തിരുവനന്തപുരം: 2016 നവംബർ 2 ... അന്നാണ് തിരുവനന്തപുരം സ്വദേശി ബെറ്റിമോൾ മാത്യു എന്ന അദ്ധ്യാപിക കട്ടപ്പനയ്ക്ക് പോകാനായി ബസ് സ്റ്റാൻഡിലെത്തുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ മകൾ വാണി, ബെറ്റിയെ ബസ് സ്റ്റോപ്പിലാക്കി തിരികെ വീട്ടിലേക്ക് സ്‌കൂട്ടറോടിച്ച് പോയി. സാധാരണ വീട്ടിലെത്തിയാലുടൻ ഫോൺ വിളിക്കാറുള്ള മകൾ അന്ന് ആദ്യമായി പതിവുതെറ്റിച്ചു. മകളുടെ വിളി പ്രതീക്ഷിച്ചിരുന്ന ബെറ്റിയെത്തേടിയെത്തിയത് ആശുപത്രിയിൽ നിന്നുള്ള ഒരു ഫോൺ കോളായിരുന്നു. അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ വാണിയെ ഇടിച്ചുതെറിപ്പിച്ചു. നട്ടെല്ലിനടക്കം സാരമായി പരുക്കേറ്റ വാണിക്ക് ഒന്നരവർഷത്തിലേറെ നീണ്ട ചികിത്സ വേണ്ടിവന്നു ആരോഗ്യം വീണ്ടെടുക്കാൻ.. മകളുടെ ജീവിതത്തെ കുറിച്ചുള്ള ആധിയും ആശങ്കയുമായി കഴിഞ്ഞ ബെറ്റിക്കും കുടുംബത്തിനും ആശ്വാസമേകിയത് വിഷ്ണുവെന്ന വാണിയുടെ പ്രതിശ്രുധ വരനായിരുന്നു. താൻ ജീവിതത്തിലേക്ക് ക്ഷണിച്ച പെൺകുട്ടിക്കായി ആ യുവാവ് കാത്തിരുന്നു. ഒടുവിൽ പരിക്കെല്ലാം ഭേഭമായി വാണിയെ വിഷ്ണു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി.

അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ സ്‌നേഹത്തിന്റെ കഥ ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. തന്റെ മകൾക്ക് ജീവിതത്തിൽ ലഭിച്ച വിലമതിക്കാനാവാത്ത വിഷ്ണുവെന്ന യുവാവിന്റെ നന്മ ഏവരും അറിയണം എന്ന് കരുതി തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എൻഎസ്എസ് കോളേജ് മലയാളം അദ്ധ്യാപികയുമായ ബെറ്റി മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞത്.

തനിക്ക് അപകടം സംഭവിച്ചപ്പോൾ ഒപ്പം നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ വിഷ്ണു വഹിച്ച പങ്ക് നിസ്സാരമല്ലെന്നും എന്നാൽ അമിതമായി കള്ളങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കാതെ തന്നെ യാഥാർഥ്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാണ് വിഷ്ണു ചേട്ടായി തന്നെ പിന്തുണച്ചതെന്ന് വേണി പറയുന്നു. എന്നാൽ ഇപ്പോൾ താൻ ചെയ്ത കാര്യം അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ലഭിക്കുന്ന അഭിനന്ദന പ്രവാഹത്തിൽ വിഷ്ണു അത്രകണ്ട് സന്തുഷ്ടനല്ല. തന്റെ മോശം സമയത്ത് തന്നെ പിന്തുണച്ച് ഒപ്പം നിന്ന വ്യക്തിയാണ് വേണി, തന്റെ പ്രയപ്പെട്ടവൾക്ക് ഒരു അപകടം സംഭിക്കുമ്പോൾ ഉപേക്ഷിക്കാതെ കൂടെ നിൽക്കുക എന്നത് തന്റെ കടമയായിരുന്നു. അതിനെ മഹത്വവൽക്കരിക്കുന്നതിനോട് തീരെ യോജിപ്പില്ലെന്ന പക്ഷമാണ് വിഷ്ണുവിന്. എങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായ ആ പ്രണയകഥ വാണിയും ഭർത്താവ് വിഷ്ണുവും ഇരുവരുടേയും അമ്മമാരും മറുനാടനോട് വിവരിച്ചു. ആ പ്രത്യേക സംഭാഷണത്തിലേക്ക്...

  • വിഷ്ണുവിനെ അഭിനന്ദിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ച് ബെറ്റി മാത്യു..

