ഇടുക്കി: സർക്കാർ സ്ഥാപനങ്ങളിൽ നിത്യജീവിതാവശ്യങ്ങൾക്കായി പോകുന്ന സാധാരണക്കാർക്ക് കാത്തിരിപ്പും അപമാനവും ശീലമാണ്. തങ്ങൾ ഇതിനൊക്കെ വിധിക്കപ്പെട്ടവരാണെന്നും, കാര്യം സാധിക്കാൻ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമൊക്കെ സഹിക്കണമെന്നുമാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ജോലിയിൽ വരുന്ന വീഴ്ചയ്‌ക്കെതിരെ പ്രതികരിച്ചാൽ ഔദാര്യം പറ്റുന്നവരാണുള്ള പുച്ഛഭാവത്തോടെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശകാരിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്തിനാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്ന് ഭയന്ന് മിക്കവരും ഇടപെടാതിരിക്കുകയും ചെയ്യും. ഇടുക്കി പൈനാവ് സർക്കാർ ആശുപത്രിയിൽ ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഒരാളുടെ അനുഭവമാണ് ഈ ഫേസ്‌ബുക്ക് കുറിപ്പിലുള്ളത്.ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷനാണ് ഇത് പോസ്റ്റ് ചെയ്തത്.

വളരെയധികം പേർ കാത്തുനിൽക്കുമ്പോഴും, ടോക്കൺ കൊടുക്കാതെ ഉദ്യോഗസ്ഥർ 20 മിനിറ്റിലേറെ കൗണ്ടറിനുള്ളിൽ സംസാരിച്ചുകൊണ്ടിരുന്നു.ക്ഷമകെട്ട് ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോക്കൺ തരില്ലെന്ന് വാശി പിടിച്ചു.എന്നാൽ രോഗികൾ പ്രതിഷേധമുയർത്തിയപ്പോൾ, ഇനിയാർക്കും ടോക്കൺ തരില്ലെന്നായി.പ്രതിഷേധം രൂക്ഷമായപ്പോൾ ആശുപത്രിയിൽ നിന്ന് പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്ന് ഒരു ജീവനക്കാരൻ ഭീഷണി ഉയർത്തി.ഒടുവിൽ രോഗികൾ ഒന്നടങ്കം പ്രതികരിച്ചതോടെയാണ് ഔദാര്യമെന്നവണ്ണം ടോക്കൺ വിതരണം പുനരാരംഭിച്ചത്.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാവുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇവർക്ക് ഇത്രയൂം അഹങ്കാരം പാടുണ്ടോ വെറുതെ ഇരിക്കാൻ ആണോ നമ്മുടെ നികുതി പണം ഉപയോഗിച്ച് ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് അല്ലെ ? പ്രതികരണ ശേഷി ഇല്ലാത്ത ജനതയാണ് ഇതിനു വളം വച്ച് കൊടുക്കുന്നത് .ഈയടുത്തു ഇടുക്കി പൈനാവ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ അനുഭവപ്പെട്ട ഒരു സംഭവം ആണ് എവിടെ ഷെയർ ചെയ്യുന്നത് ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങുവാൻ വേണ്ടി അവിടെ ചെല്ലുമ്പോൾ വലിയ തിരക്കായിരുന്നു. ധാരാളം അമ്മമാരും കുഞ്ഞുമക്കളൂം പ്രായമായ അപ്പച്ചമാരും അവിടെ ക്യൂ നിൽക്കുന്നുണ്ടായിരുന്നു.

അവരുടെ കൂടെ ക്യൂവിൽ നിന്ന കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലാക്കിയത് ടോക്കൺ കൊടുക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളിൽ നിന്നും അവിടത്തെ ഉദ്യോഗസ്ഥർ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന്. ചിലപ്പോൾ ഇതൊരു ശീലമായതുകൊണ്ടാവാം
20 മിനിറ്റിനും മുകളിൽ ആയിട്ടും ആരും പ്രതികരിക്കുന്നതായി കണ്ടില്ല. കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല.

പ്രതികരണശേഷിയുള്ള ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ആരും പ്രതികരിക്കുന്ന പോലെ ടോക്കൺ കൊടുക്കാത്തതിന് കാരണം തിരക്കുകയും ടോക്കൺ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.പതിവില്ലാത്ത പ്രതികരണത്തിന്റെ പ്രതിഷേധമെന്നോണം എനിക്ക് ടോക്കൺ തരില്ല എന്നവർ വാശി പിടിക്കുകയും രോഗികൾ അതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഇനിയാർക്കും ടോക്കൺ തരുന്നില്ല എന്നുപറഞ്ഞു
കസേരയിൽ നിന്നും എഴുന്നേറ്റുപോകുകയുംചെയ്തു. ഇതിനിടയിൽ ഹോസ്പിറ്റലിൽ നിന്നും പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്ന് എന്ന ഭീഷണിയുമായി ഒരു ജീവനക്കാരൻ വന്നു.

അവസാനം ഒരു ഡോക്ടർ വന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ശ്രമിച്ചിട്ടും ആ ലേഡി സീറ്റിലേക്ക് വരാനോ ടോക്കൺ കൊടുക്കാനോ തയാറായില്ല. കുറച്ച താമസിച്ചിട്ടായാലും ആളുകൾ എല്ലാം ഇവർക്കെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോൾ ധിക്കാരത്തോടുകൂടി ഒരു ഔദാര്യമെന്നോണം ടോക്കൺ തരുകയായിരുന്നു .ഇനിയും എത്രനാൾ നമ്മളിതു സഹിക്കും?...ആരാണിവർക്കു ഇത്രയും അധികാരം നൽകിയത്? നമ്മളോരോരുത്തരും പ്രതികരിക്കാതെ പോയ ചെറിയ ചെറിയ തെറ്റുകളാണ് ഇതുപോലുള്ള അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നത്... അധികാരം ആയുധമാക്കിയവർക്കും ... പ്രതികരിക്കാൻ ഭയമുള്ളവർക്കും വേണ്ടി ഇത് ഷെയർ ചെയ്യുന്നു......!'