മലപ്പുറം: മലപ്പുറത്തെ മുസ്ലിം നമസ്‌കാര പള്ളി കഴൂകി വൃത്തിയാക്കി സൗജന്യമായി പെയ്ന്റും അടിച്ചു നൽകി ഹൈന്ദവ സഹോദരൻ സൂര്യനാരായണൻ. നിറംമങ്ങിയ പള്ളിയുടെ പെയ്ന്റിങ് നാട്ടുകാരനും പ്രവാസിയുമായി സൂര്യനാരായണൻ പെയ്ന്റടിപ്പിക്കാനെത്തിയത് സ്വയം സന്നദ്ധനായി. നാട്ടിലെ നമസ്‌കാര പള്ളി പെയിന്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്തുകൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത മൈത്രിയുടെ നേരടയാളമായി അത് വാഴ്‌ത്തപ്പെടുമ്പോൾ സൂര്യ നാരായണന് ഇതൊരു സാധാരണ കാര്യം മാത്രമാണ്.

വറ്റല്ലൂരിലെ മസ്ജിദുൽ ഉമറുൽ ഫാറൂഖെന്ന ഈ കുഞ്ഞു നിസ്‌കാര പള്ളിയും അതിന്റെ ചായം തേച്ച ചുമരുകളും സാമൂഹ്യ മാധ്യമങ്ങളിൽ അതിരുകൾ ഇല്ലാതെ വളരുകയാണ്. പ്രവാസികൂടിയായ സൂര്യ നാരായണൻ വറ്റല്ലൂരിൽ എത്തിയ സമയത്ത് ഈ പള്ളി വളരെ നിറംമങ്ങിയ അവസ്ഥയിലായിരുന്നു. പള്ളി പെയിന്റ് ചെയ്യിച്ചോട്ടെ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ പള്ളിക്കമ്മിറ്റിയും സമ്മതിച്ചു. സൂര്യ നാരായൺ ഇതെല്ലാം ചെയ്യിച്ച് വിദേശത്തേക്ക് തിരിച്ച് പോകുകയും ചെയ്തു. അതിന് ശേഷം പള്ളിക്കമ്മിറ്റി അംഗം കൂടിയായ മൻസൂർ പള്ളിപ്പറമ്പിൽ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് ലോകം ഏറ്റെടുക്കുക ആയിരുന്നു.

'സൂര്യേട്ടൻ നാട്ടിൽ വന്ന സമയത്ത് ആണ് കണ്ടത്. അപ്പോൾ പള്ളി ആകെ പെയിന്റ് എല്ലാം മങ്ങി കാണുമ്പോൾ ഭംഗി ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഇത് ഞാൻ പെയിന്റ് ചെയ്തു തരട്ടെ എന്ന് ചോദിക്കുക ആയിരുന്നു. കമ്മിറ്റിയിലും അത് പ്രശ്നം ഉള്ള കാര്യം ആയിരുന്നില്ല. പുള്ളി അനിയൻ അജയേട്ടനെ വിളിച്ച് കാര്യം പറഞ്ഞേൽപ്പിക്കുക ആയിരുന്നു. അജയേട്ടൻ ആളുകളെ ഒക്കെ വിളിച്ച് കൊണ്ടുവന്നു പെയിന്റിങ് തീർത്തുവെന്നും മൻസൂർ പറയുന്നു..എന്തായാലും 45000 രൂപക്ക് മുകളിൽ ആയിട്ടുണ്ടാകും എന്ന് ഉറപ്പാണ്. ഒരാഴ്ചയോളം പണിക്കാർ ഉണ്ടായിരുന്നു. പിന്നെ പഴയത് എല്ലാം കഴുകി കളഞ്ഞ് വൃത്തിയാക്കി പുതിയ പെയിന്റ് ഒക്കെ അടിക്കുവാൻ സമയം ഏറെ എടുത്തു. എത്ര ചെലവായി ഒന്നും സൂര്യേട്ടൻ പറഞ്ഞിട്ടില്ല...'

'ഇത് ഞാൻ ഫേസ്‌ബുക്കിൽ ഇട്ടതാണ് ഇപ്പോ വൈറൽ ആയത്.. മുയിൻ അലി തങ്ങൾ ഒക്കെ പോസ്റ്റ് ഷെയര് ചെയ്തതോടെ ആളുകൾ ഒക്കെ കേട്ടറിഞ്ഞ് വിളിക്കാൻ തുടങ്ങി...എന്നാല് ഇതിൽ ഒരു പബ്ലിസിറ്റിയും വേണ്ട എന്ന നിലപാടിൽ ആണ് സൂര്യേട്ടൻ. ആൾ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല ' മൻസൂർ പറഞ്ഞു. മതേതരത്വത്തിന്റെ നന്മയുടെ പേരിൽ വിശുദ്ധ റമദാൻ മാസത്തിൽ പള്ളി ലോകം അറിഞ്ഞതിനെ പറ്റി പറയാൻ എല്ലാവർക്കും സന്തോഷം മാത്രം' റമദാൻ മാസത്തിൽ ഇങ്ങനെ ഒരു കാര്യം നടന്നത് വലിയ സന്തോഷം ഉള്ള കാര്യം ആണ്. നമ്മുടെ നാട്ടിലെ മതേതരത്വം, സ്നേഹം ഒക്കെ ഇങ്ങനെ ലോകം അറിയുന്നത് നല്ല കാര്യം അല്ലേ..' പള്ളി ഇമാം മുഹമ്മദ് റോഷൻ പറഞ്ഞു.