സാധാരണയായി ഫേസ്‌ബുക്കിൽ കുറിപ്പുകൾ എഴുതുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ കൂടുതൽ എഴുതുന്നത് പൊതു വിഷയങ്ങളും രാഷ്ട്രീയവുമൊക്കെയാണ്. ജീവിതത്തിലെ സ്വകാര്യ വിഷയങ്ങൾ പൊതുവെ അങ്ങനെ ഫെ്‌സ്ബുക്കിൽ കുറിക്കാറില്ല. അപകടം തരണം ചെയ്ത് മകളെ ജീവിതത്തിലേക്ക് കൊണ്ടു വന്ന യുവാവ് സ്വന്തം മകനായി പിറന്നില്ലല്ലോ എന്ന വിഷമം ഉണ്ടെന്ന് പറഞ്ഞത് മനസ്സിൽ തട്ടി തന്നെയാണ്. ആ പോസ്റ്റ് വൈറലാവുക എന്ന ഉദ്ദേശമൊന്നും ഇല്ലായിരുന്നു. ഫെയ്‌സ് ബുക്കിലായാലും ജീവിത സംഭവങ്ങളിലായാലും നെഗറ്റീവ് ആയ കാര്യങ്ങളാണ് കൂടുതലായും കണ്ട് വരുന്നത്. തിന്മ നിറഞ്ഞ ലോകത്ത് നന്മ നിറഞ്ഞ ഈ ഒരു അനുഭവം എല്ലാവരുമായി പങ്ക് വെയ്ക്കണം എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് ഷെയർ ചെയ്തത്. അതിൽ ലഭിച്ച അനുമോദനങ്ങളിൽ നിന്നും മനസ്സിലാക്കിയത് ഉദ്ദേശിച്ച സന്ദേശം പ്രചരിപ്പിക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ്.

  • അപകടം നടന്ന സമയത്തിന് ശേഷമുള്ള വിഷ്ണുവിന്റെ സാന്നിധ്യവും അനുഭവങ്ങളും

അപകടം പറ്റിയത് 2016 നവംബർ 2ന് ആണ്. കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഒരു സെമിനാറിന് പോകണമായിരുന്നു. ഞാൻ ഏഴ് വർഷം പഠിപ്പിച്ച കോളേജ് എന്ന നിലയ്ക്കായിരുന്നു ക്ഷണം. കോളേജിന്റെ 25ാം വാർഷികം കൂടിയായിരുന്നു അന്ന്. അതിൽ പങ്കെടുക്കാനായി പോകുന്നതിന് എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ട് പോയി ആക്കിയ ശേഷം മടങ്ങുമ്പോൾ ആണ് ഈ അപകടം സംഭവിച്ചത്. സാധാരണ എന്നെ അങ്ങനെ കൊണ്ട് പോയി ആക്കിയ ശേഷം തിരിച്ചെത്തിയാൽ അപ്പോൾ തന്നെ വിളിച്ച് പറയും എന്നാൽ അന്ന് അത്തരത്തിൽ ഒരു കോൾ വന്നില്ല. എനിക്ക് ആശങ്ക ഉണ്ടായിരുന്നു. വിളിച്ചിട്ട് ആളെ കിട്ടുന്നുണ്ടായിരുന്നില്ല. നിരന്തരം വിളിച്ചിട്ടും ഫോൺ എടുത്തില്ല. പെട്ടന്ന് തന്നെ അപരിചിതമായ ഒരു നമ്പറിൽ നിന്നും ബസ് പുറപ്പെടുന്നതിന് മുൻപ് ഒരു കോൾ വരികയായിരുന്നു. പിആർഎസ് ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് മകൾക്ക് ചെറിയ ഒരു അപകടം സംഭവിച്ചു ഇങ്ങോട്ട് വരാമോ എന്നായിരുന്നു അവർ ചോദിച്ചത്. യാത്ര ഒഴിവാക്കി അപ്പോൾ തന്നെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ വലിയ ഒരു അപകടമായിരിക്കുമെന്ന് കരുതിയിരുന്നില്ല.

ഞാൻ അവിടെ എത്തുന്നതിന് മുൻപ് തന്നെ വിഷ്ണുവും അമ്മയും എത്തിയിരുന്നു. ഇടയ്ക്ക് ബോധം വന്നപ്പോൾ വാണി തന്നെയാണ് എന്റെ നമ്പർ നൽകിയത് എന്നും ആശുപത്രി അധികൃതർ പറഞ്ഞു. വലിയ ഒരു അപകടമാണ് എന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്. 23 ദിവസത്തോളം അന്ന് വാണി ആശുപത്രിയിൽ കഴിഞ്ഞു. അതിന് ശേഷം ഡിസ്ചാർജ് ചെയ്തു. എന്നാലും പിന്നെയും വീട്ടിലേക്ക് പോകേണ്ടതും വരേണ്ടതും ഒക്കെ തന്നെ ഐസിയു ആംബുലൻസിൽ ആയിരുന്നു. അത്രത്തോളം പരിക്കേറ്റിരുന്നു കുട്ടിക്ക്. കാലിനും ഇടുപ്പിനും ഒക്കെ ഒന്നിലധികം പൊട്ടലുണ്ടായിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ തലയ്ക്ക മാത്രം കാര്യമായി ഒന്നും പറ്റിയിരുന്നില്ല.

