വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ലക്ഷ്യമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. പക്ഷെ അതിനു മുൻപ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ വന്നാൽ ഒരു കേന്ദ്രമന്ത്രി പദവി. മുൻപ് ഇ.അഹമ്മദ് വഹിച്ചതുപോലെ കേന്ദ്രത്തിൽ ഒരു സഹമന്ത്രി സ്ഥാനം. ഇതാണ് നിലവിലെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾക്ക് ആണ് മുത്തലാഖ് വിവാദം കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ പ്രതിബന്ധം തീർക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ഈ ലക്ഷ്യമാണെങ്കിൽ പാർട്ടിക്ക് വേറെ ലക്ഷ്യമാണ്. മൂന്നാമത്തെ പാർട്ടിയായി ചുവടുറപ്പിക്കുകയെന്ന ലക്ഷ്യമായാണ് കേരളത്തിൽ മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ മൂന്നാമത്തെ പാർട്ടി. ഇതാണ് ലീഗ് ലക്ഷ്്യം.
കെ.ടി.ജലീലിന്റെ ബന്ധു നിയമന പ്രശ്‌നത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ പി.കെ.ഫിറോസിനെക്കൊണ്ട് മുസ്ലിം ലീഗ് ആഞ്ഞടിച്ചതിനു പിന്നിലും ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയതിനു പിന്നിലുമുള്ള ലീഗ് വികാരം ഇതുതന്നെയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ പാർട്ടിയിലെ ഉന്നതർക്ക് അറിയാമെങ്കിലും ഇതിൽ ഒരു ഏറ്റുമുട്ടലിന്റെ പ്രശ്‌നമില്ലായിരുന്നു. പക്ഷെ മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പിന് ഹാജരാകാതെ പാർലമെന്റിൽ നിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങിയത് വാർത്തകളിൽ സ്ഥാനം പിടിച്ചതോടെ കുഞ്ഞാലിക്കുട്ടിക്ക് വൻ അടിപതറൽ തന്നെയാണ് നേരിട്ടത്. പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ എതിരാളികൾ ഒറ്റക്കെട്ടായി ഈ പ്രശ്‌നത്തിൽ മുന്നോട്ട് വന്നു.
ഇ.ടി.മുഹമ്മദ് ബഷീറും, എം.കെ.മുനീറും, കെ.എം.ഷാജിയും അടക്കമുള്ള ലീഗിലെ വൻനിര ഈ പ്രശ്‌നത്തിൽ പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുന്നോട്ടു വന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് നേട്ടം എന്നല്ലാതെ പാർട്ടിക്ക് ഒരു നേട്ടവുമില്ല. പാർട്ടിയെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അപര്യാപ്തമാണ്. ഇതാണ് കുഞ്ഞാലിക്കുട്ടി വിമർശകർ ഉയർത്തുന്ന വാദം. ഇതിൽ സത്യമുണ്ടെന്ന് മുസ്ലിം ലീഗിനെ നിരീക്ഷിക്കുന്ന എല്ലാവർക്കും മനസിലാക്കാനും കഴിയും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത് മുസ്ലിം ലീഗിലെ നേതൃമാറ്റമാണ്.
