ഷാർജ: സെൽഫി എങ്ങനെയെടുക്കണം, എന്തൊക്കെ ശ്രദ്ധിക്കണം,സ്വന്തം മുഖത്തിനൊപ്പം കൂട്ടുകാരുടെ മുഖം ഒപ്പിയെടുക്കുമ്പോൾ ആരുടെ മുഖത്തിനാണ് പ്രാധാന്യം നൽകേണ്ടത്, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൃത്യമായി തരാൻ കഴിയുന്ന ഒരാളുണ്ട്.ഇരിങ്ങാലക്കുടക്കാരൻ സുധീർ അന്തിക്കോട്ട് അഥവാ ഒകെ എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ഓമനക്കുട്ടൻ ഇതിന് മറുപടി പറയുക ഇങ്ങനെയാണ്:സ്വന്തം മുഖം ഫോട്ടോയിൽ കാണുകയെന്നത് നിർബന്ധമല്ല. സെൽഫിക്ക് പിന്നിൽ പോസ് ചെയ്യുന്നവരെയാണ് ശരിയാംവണ്ണം കാണേണ്ടത്. ഇങ്ങനെ ഓമനക്കുട്ടനുവേണ്ടി സെൽഫിയെടുക്കാൻ നിന്നുകൊടുത്തത് സാധാരണക്കാർ മാത്രമല്ല, മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളുമുണ്ട്.

ദിവസം 120 ഓളം സെൽഫികൾ. അങ്ങനെ മൂന്ന് വർഷം കൊണ്ട് ഒന്നര ലക്ഷം സെൽഫിയാണ് ഈ 64 കാരനെടുത്തത്.ഇപ്പോഴും ഒകെ സെൽഫികൾ എടുക്കുകയാണെന്നതുകൊണ്ട് ഒരുകൃത്യം കണക്ക് ഇക്കാര്യത്തിലില്ല കേട്ടോ.നിവിൻപോളിക്കൊപ്പം നിന്നെടുത്ത ഫോട്ടോ നഷ്ടപ്പെട്ടതോടെയാണ് സുധീർ സെൽഫി ഹോബിയാക്കിയത്. ആഘോഷപരിപാടികൾ ഏതുമാകട്ടെ, അവിടെപ്പോയി ആൾക്കൂട്ടത്തെ കാണുംവിധത്തിൽ ഓമനക്കുട്ടൻ സെൽഫിയെടുക്കും. എടുത്ത ഉടൻതന്നെ അത് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയുമാണ് ശീലം.

'സെൽഫി മാനിയ' തിരിച്ചറിഞ്ഞിട്ട് ഫെയ്‌സ് ബുക്ക് അധികൃതർ തന്നെ അഭിനന്ദിക്കുകയും ചെയ്തു. നൂതന സാങ്കേതികവിദ്യയിലുള്ള മൊബൈലുകൾതന്നെ സെൽഫിക്കായി ഉപയോഗിക്കണമെന്നും ഓമനക്കുട്ടന് നിർബന്ധമുണ്ട്. പുതിയ മോഡലുകൾ ഇറങ്ങിയ ഉടനെ അത് സ്വന്തമാക്കും. എടുക്കുന്ന ഫോട്ടോയുടെ തെളിമയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല.കായിക മത്സരം നടക്കുന്ന മൈതാനമാണെങ്കിൽ സദാസമയവും ചുറ്റിനടന്ന് ആൾക്കൂട്ടത്തോടൊപ്പം ഫോട്ടോയെടുക്കും. അപരിചതരെപ്പോലും അടുത്തുകണ്ടാൽ സ്‌നേഹത്തിൽ വിളിച്ചൊരു സെൽഫി എടുക്കും, അവരുടെ അഡ്രസ് വാങ്ങി ഫോട്ടോ കൃത്യമായി അയച്ചുകൊടുക്കുകയും ചെയ്യും.

128 ജിബി ശേഷിയുള്ള ഐ ഫോൺ സെവൻ പ്ലസ് ആണ് ഇപ്പോൾ ഓമനക്കുട്ടൻ ഉപയോഗിക്കുന്നത്. ഓമനക്കുട്ടന്റെ കുടുംബത്തിനും ഈ സെൽഫിപ്രേമം ഇഷ്ടം. ദുബൈയിലെ ഒരു ഭക്ഷ്യോൽപന്ന കമ്പനിയുടെ സെയിൽസ് മേധാവിയാണ് സുധീർ. തന്റെ ജീവിതത്തിന്റെ കൈയൊപ്പായി ഈ സെൽഫികൾ മാറട്ടെ എന്നാണ് ആഗ്രഹം.