സാധാരണ ആംബുലൻസിൽ പോലും കൊണ്ട് പോകാൻ കഴിയാതെ അനങ്ങാതെ കിടക്കുന്ന ഒരു അവസ്ഥയിലായിരുന്നു കുട്ടി ആ സമയത്ത്.  ഇടുപ്പിനും പൊട്ടലുണ്ടായിരുന്നു. മുട്ടിന് താഴെ നിരവധി പൊട്ടലുകളും പരിക്കും. എല്ല് പൊട്ടി പുറത്ത് വന്ന അവസ്ഥയായിരുന്നു. കാല് തളർന്ന് പോകാൻ വരെ സാധ്യതയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിരുന്നു. 48 മണിക്കൂർ ഒന്നും തന്നെ പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പോലും അന്ന് പറഞ്ഞത്. അന്ന് അവിടെ ഉണ്ടായിരുന്ന പലരും ചേർന്ന് അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്.

  • വിഷ്ണുവിന്റെ സഹായവും സാന്നിധ്യവും

എനിക്ക് മുൻപെ തന്നെ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയത് അവരായിരുന്നു. ഒരു ദിവസം പോലും ആശുപത്രിയിൽ വിഷ്ണു വരാതിരുന്നില്ല. പിന്നെ വീട്ടിലേക്ക് വിട്ടെങ്കിലും അപ്പോഴും യാത്ര ഐസിയു ആംബുലൻസിൽ തന്നെയായിരുന്നു. എക്‌സറേയും സ്‌കാനിങ്ങും ഒക്കെ എടുത്തിരുന്നത് പോലും ആംബുലൻസിലെ ട്രോളിയിൽ തന്നെയായിരുന്നു. അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മകൾ അപ്പോഴെല്ലാം. ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും ഒക്കെ തന്നെ വിഷ്ണുവായിരുന്നു മുന്നിട്ട് നിന്നത്. പലപ്പോഴും ശരീരം പോലും അനങ്ങാതെ വേണമായിരുന്നു ആംബുലൻസിലേക്ക് ഒക്കെ മാറ്റാൻ ഇതൊക്കെ വളരെ സൂക്ഷിച്ചാണ് വിഷ്ണു ചെയ്തിരുന്നത്. എല്ലായിപ്പോഴും ഞാൻ ഉണ്ടായിരുന്നു കൂടെ, ഒപ്പം വിഷ്ണുവും ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രധാന കാര്യങ്ങളൊക്കെ വിഷ്ണുവിനെ മാത്രമെ ആശ്രയിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്നുള്ളു.

അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്ന സമയത്ത് ഡോക്ടർ തന്നെ വിഷ്ണുവിനോട് പറഞ്ഞത് ചിലപ്പോൾ ജീവിതകാലം മുഴുവൻ ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കും എന്നാണ്. അപ്പോൾ വിഷ്ണു നൽകിയ മറുപടി ഓ ഇത്ര ഭാരമല്ലേയുള്ളു, ഇനിയിപ്പോ തളർന്ന് കിടന്നാലും പ്രശ്‌നമില്ല, ഞാൻ എടുത്തോണ്ട് നടന്നോളാം എന്നായിരുന്നു. പിന്നെ ഒരു സഹോദരനെപ്പോലെയോ അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌നേഹത്തോടെ തന്നെയാണ് അന്ന് വിഷ്ണു ഇടപെട്ടത്. പങ്കെടുത്ത ബന്ധുക്കൾ മിക്കവാറും പേർ ചോദിച്ചതും അപകടം സംഭവിച്ച സ്ഥിതിക്ക് ഇനിയിപ്പോ ആ കല്യാണം നടക്കുമോ എന്നായിരുന്നു. 23 ദിവസത്തോളം ആദ്യ ഘട്ടത്തിൽ ആശുപത്രിയിൽ കിടന്നപ്പോൾ ഭക്ഷണം നൽകിയതും, മകൾ ആശുപത്രിയിൽ കിടക്കുമ്പോ എനിക്ക് വീട്ടിൽ പോകണമെങ്കിൽ പോലും വിഷ്ണു ഒപ്പം വരുമായിരുന്നു. വലിയ അപകടം. അതിന് ശേഷമുള്ള ചികിത്സ അങ്ങനെ ഒരു വലിയ അപകടവും ചികിത്സവുമൊക്കെ നടക്കുമ്പോൾ പിന്മാറാൻ എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും വിഷ്ണുവും അമ്മയുമൊക്കെ ചെയ്തത് എന്നെ സഹായിക്കുക ഒപ്പം നിൽക്കുക എന്നിവയായിരുന്നു. വിഷ്ണുവിന്റെ ബന്ധുക്കൾ പോലും നൽകിയത് വലിയ പിന്തുണയാണ്. ഒരുപക്ഷേ ഞങ്ങളുടെ ബന്ധുക്കളെക്കാൽ കൂടുതൽ ഒപ്പം നിന്നത് വിഷ്ണുവിന്റെ ബന്ധുക്കൾ തന്നെയാണ്. പുറത്തെന്ന് ഒരു വണ്ടി വിളിച്ച് പോലും ആശുപത്രിയിൽ കൊണ്ട് പോകേണ്ട അവസ്ഥ വന്നിട്ടില്ല.