മുത്തലാഖ് വിവാദം നേതൃമാറ്റം എന്ന ആവശ്യത്തിന് തന്നെ ലീഗിലെ നേതൃനിരയെ പ്രാപ്തമാക്കിയത് എന്ന് പറയുമ്പോൾ മുത്തലാഖ് വിവാദം ലീഗിനെ എത്രമാത്രം ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് തെളിവാണ്. ഈ പ്രതിസന്ധി കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലും തെളിയുന്നുണ്ട്. ഇതിലും വലിയ പ്രതിസന്ധികൾ അതിജീവിച്ചിട്ടുണ്ടെന്ന കുഞ്ഞാലിക്കുട്ടി തന്നെ പറയുമ്പോൾ ഈ വാക്കുകളിൽ നിലവിൽ അദ്ദേഹം അനുഭവിക്കുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നതാണ്. പാർലമെന്റിൽ, ബിൽ ചർച്ചയ്ക്കുള്ള വിഷയങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി കൊടുക്കുന്നതാണ്. അതുകൊണ്ട് തന്നെ മുത്തലാഖ് വിഷയം അറിഞ്ഞില്ല എന്ന വാദം തെറ്റാണ് എന്ന് ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
മുത്തലാഖ് വിഷയം പഠിച്ചിട്ട് പാർലമെന്ററിൽ കത്തിക്കയറിയ ഹൈദരാബാദിൽ നിന്നുള്ള എഐഎംഎം നേതാവ് അസദുദീൻ ഒവൈസി നടത്തിയ പ്രസംഗം ലീഗ് നേതാക്കൾ ഉയർത്തുകയാണ്. ഒവൈസി പാർലമെന്റിൽ ശബ്ദം ഉയർത്തിയപ്പോൾ ലോക്‌സഭാ നിശബ്ദമായി അത് കേട്ടുകൊണ്ട് ഇരുന്നു. അപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ റോൾ എന്തായിരുന്നു എന്നാണ് ലീഗ് നേതാക്കൾ ചോദിക്കുന്നത്. ഈ ചോദ്യം കുഞ്ഞാലിക്കുട്ടിക്ക് വലിയ പ്രതിസന്ധി തന്നെയാണ് തീർക്കുന്നത്. ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയുടെ സ്ഥാനത്ത് ഉണ്ടായിരുന്ന ഇ.അഹമ്മദ് പാർലമെന്റിൽ എത്തിയപ്പോൾ ലീഗിന്റെ അഖിലേന്ത്യാ നേതൃമുഖമായി മാറി. മുസ്ലിം ലോകനേതാക്കൾക്കിടയിൽ അഹമ്മദ് സ്വീകാര്യനായി മാറുകയും ചെയ്തു. ഈ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സംഭാവനയാണ് ലീഗ് നേതാക്കൾ ചോദ്യം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ശക്തമായ വികാരം ഇന്ത്യയിൽ അലയടിക്കുന്നുന്നുണ്ട്. ഈ വികാരത്തിന്നനുസൃതമായി ലീഗിന് ചുവട് വയ്ക്കാൻ കഴിയുന്നുമില്ല എന്ന ആരോപണമാണ് ലീഗ് നേതാക്കൾ ഉയർത്തുന്നത്. ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കുഞ്ഞാലിക്കുട്ടി വേങ്ങര അസംബ്ലി മണ്ഡലത്തിൽ നിന്നും രാജി വയ്ക്കാനും മലപ്പുറം ലോക്‌സഭാ സീറ്റിൽ മത്സരിക്കാനും സ്വകാര്യമായി പറഞ്ഞ കാരണങ്ങളിൽ ഒന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയോടുള്ള വിയോജിപ്പായിരുന്നു. ചെന്നിത്തലയ്ക്കൊപ്പം പ്രതിപക്ഷത്ത് പറ്റില്ലാ എന്നാണ് വിശ്വസ്തരോട് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിലെ വൻ യുവ നിരയുണ്ടായിട്ടും ലോക്‌സഭയിലേക്ക് കുഞ്ഞാലിക്കുട്ടി തന്നെ പോയത് ഇത്തരം വാദങ്ങൾ നിരത്തിയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി മുങ്ങിയ പ്രശ്‌നം ലീഗിൽ വലിയ വിവാദങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ശൈലി വരെ വിമർശന വിധേയമാക്കുകയാണ്. അതിനു എരിവ് കൂട്ടിയാണ് കുഞ്ഞാലിക്കുട്ടി ലീഗിൽ നേതൃനിരയെ വളർത്തുന്നില്ല എന്ന ആരോപണം കൂടി ഒപ്പം ഉയർത്തുന്നത്.
എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യങ്ങൾ പാളുകയാണ്. കാരണം കുഞ്ഞാലിക്കുട്ടി വിമർശകർ ലക്ഷ്യം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടി മുന്നിൽ കാണുന്ന ഉപമുഖ്യമന്ത്രി പദവും വരുന്ന യുപിഎ മന്ത്രിസഭ വന്നാൽ കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്ന മന്ത്രിപദവിയുമാണ്. ഇതുകൊണ്ടു തന്നെയാണ് ഐസ്‌ക്രീം പാർലർ കേസിനു ശേഷം കുഞ്ഞാലിക്കുട്ടി നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി രാഷ്ട്രീയ നിരീക്ഷകർ കുഞ്ഞാലിക്കുട്ടിയുടെ നേർക്കുള്ള മുത്തലാഖ് വിവാദത്തെ കാണുന്നത്.