- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്; ഇക്കാര്യത്തിലെ രാഷ്ട്രീയ സന്ദേശം കൃത്യം; ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മികവ്; ആരോപണവുമായി എ വിജയരാഘവൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട് തറവാട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇരുവരും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും വിജയരാഘവൻ ആരോപിച്ചു.
ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടർച്ചയാണ് അവർ ആഗ്രഹിക്കുന്നത്. മുസ്ലിം മത മൗലികവാദികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും യുഡിഎഫ് ആഗ്രഹിക്കുന്നു. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
രാജ്യത്തുണ്ടാകുന്ന വില വർധനവ് ആശങ്കസൃഷ്ടിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് പെട്രോളിനും ഡീസലിനും വിലവർധിപ്പിക്കുന്നത്. വർഗീയവത്കരണത്തിന് മുൻഗണനയെന്ന ബിജെപിയുടെ സമീപനത്തിന് വ്യത്യസ്തമായതാണ് കേരളത്തിലെ ഇടതുമുന്നണിയും സർക്കാരും. ഗൗരവമേറിയ വിഷയങ്ങളെ കാണാതെയാണ് യുഡിഎഫ് നിലപാടുകൾ സ്വീകരിക്കുന്നത്. ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് യുഡിഎഫിനെ ബാധിച്ചിട്ടുള്ളത്.
നാട് നേരിടുന്ന മൗലികമായ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം യുഡിഎഫ് നേതൃത്വം പറയാതിരിക്കുന്നത് ബിജെപിയുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് യാതൊരു മടിയും കൂടാതെയാണ് ബിജെപിക്ക് വോട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തുടർച്ച വേണമെന്നാണ് എൽ.ഡി.എഫ് പ്രചാരണവിഷയമാക്കുക എന്ന് വിജയരാഘവൻ പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം കേന്ദ്രം അവരെ അടിച്ചമർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് പ്രചരണജാഥ ഫെബ്രുവരി 13 ന് കാസർകോടു നിന്നും, 14 ന് എറണാകുളത്ത് നിന്നും ആരംഭിക്കും. രണ്ട് ജാഥകളും 26 ന് സമാപിക്കും. കാസർകോടുനിന്ന് തുടങ്ങുന്ന ജാഥ തൃശുരും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ജാഥ തിരുവനന്തപുരത്തും സമാപിക്കും.
മറുനാടന് മലയാളി ബ്യൂറോ