- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് എന്നൊന്നില്ല; കേരളത്തിൽ ഇതൊന്നും നടക്കില്ലെന്ന് ബിജെപി യോഗിക്ക് പറഞ്ഞുകൊടുക്കണം; ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം: എ വിജയരാഘവൻ
തൃശ്ശൂർ: ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലൗ ജിഹാദ് എന്നൊന്നില്ലെന്നും സംഘപരിവാറിന്റെ പ്രചരണായുധമാണെന്നും വിജയരാഘവൻ പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിജയരാഘവൻ രൂക്ഷമായി വിമർശിച്ചു. യോഗിയുടെ ഉത്തർപ്രദേശ് എന്ന് പറഞ്ഞാൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണെന്നും കേരളത്തിൽ ഇതൊന്നും പറ്റില്ലെന്ന് ബിജെപി നേതാക്കൾ യോഗിയോട് സമയം കിട്ടുമ്പോൾ പറഞ്ഞുകൊടുക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
'ലൗ ജിഹാദ് എന്ന പ്രയോഗം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ച് മുസ്ലിം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് പ്രചരിപ്പിക്കുന്നത്. ദുർവിനിയോഗം ചെയ്യുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് സംഘപരിവാർ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. അത് തടയാൻ എന്നപേരിൽ ഉത്തർപ്രദേശ് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനിർമ്മാണം നടത്തി. ഇത്തരം കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം എന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിലും മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സാമ്പത്തിക നയങ്ങളിലെ വൈകല്യം ജനങ്ങൾ അനുഭവിക്കുകയാണ്. പെട്രോൾ വില 100 കവിഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്തി. ചരിത്രത്തിലിതുവരെ ഇല്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യ അനുഭവിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങളെകുറിച്ച് സംസാരിക്കാതെയാണ് ബിജെപി നേതാക്കൾ ലൗജിഹാദ് പോലുള്ള ഇല്ലാത്ത കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നത്.
യോഗിയുടെ ഉത്തർപ്രദേശ് എന്ന് പറഞ്ഞാൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ്. പശുവിന്റെ പേരിൽ ദളിതരെ ആക്രമിക്കുക മുസ്ലിം ജനവിഭാഗങ്ങളെ പരസ്യമായി തെരുവിലിട്ട് തല്ലി കൊല്ലുക. അതൊന്നും കേരളത്തിൽ പറ്റില്ലെന്ന് ഒഴിവുള്ളപ്പോൾ ബിജെപി നേതാക്കൾ യോഗിക്ക് പറഞ്ഞുകൊടുക്കണം' വിജയരാഘവൻ പറഞ്ഞു.