  • മകളോട് ഇത്രയും സ്‌നേഹമുള്ള ഒരാളെ കിട്ടിയതിനെ കുറിച്ച്

എന്റെ ഫേസ്‌ബുക്കിൽ ഞാൻ കുറിച്ചത് സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. ഒരു സുഹൃത്ത് എന്നോട് ചോദിച്ചു മകളെ കെട്ടിച്ച് വിട്ടപ്പോൾ കരഞ്ഞുവോ എന്ന്. എനിക്ക് സന്തോഷത്തോടെ മറുപടി പറയാൻ കഴിഞ്ഞു ഇത്രയും സുരക്ഷിതമായ ഒരാൾക്കൊപ്പം മകളെ അയക്കുമ്പോൾ കരയേണ്ടകാര്യമുണ്ടോ എന്നായിരുന്നു അത്. സാധാരണ ഗതിയിൽ മകളെ കല്യാണം കഴിപ്പിച്ച് വിടുമ്പോൾ അമ്മമാർ കരയാറുണ്ട് പക്ഷേ എനിക്ക് അത് വേണ്ടി വന്നില്ല.

വിഷ്ണുവിന്റെയും വാണിയുടേയും പ്രതികരണങ്ങളിലേക്ക്

  • പരസ്പരം പരിചയപ്പെട്ടതും ഇഷ്ടപ്പെട്ടതും എങ്ങനെയായിരുന്നു?

വിഷ്ണു: 2012ൽ ആണ് പരസ്പരം പരിചയപ്പെടുന്നത്. ഞങ്ങളുടെ അമ്മമാർ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. എന്റെ അമ്മ എച്ച്ഒഡി ആയിരുന്ന ഡിപ്പാർട്‌മെന്റിലേക്കാണ് വാണിയുടെ അമ്മ എത്തിയത്. പക്ഷേ കോളേജിൽ വെച്ചൊന്നും പരിചയമില്ലായിരുന്നു. പിന്നീട് ഫേസ്‌ബുക്ക് വഴിയായിരുന്നു പരിചയം സൗഹൃദമായത്. 2012 എന്നെ സംബന്ധിച്ചിടത്തോളം ഒരു മോശം വർഷമായിരുന്നു. എനിക്ക് മുൻപ് ഒരു പ്രണയമുണ്ടായിരുന്നത് തകർന്ന വർഷമായിരുന്നു അത്. പിന്നെ ചില ഇന്റർവ്യൂകൾ ഒക്കെ അറ്റൻഡ് ചെയ്തിട്ടും ജെഎൻയുവിൽ ഉൾപ്പടെ പ്രവേശനം ലഭിച്ചില്ല. സംഭവ ബഹുലമായ ഒരു വർഷമായിരുന്നു. പുറത്തു പോയി പഠിക്കാനുള്ള ചില അവസരങ്ങളും അവസാന നിമിഷം തട്ടിതെറിക്കുകയായിരുന്നു. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് വാണിയെ പരിചയപ്പെടുന്നത്.

