തിരുവനന്തപുരം : കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് വിവാദത്തിൽ ധനമന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളടക്കം പാർട്ടി ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. 'വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായത്. ആ പ്രതികരണങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. അത് ചർച്ചയ്ക്കു ശേഷമേ പറയാനാവൂ', വിജയരാഘവൻ പറഞ്ഞു.

വിജിലൻസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകൾ ഇരട്ടത്താപ്പാണെന്നും വിജയരാഘവൻ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. 'ഒരാൾ രാജിവെച്ചു കോൺഗ്രസ്സിൽ ചേർന്നു. അദ്ദേഹം പറഞ്ഞതിന് വലിയ പരിഗണന കൊടുത്ത് ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ പ്രതികരിച്ചു. ഇരയായ ആളുകളുടെ അഭിപ്രായവും വന്നല്ലോ, അതല്ലേ പ്രധാനം. കോൺഗ്രസ്സിലേക്ക് കൂറുമാറി ഉമ്മൻ ചാണ്ടിയെ സഹായിക്കാൻ നടത്തിയ പ്രസ്താവനയെ പിൻപറ്റി എല്ലാം അവസാനിച്ചു എന്ന് പറയാൻ കഴിയുമോ. അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോർട്ട് ഉണ്ടല്ലോ. അതിനുസരിച്ച് കാര്യങ്ങൾ നീങ്ങും.സോളാർ അന്വേഷണത്തിനു ശേഷമുള്ള തുടർനടപടികൾ നടക്കുകയാണ്. അതിനനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും. കോൺഗ്രസ്സുകാരുടെ വൈഭവമാണ് ബാർകോഴ കേസിന്റെ എല്ലാ നാൾവഴികളും കാണുന്നത്. ബാർ പൂട്ടിക്കാനും തുറക്കാനും പിരിവ്. ഏതായാലും പിരിവുണ്ട്.

കോൺഗ്രസ്സ് കാശുണ്ടാക്കാനുള്ള വഴി എന്ന രീതിയിലാണ് അതിനെ ഉപയോഗപ്പെുടുത്തിയത്. കൊടുത്തതിനേക്കാൾ ഏറെ പിരിക്കേണ്ടി വന്നിട്ടുണ്ട്. പല സന്ദർഭങ്ങളിലായി ചോദിച്ചു വാങ്ങിയിട്ടുണ്ട്. കൊടുത്ത് മടുത്തപ്പോൾ നാട്ടുകാരെ അറിയിക്കണം എന്ന തരത്തിൽ തുറന്നു പറയുകയായിരുന്നു', വിജയരാഘവൻ കൂട്ടിച്ചേർത്തു.