- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുണ്ടെന്ന് എ വിജയരാഘവൻ; ബിജെപി - സിപിഎം ഡീലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി; അവർ തമ്മിലുള്ള തർക്കം അവർ പറഞ്ഞു തീർക്കട്ടെ എന്നും നിലപാട്
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. അവർ തമ്മിലുള്ള തർക്കം അവർ പറഞ്ഞു തീർക്കട്ടെ എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. ബിജെപിയിലെ തർക്കത്തിൽ തങ്ങളെ കക്ഷി ചേർക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് എൽഡിഎഫ് കോന്നിയിൽ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാർത്ഥികളെക്കൂടി തോൽപിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരം ഒരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് എതിരായി ഏറ്റവും ശക്തമായി നിലപാടെടുക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം. ബിജെപിക്ക് നിലവിലുള്ള ഒരു സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബിജെപി എതിർക്കപ്പെടേണ്ട രാഷ്ട്രീയ പാർട്ടിയാണ്. അവർക്ക് എതിരായി ചാഞ്ചാട്ടമില്ലാതെ നിലപാട് സ്വീകരിക്കും. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നായിരുന്നു ആർ ബാലശങ്കറിന്റെ ആരോപണം. സി പി എമ്മുമായുള്ള ഡീലിന്റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയത്. ചെങ്ങന്നൂരും ആറന്മുളയിലും സി പി എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാലശങ്കറിന്റെ ആരോപണം കോൺഗ്രസ് വലിയ തോതിൽ പ്രചരിപ്പിക്കുകയാണ്.
സി പി എം - ബിജെപി ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കണമെന്ന പ്രചരണമാണ് കോൺഗ്രസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച് ബാലശങ്കർ തയ്യാറാക്കിയ വീഡിയോ സുരേന്ദ്രൻ വിഭാഗം പ്രചരിപ്പിക്കുകയാണ്. തന്നോട് ഇത്രയും സ്നേഹം കാണിച്ച പാർട്ടി നേതൃത്വത്തോട് കൃതജ്ഞത അറിയിക്കുന്നു. ചെങ്ങന്നൂരിലെ പ്രവർത്തകർ പൂർണ മനസോടെ തന്നോടൊപ്പം പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്. നരേന്ദ്ര മോദി തുടങ്ങി വെച്ച വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുക, എല്ലാവർക്കും എല്ലാ അവസരങ്ങളും ഉണ്ടാക്കുക ഇതാണ് നമ്മുടെ ലക്ഷ്യമെന്നും ബാലശങ്കർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സീറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രചരണ വീഡിയോ ഉൾപ്പെടെ തയ്യാറാക്കി ഇരിക്കുന്നയാളെപ്പറ്റി എന്തു പറയാനാണെന്നാണ് കെ സുരേന്ദ്രൻ അനുകൂലികൾ ചോദിക്കുന്നത്. സീറ്റു കിട്ടുമെന്ന് സ്വയം ചിന്തിച്ചുറപ്പിച്ച വ്യക്തി അത് കിട്ടാതെ വന്നതോടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മാത്രമാണ് ബാലശങ്കറിന്റേതെന്നും ഇവർ പറയുന്നു. സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ബാലശങ്കർ ചെറിയ രീതിയിൽ പ്രചരണവും തുടങ്ങിയിരുന്നു. എന്നാൽ മണ്ഡലത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത ബാലശങ്കറിനെ അംഗീകരിക്കാൻ തയ്യാറായില്ല. സീറ്റ് ലഭിക്കാതെ വന്നതോടെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് ബാലശങ്കറെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തിൽ സിപിഎം- ബിജെപി ധാരണയുണ്ടെന്ന് ഇപ്പോൾ വ്യക്തമായെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചെങ്ങന്നൂരിൽ മാത്രമല്ല കേരളം മുഴുവനും ഈ ധാരണയുണ്ട്. താൻ നേരത്തെ ഇതു പറഞ്ഞതാണെന്നും ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തലിനോടു മുല്ലപ്പള്ളി പ്രതികരിച്ചു.
ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തലുകൾ
നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ആർഎസ്എസ്. സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ.ബാലശങ്കർ. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതാണ് ഡീൽ.
ജോസ് കെ.മാണി ബിജെപിയുടെ ഭാഗമാവാൻ പോലും തയ്യാറായിരുന്നു. അതൊക്കെ ഇല്ലാതാക്കിയത് ബിജെപി. സംസ്ഥാന നേതൃത്വമാണ്. ഈ നേതൃത്വവുമായാണ് ബിജെപി മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ പാർട്ടിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നുംബാലശങ്കർ തുറന്നടിച്ചു.
കേരളത്തിൽ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കോന്നി ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്? ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും.
ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഹെലിക്കോപ്റ്റർ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തിൽ നിൽക്കാനായി ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ.സുരേന്ദ്രൻ മത്സരിക്കുന്നതെങ്കിൽ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല.
പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കിൽ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാർത്ഥിയാണ്. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റിൽ പോലും വിജയിക്കരുതെന്ന നിർബന്ധബുദ്ധി.
കേന്ദ്ര നേതാക്കൾ പിന്തുണച്ചിട്ടും തനിക്ക് സീറ്റ് കിട്ടാത്താത്തതിൽ ആരോടും സംസാരിച്ചിട്ടില്ല. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണ്.
എൻ.എസ്.എസും എസ്.എൻ.ഡി.പിയും ക്രിസ്ത്യൻ വിഭാഗവും ഒരു പോലെ എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബിജെപിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ.ഓർത്തഡോക്സ് വിഭാഗത്തിന്റെ വക്താവ് താങ്കൾക്കു വേണ്ടി പരസ്യമായി പ്രസ്താവനയിറക്കിയിരുന്നു. ചെങ്ങന്നൂരിൽ തനിക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനമായിരുന്നു അത്. അടുത്ത കാലത്തൊന്നും ഒരു ക്രിസ്ത്യൻ വിഭാഗവും ഇത്തരമൊരു പരസ്യ നിലപാട് ഒരു ബിജെപി. സ്ഥാനാർത്ഥിക്കു വേണ്ടി എടുത്തിട്ടില്ല. ചെപ്പാടുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നത് തടഞ്ഞത് ഞാനാണെന്നും ഇടപെട്ടതു കൊണ്ടാണെന്നും ഈ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ തന്നെ വിജയിപ്പിച്ചില്ലെങ്കിൽ അത് നന്ദികേടായിരിക്കുമെന്നുമാണ് സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോന്നാട്ട് പറഞ്ഞു.
ഓർത്തഡോക്സ് സഭാ നേതൃത്വം മാത്രമല്ല എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും എനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. എനിക്കെല്ലാ പിന്തുണയും നൽകണമെന്ന് എസ്.എൻ.ഡി.പിയുടെ പ്രാദേശിക ഘടകത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ബിജെപിയെ അനുകൂലിക്കുന്നില്ല പക്ഷേ, എന്റെ കാര്യത്തിൽ സർവ്വ പിന്തുണയുമുണ്ടാവും എന്നാണ് എൻ.എസ്.എസ്. നേതൃത്വം പറഞ്ഞതെന്നും ബാലശങ്കർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