അങ്ങനെ പരിചയപ്പെടുന്ന സമയത്ത് വളരെ പോസിറ്റീവ് ആയിരുന്നു ആ കുട്ടി. നന്നായി വിഷമിച്ച് നിൽക്കുന്ന ഘട്ടത്തിൽ പോസിറ്റീവായി നല്ല രീതിയിൽ സപ്പോർട് ചെയ്യുന്നുണ്ടായിരുന്നു, പോസിറ്റീവ് ചന്താഗതിയായിരുന്നു. നമ്മൾ ഏറ്റവും വിഷമ ഘട്ടത്തിൽ ഇരിക്കുമ്പോൾ നമ്മളെ സഹായിക്കുന്നവരോടും ഒപ്പം നിൽക്കുന്നവരോടും തോന്നുന്ന സ്വാഭാവികമായ ഒരു ഇഷ്ടം ആത്മാർഥത ഇതൊക്കെ തന്നെയാണ് എനിക്ക് ഇഷ്ടമാകാൻ കാരണം. പിന്നെ ഇഷ്ടപ്പെട്ട് ഒന്ന രണ്ട് വർഷം ഒക്കെ കഴിഞ്ഞാണ് വീട്ടിൽ ഒക്കെ പറഞ്ഞത്. പറഞ്ഞപ്പോൾ പരസ്പരം അറിയാവുന്നതുകൊണ്ട് അവരും അത് പോസിറ്റീവായി തന്നെ എടുക്കുകയായിരുന്നു. എന്നാലും അപ്പോൾ അവര് പറഞ്ഞത് പഠനമൊക്കെ കഴിയട്ടെ എന്നായിരുന്നു. കോഴ്‌സ് കഴിഞ്ഞ സമയത്ത് വിവാഹനിശ്ചയം നടത്തുകയായിരുന്നു.

പിന്നെ ഇപ്പോൾ എല്ലാവരും പറയുന്നത് പോലെ ഇതിനെ ഒരു ത്യാഗമായി കാണുന്നത് എനിക്ക് ഒരു ബുദ്ധിമുട്ടാണ്. നമ്മളെ സ്‌നേഹിച്ചിരുന്ന നമ്മളുടെ മോശം സമയത്ത് പിന്തുണ നൽകി കൂടെ നിന്നവരെ തിരിച്ച് അതുപോലെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദത്വമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.ഫെയ്‌സ് ബുക്കിൽ പരിചയമില്ലാത്തവർപോലും യൂ ആർ ഗ്രേറ്റ് ബ്രോ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കുന്നു. സത്യം പറഞ്ഞാൽ ഇത്രേം പുകഴ്‌ത്തലിന്റെ ആവശ്യം ഇല്ലെന്നതാണ് സത്യം.

വാണി: ചേട്ടായി സംസാരിക്കുന്ന രീതി എനിക്ക് വലിയ ഇഷ്ടമായിരുന്നു. നമ്മളെ എപ്പോഴും ആശ്വസിപ്പിച്ചില്ലെങ്കിലും നല്ല കാര്യങ്ങൾ പറയുന്നതിന് ഒപ്പം തന്നെ ഏതൊരു വിഷയത്തിന്റേയും നെഗറ്റീവ് ഉൾപ്പടെ പറഞ്ഞ് തരുമായിരുന്നു അതാണ് ഇഷ്ടമാകാൻ കാരണം. പിന്നെ ഇപ്പോൾ ആളുകൾ അഭിനന്ദിക്കുന്നതും ത്യാഗം ചെയ്യുന്നു എന്ന് പറയുന്നതും ഒക്കെ വിഷമത്തോടെ എന്നോട് ചോദിക്കും അപ്പോൾ ഞാൻ പറയാറുണ്ട് ലോകത്തിൽ ഭൂരിഭാഗവും മറിച്ചേ പെരുമാറുകയുള്ളു അത്‌കൊണ്ടാണ് ചേട്ടായിക്ക് ഇത്രേം അഭിനന്ദനം ലഭിക്കുന്നത് എന്നായിരുന്നു.

  • ഒരുമിച്ച് ജോലി ചെയ്ത അടുത്ത സുഹൃത്തുക്കളായ ടീച്ചർമാരുടെ മക്കൾ എന്നത് ഇഷ്ടത്തെ സ്വാധീനിച്ചിട്ടുണ്ടോ?

വിഷ്ണു: ഒരിക്കലും അങ്ങനെ അല്ല. ബെറ്റിയാന്റിയെ വലിയ ഇഷ്ടായിരുന്നു. എനിക്ക് രാഷ്ട്രീയമായാലും നിലപാടായാലും ഒക്കെ പറയുന്നതിന് ഒരു ശൈലിയുണ്ടായിരുന്നു. പക്ഷേ ആ ഒരു അടുപ്പം അല്ല ഒരിക്കലും വാണിയെ ഇഷ്ടപ്പെടുന്നതിലേക്ക് എത്തിയത്. വാണി എന്ന വ്യക്തിയിലെ നന്മ മാത്രമാണ് അവരെ ഇഷ്ടപ്പെടുന്നതിന് കാരണമായത്.

വാണി: എനിക്ക് സത്യം പറഞ്ഞാൽ പേടിയുണ്ടായിരുന്നു. വിഷ്ണു ചേട്ടന്റെ അമ്മ രമ ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുള്ളതാണ്. ആ ടീച്ചറിന്റെ മകനെ പ്രണയിച്ചത് പ്രശ്‌നമാകുമോ എന്ന് ഭയമുണ്ടായിരുന്നു.

