- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തിൽ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡൻറാണ് മുല്ലപ്പള്ളി രാമചന്ദ്രൻ; വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് കൂട്ടുകൂടിയതിന്റെ ഗുണം ലഭിക്കുക ബിജെപിക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; മുസ്ലിം സമുദായം വെൽഫെയർ പാർട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും എ വിജയരാഘവൻ
കോഴിക്കോട്: സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തിൽ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡൻറാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവൻ. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് കൂട്ടുകൂടിയതിന്റെ ഗുണം ലഭിക്കുക ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെന്നും വിജയരാഘവൻ ആരോപിച്ചു.
എംഎം ഹസൻ യുഡിഎഫ് കൺവീനർ ആയിട്ട് ആദ്യം ചെയ്തത് ജമാഅത്തെ ഇസ്ലാമി അമീറിന്റെ വാതിലിൽ മുട്ടുകയായിരുന്നു. ഇത് രാഷ്ട്രീയ മാന്യതയല്ലെന്ന് തിരിച്ചറിയണം. സ്വന്തം നയം ജനങ്ങളോട് തുറന്ന് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തോടെ കോൺഗ്രസിന്റെ തകർച്ച പൂർത്തിയാവുമെന്ന് വിജയരാഘവൻ പറഞ്ഞു. സമരങ്ങളിലൂടെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്. ഗെയിൽ പദ്ധതിയുടെ ഗുണം എല്ലാവർക്കും ലഭിക്കുന്നതായിരുന്നു. പിണറായി സർക്കാർ അത് പൂർത്തീകരിക്കുമ്പോൾ ഭൂമിക്ക് നോവിക്കുമെന്ന് പറഞ്ഞായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ സമരം. ആറുവരി പാതയ്ക്കെതിരെയും വർഗീയതയുടെ മുഖാവരണമിട്ട് ജമാഅത്തെ ഇസ്ലാമി സമരം ചെയ്തു.
ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടിയുണ്ടാക്കിയതുകൊണ്ട് കേരളത്തിന് ഒരു നന്മയും ഉണ്ടായിട്ടില്ലെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. ഹിന്ദു വർഗീയതയ്ക്ക് പ്രചാരണം നടത്താനുള്ള അവസരമാണ് ജമാഅത്തെ ഇസ്ലാമി നൽകിയത്. സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം സമുദായം വെൽഫെയർ പാർട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ല.
കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലാണ്. ഇതിന് വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോവുന്നത്. പക്ഷേ മാറി വരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യും. ഇടതുപക്ഷം വൻ നേട്ടമുണ്ടാക്കും. തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തവണത്തെക്കാൾ പിന്നോട്ടു പോകും. കോവിഡിലും കാണുന്ന തെരഞ്ഞെടുപ്പ് ആവേശം എൽ ഡി എഫിന് നേട്ടമാകുമെന്നും എ വിജയരാഘവൻ അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു.
മറുനാടന് ഡെസ്ക്