ന്യൂഡൽഹി: നരേന്ദ്ര മോദിയെ യുനെസ്‌കോ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തുവെന്ന് കേട്ടപാതി കേൾക്കാത്തപാതി പ്രതികരണങ്ങളുമായി അരങ്ങുവാണുതോടെ ഇളിഭ്യരായത് ലക്ഷക്കണക്കിന് മോദി ആരാധകർ. പ്രമുഖരുൾപ്പെടെ നിരവധിപേരെ 'ചതിക്കുഴിയിൽ വീഴ്‌ത്തിയ' വ്യാജസന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 'ലോകത്തെ എറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ യുനെസ്‌കോ തിരഞ്ഞെടുത്തിരിക്കുന്നു' എന്ന സന്ദേശമാണ് വ്യാഴാഴ്ച പ്രചരിപ്പിക്കപ്പെട്ടത്.

മെസേജ് കിട്ടിയവരെല്ലാം അത് സത്യമാണോ എന്ന് തിരക്കുകപോലും ചെയ്യാതെ ഷെയർചെയ്തതോടെ വാർത്ത കാട്ടുതീപോലെ പടർന്നു. വാട്‌സ്ആപിലും ട്വിറ്ററിലുമായിരുന്നു കൂടുതൽ സന്ദേശങ്ങളും. അലെർട്ട് നെറ്റിസൺസ് സംഗതി വ്യാജമാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിക്കുംവരെ മോദിയെ യുനെസ്‌കോ മികച്ച പ്രധാനമന്ത്രിയാക്കിയതായ വാർത്തയും അദ്ദേഹത്തെ അഭിനന്ദിച്ചുള്ള സന്ദേശങ്ങളും നിലയ്ക്കാതെ പ്രവഹിക്കുകയായിരുന്നു.

സന്ദേശമെത്തിയതോടെ സോഷ്യൽ മീഡിയയിൽ മോദി സ്തുതികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു പിന്നെ. സംഗതി സത്യമാണോ എന്ന് അന്വേഷിക്കുകപോലും ചെയ്യാതെ അഭിനന്ദന സന്ദേശങ്ങളുമായി പ്രമുഖർവരെ നിരന്നു. ബില്യാഡ്‌സ് ചാമ്പ്യൻ പങ്കജ് അദ്വാനിയുൾപ്പെടെ നിരവധി പേർ സന്ദേശം ഷെയർ ചെയ്തതോടെ സംഗതി വൈറലായി. 'യുനെസ്‌കോ മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നരേന്ദ്ര മോദി സാറിന് അഭിനന്ദനങ്ങൾ' എന്ന് പ്രൗഡ് ഇന്ത്യൻ, പിഎംഒ ഇന്ത്യ തുടങ്ങിയ ഹാഷ് ടാഗുകളുമായി പങ്കജ് അദ്വാനി തന്റെ രണ്ടര ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിന് ട്വീറ്റ് ചെയ്തതോടെയാണ് വിവരം കൂടുതൽപേരിൽ എത്തിയത്.

തെറ്റുമനസ്സിലാക്കി പങ്കജ് തിരുത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. സാധാരണക്കാരായ ഒരാൾ ഷെയർചെയ്യുന്നതിനപ്പുറം നിരവധി പേരിലേക്കാണ് പങ്കജിന്റെ സന്ദേശം ചെന്നെത്തിയത്. താനൊരു ലോകപട്ടം നേടുന്നതിലും വേഗത്തിലാണ് വാർത്ത പരന്നതെന്ന് പങ്കജ് തന്നെ തന്റെ തെറ്റുതിരുത്തൽ സന്ദേശത്തിൽ വ്യക്തമാക്കി.

ആദ്യ സന്ദേശത്തിന്റെ രൂപവും ഭാഗവും മാറ്റിയായിരുന്നു അടുത്ത സന്ദേശങ്ങൾ. 'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്‌കോ അൽപ നിമിഷം മുമ്പ് തിരഞ്ഞെടുത്തിരിക്കുന്നു. ദയവായി ഷെയർചെയ്യൂ. ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ'. ഇങ്ങനെയെല്ലാമായി പിന്നീട് സന്ദേശത്തിന്റെ പതിപ്പുകൾ. അതോടെ ആദ്യം ഷെയർചെയ്ത് 'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാൻ മത്സരമായി. മോദിക്ക് അഭനന്ദനം പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളും പിന്നാലെ പറന്നു. വ്യാഴാഴ്ച തുടങ്ങിയ സന്ദേശമയക്കൽ 'മിനിറ്റുകൾക്കു മുമ്പ്' എന്ന വാക്കുപോലും മാറ്റാതെ വെള്ളിയാഴ്ച വൈകീട്ടുവരെ തുടർന്നും ഓടിക്കൊണ്ടിരുന്നു.

അബദ്ധ സന്ദേശം പ്രചരിപ്പിച്ചവരെ കളിയാക്കിയും ഇതോടെ മെസേജുകൾ വന്നുതുടങ്ങി. 'വ്യാജ വാട്‌സ്ആപ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ മികച്ച രാജ്യമായി യുനെസ്‌കോ ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നു' എന്നായിരുന്നു അതിലൊന്ന്. ഏതായാലും ഇത്തരം സന്ദേശങ്ങളുടെ ഉറവിടം അറിഞ്ഞിട്ടില്ലെങ്കിലും ഇവ ഷെയർ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന സന്ദേശമാണ് പുതുതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്. മോദി ആരാധകരെ കളിയാക്കിയും സന്ദേശങ്ങൾ വ്യാപകമാകുകയാണിപ്പോൾ.