  • അപകടം സംഭവിച്ച സമയത്ത് വിഷ്ണു ഒപ്പം നിന്നതിനെകുറിച്ച് വന്ന അഭിപ്രായങ്ങൾ

വിഷ്ണു: എന്നോട് ആരും ഒരു അഭിപ്രായവും പഞ്ഞിട്ടില്ലെന്നതാണ് സത്യം ഇനി അഥവ പറഞ്ഞാലും എന്റെ പ്രതികരണം എന്തായിരിക്കും എന്ന് എല്ലാവർക്കും അറിയാം എന്നത് തന്നെയാണ് അതിന്റെ കാരണം. നമുക്ക് വേറെ നോക്കാം എന്നൊന്നും ആരും പറഞ്ഞിട്ടില്ല. പക്ഷേ കൂടെ നിക്കണം എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. വണ്ടി കൊണ്ട് കൊടുത്ത സെക്യൂരിറ്റി ഉൾപ്പടെ അത് തന്നെയാണ് പറഞ്ഞത്. എല്ലാവരും അത്തരത്തിൽ പറയുമ്പോഴും എന്റെ മനസ്സിലും അത് തന്നെയായിരുന്നു.

  • തുടർചികിത്സ ഉൾപ്പടെ ഉണ്ടാവുന്ന സമയത്ത് വിഷ്ണുവിന് ഉണ്ടായ അനുഭവം

രാവിലെ 5.30ന് ആണ് ഒരു പയ്യൻ വന്ന് അപകടത്തിന്റെ കാര്യം പറയുന്നത്. പിന്നെ ആശുപത്രിയിൽ എത്തിയപ്പോൾ ചിലർ പറയുന്നു വലിയ കുഴപ്പമൊന്നുമില്ല ചിലർ പറഞ്ഞു വലിയ അപകടമാണ് എന്നും. പേടിക്കാനൊന്നുമില്ല 24 മണിക്കൂർ കഴിയട്ടെ എന്നായിരുന്നു. ജീവൻ തിരിച്ച് കിട്ടി എന്നും അപകടമില്ല എന്നും ആയിരുന്നു

  • സർജറി സമയങ്ങളിലെ മാനസികാവസ്ഥ എങ്ങനെയായിരുന്നു?

ആദ്യമൊക്കെ വലിയ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. കാരണം, ആളെ ജീവനോടെയെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു. ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി വീട്ടിലെത്തിയപ്പോൾ നടക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ നടക്കുന്നതിനിടയയിൽ ഇടതുകാലിലെ ഫീമർ ഇംപ്ലാന്റ് ചെയ്തിരുന്നു. അത് പൊട്ടി. അങ്ങനെയൊന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു മൂന്ന് മാസത്തിനുള്ളിൽ ശരിയാകും എന്ന് പ്രതീക്ഷിച്ചിടത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ വന്നതാണ് ഞങ്ങളെ വിഷമ ഘട്ടത്തിലൂടെ കടത്തിവിട്ടത്. അന്ന് ഒരുപാട് ചോര പോയി.. അതുവരെ പോസിറ്റീവ് ആയി നിന്ന വാണിക്കും അത് ഒരുപാട് ടെൻഷൻ നൽകി. പിന്നെ കാലിന്റെ താഴത്തെ ഇംപ്ലാന്റിന് ചെറിയ വളവ് ഉണ്ടായി. അതൊക്കെ സ്വഭാവികമായി വരുമെന്ന് പറഞ്ഞിരുന്നു. അതു പിന്നെ ബോൺ ക്രാഫ്റ്റിങ് നടത്തി റീ സെറ്റ് ചെയ്യേണ്ടി വന്നു. രാജേഷ്, ചെറിയാൻ തോമസ് എന്നീ ഡോക്ടർമാരെ ഒക്കെ കാണിച്ചപ്പോൾ നീ ഇനി പോയി കല്യാണം കഴിച്ചോ കുഴപ്പമൊന്നും ഇല്ലായെന്ന് അവർ പറയുകയും ചെയ്തിരുന്നു.

  • വാണിക്ക് നൽകിയ സപ്പോർട്ട് എങ്ങനെ ആയിരുന്നു?

വാണിയെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസവും സന്തോഷവും ആയിരുന്നു എനിക്ക്. വാണിക്ക് അന്ന് ഭയങ്കര നെഗറ്റിവിറ്റി ഉണ്ടായിരുന്ന സമയം ആയിരുന്നു. ഞാൻ അന്ന് ചത്ത് പോയാൽ മതിയായിരുന്നു എന്നൊക്കെ വാണി പറയുമായിരുന്നു. എന്നാൽ, അങ്ങനെയല്ല, അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ നമുക്ക് പറയാൻ ഒരു കഥ, ഒരു അനുഭവം അത്രേയുള്ളൂ. അങ്ങനെയെ ചിന്തിക്കാനേ ഉള്ളൂ എന്ന രീതിയിലാണ് പിന്തുണ നൽകിയത്. നമുക്ക് വാക്കുകൾക്കൊണ്ട് സാന്ത്വനിപ്പിക്കാനേ കഴിയുമായിരുന്നുള്ളൂ. വേദന സഹിക്കുന്നതെല്ലാം അവളാണ്. അതുകൊണ്ടു തന്നെ അവൾക്കൊപ്പം നിൽക്കണം, അവളുടെ മനസ് പോസീറ്റീവിലേക്ക് കൊണ്ടുവരണം എന്നേ ആ സമയത്ത് ചിന്തിച്ചിള്ളൂ.

രോഗ വിവരങ്ങൾ അന്വേഷിക്കുന്നവരോട് എങ്ങനെ ആയിരുന്നു വിഷ്ണുവിന്റെ പ്രതികരണം ഞാൻ എന്റെ അടുത്ത സുഹൃത്തുക്കളോട് മാത്രമെ കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞിരുന്നൂള്ളൂ. ബാക്കി എല്ലാവരോടും ശരിയാകും എന്ന രീതിയിലാണ് പറഞ്ഞത്. ചിലർ എത്ര കാലം എടുക്കുമായിരിക്കും എന്നൊക്കെ ചോദിച്ചിരുന്നു. ഇതൊരു മാജിക് അല്ലല്ലോ എന്നായിരുന്നു ഡോക്ടർമാരും പറഞ്ഞിരുന്നത്. ഏറ്റവും കൂടുതൽ സമയം എടുത്തത് ഓർത്തോ പീഡിക്‌സിന് ആയിരുന്നു. എല്ലുകൾ ശരിയാവും.. പക്ഷെ അതിന് കൂടുതൽ സമയമെടുക്കുമെന്നു നമുക്ക് അറിയാമല്ലോ...

  • ചികിത്സ നടക്കുന്ന സമയത്ത് വിഷ്ണുവിനോടുള്ള വാണിയുടെ അമ്മയുടെ പ്രതികരണം എങ്ങനെയായിരുന്നു?

ഇത് എഴുതുന്നതിന് മുമ്പ് ഞങ്ങൾ ഇതിനെ കുറിച്ച് ശരിക്കൊന്നു സംസാരിച്ചിട്ടു പോലുമില്ല. വാണിയുടെ ചികിത്സയും കാര്യങ്ങളും ഒക്കെയായി രണ്ടു പേരും മുൻപോട്ടു പോവുകയായിരുന്നു. പോസ്റ്റ് ഇട്ടത് രാത്രി 10 മണിക്ക് ശേഷമായിരുന്നു. ആ സമയത്ത് ഉറങ്ങിക്കിടന്ന എന്നെ വിളിച്ച് എണീപ്പിച്ചാണ് പോസ്റ്റ് കാണിച്ചു തന്നത്. അന്ന് വാണി പൂർണ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചു വരണം എന്ന ചിന്തയേ എല്ലാവർക്കും ഉണ്ടായിരുന്നുള്ളൂ.

  • അപകടം നടന്നത് എങ്ങനെയാണ്?

അമ്മയെ കൊണ്ടുപോയി വിട്ടിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. കൈമനത്തു വച്ച് വലത്തോട്ട് തിരിയുമ്പോഴായിരുന്നു അപകടം. പുലർച്ചെ 5.30 ആയിരുന്നു അപ്പോൾ സമയം. ആ സമയത്ത് സിഗ്നൽ ഒന്നും ഇല്ല. ഇൻഡിക്കേറ്റർ ഇട്ട് തിരിയുമ്പോഴായിരുന്നു തമിഴ്‌നാട് സൈഡിൽ നിന്നും ഓവർ സ്പീഡിൽ വന്ന കാർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ലൈറ്റ് ഇടാതെ ആയിരുന്നു ആ കാർ വന്നതെന്നാണ് അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞത്.

  • വിഷ്ണുവിന്റെ സാന്നിധ്യം എങ്ങനെയായിരുന്നു ആ സമയത്ത് അനുഭവപ്പെട്ടത്?

എപ്പോഴും സ്‌നേഹത്തോടെ ഒപ്പമുണ്ടായിരുന്ന ആളായിരുന്നു. കൂടെയുണ്ട്.. എന്ന തോന്നൽ എപ്പോഴും തോന്നിപ്പിച്ചു കൊണ്ടിരുന്ന ആളായിരുന്നു. ഇതു പറയുമ്പോൾ സ്‌നേഹവും സങ്കടവും കൊണ്ട് വാണിയുടെ തൊണ്ടയിടറി. ഞാനില്ലേ.. ഞാനില്ലേ.. എന്തുവന്നാലും ഞാനുണ്ട് എന്നായിരുന്നു വിഷ്ണു പറഞ്ഞിരുന്നത്. അതു മതിയല്ലോ.. നമുക്ക്...

  • സ്വയം അനുഭവിച്ച വേദനകൾ ഒപ്പം വിഷ്ണു തന്ന പിന്തുണ

എപ്പോഴും ചേട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു. എനിക്ക് എല്ലാ പിന്തുണയും എപ്പോഴും നൽകിയിരുന്നു. എന്റെ ശാരീരിക വേദന കാണുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്നോട് പറയുമായിരുന്നു നിന്റെ വേദന എനിക്ക് ഷെയർ ചെയ്യാൻ പറ്റില്ലല്ലോ മോളേ എന്ന് പറ്റുമായിരുന്നെങ്കിൽ അത് പങ്ക് വയ്ക്കാമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു. എപ്പോഴും എന്ത് വന്നാലും ഞാൻ കൂടെ ഉണ്ട്. ഞാൻ തളർന്ന് പോകും എന്ന് ഉൾപ്പടെ എല്ലാവരും പറയുമ്പോഴും അത് പോട്ടെ ഞാൻ ഇല്ലേ കൂടെ എന്ന ചോദ്യം പോരെ നമുക്ക് ഏറ്റവും വലിയ ആശ്വാസത്തിന്.

  • ചികിത്സയിൽ ഇടയ്ക്ക് മോശം അവസ്ഥ വന്നപ്പോൾ സ്വയം പഴിച്ചുവോ?

നിരവധി തവണ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യൻ കാലങ്ങളോളം കിടക്കയിൽ തന്നെ എന്ന് പറയുന്നത് വലിയ അസഹനീയത ആണ്.. നടന്ന് തുടങ്ങിയപ്പോ പിന്നെയും തുടയെല്ലിന് പൊട്ടൽ വന്നു എന്തിന് ഇങ്ങനെ ജീവിക്കുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വളരെ ഡൗണായി നെഗറ്റീവായി ചിന്തിച്ചിട്ടുണ്ട് എനിക്ക് ഇത് വന്നല്ലോ എന്ന്. എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു പക്ഷേ എന്റെ അമ്മയും ചേട്ടായിയും ചേട്ടായിയുടെ അമ്മയും തന്നെയാണ് ഏറ്റവും കൂടുതൽ പിന്തുണച്ചത്

  • മറ്റുള്ളവരുടെ പിന്തുണയും വിഷ്ണുവിന്റെ പിന്തുണയും

തീർച്ചയായും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്. എന്നാൽ വിഷ്ണു ചേട്ടൻ ഒരിക്കലും അമിത പ്രതീക്ഷയും മധുരമായ വാക്കും പറഞ്ഞ് രോഗത്തിൽ നിന്നും ഇല്ലാത്ത പുരോഗതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. നിനക്ക് വയ്യ എന്ന യാഥാർഥ്യം എന്നോട് തെളിച്ച് പറയും ഇത്ര കാലം എടുക്കും അസുഖം മാറാൻ, നോക്ക് അന്ന് കിടപ്പിലായിരുന്ന നീ ഇപ്പോൾ പൂർണമായും സ്വയം നടക്കുന്നില്ലേ അത് പോലെ അൽപ്പം സമയം എടുത്താലും ശരിയാകും എന്ന രീതിയിലാണ് പിന്തുണ നൽകിയിട്ടുള്ളത്. ഫെബ്രുവരിയിൽ പറയും നവംബറിൽ നീ പൂർണമായും കിടപ്പിലായിരുന്നു പക്ഷേ ഇപ്പോൾ നീ നന്നായി എണീറ്റ് ഇരിക്കുന്നില്ലേ അത്പോലെ മാറും എന്ന് പറഞ്ഞ് ആശ്വാസം പകരുമായിരുന്നു.പിന്നെ ചിലപ്പോ ജീവിതകാലം മുഴുവൻ തളർന്ന് കിടക്കേണ്ടി വന്നേക്കും എന്ന് ഡോക്ടർ അന്ന് പറഞ്ഞപ്പോൾ ഞാൻ എടുത്തോണ്ട് നടന്നോളാം എന്ന വിഷ്ണു ചേട്ടായി പറഞ്ഞതായി അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ മനസ്സ് നിറയുകയായിരുന്നു ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.