- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹോട്ടലിലും ബേക്കറിയിലുമൊക്കെ തൊഴിലാളിയായി; പഠിപ്പിച്ചതും വളർത്തിയതും പാർട്ടി; എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ തീപ്പൊരി നേതാവ്; വി എസ് പക്ഷത്തുനിന്ന് പിണറായി പക്ഷത്തെത്തിയപ്പോൾ വെച്ചടി ഉയർച്ച; സിപിഎം സംസ്ഥാന സെക്രട്ടറിയിലേക്ക് ഉയർന്ന എ വിജയരാഘവന്റെ ജീവിതം
'വിദ്യാഭ്യാസവും വിവേകവുമുള്ള എ വിജയരാഘവനെപ്പോലെത്തെ നേതാക്കളാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ട്. ഒരു എസ്എഫ്ഐ നേതാവിനെ പാർലിമെന്റിലേക്ക് മൽസരിപ്പിക്കുക വഴി കേരളത്തിന്റെ യുവത്വത്തിന്റെ പിന്തുണ ഇടതുമുന്നണി നേടിക്കഴിഞ്ഞു. അടിസ്ഥാന വർഗത്തിൽനിന്ന് പൊരുതിക്കയറിവരുന്ന ഇത്തരം ആളുകളാണ് ഈ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുക. കേരളത്തിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്തിയ ഒരു തെരഞ്ഞെുടുപ്പാണ് പാലക്കാട്ട് കാണാൻ കഴിയുന്നത്. '- 1989ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് ചെയ്യുമ്പോൾ 'ശ്രദ്ധേയമായ ഒരു മാറ്റം' എന്ന തലക്കെട്ടിൽ ഇന്ത്യൻ എക്സപ്രസ് ദിനം പത്രം എഴുതിയ വാർത്തയിലെ വാചകങ്ങൾ ആണിത്.
ആ റിപ്പോർട്ട് അക്ഷരം പ്രതിശരിയായിരുന്നു. അന്ന് കേരളത്തിലെ യുവത്വത്തിന്റെ ആശയും ആവേശവുമായിരുന്നു എ വിജയരാഘവൻ എന്ന 32കാരൻ. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്. ഏറ്റവും താഴെക്കിടയിൽനിന്ന് പടിപടിയായി ഉയർന്ന് എത്തിയ നേതാവ്. അക്കാലത്ത് യുഡിഎഫിന്റെ കുത്തകയായിരുന്നു പാലക്കാട് സീറ്റിൽ വിജയരാഘവൻ ശരിക്കും കൊടുങ്കാറ്റായി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകളിൽനിന്ന് വിദ്യാർത്ഥികൾ പാലക്കാട്ടേക്ക് ഒഴുകിയെത്തി. തെരുവുനാടകങ്ങളും, കവിത ചൊല്ലലും വീടുകയറിയുള്ള കാമ്പയിനിങ്ങുമൊക്കെയായി അവർ രംഗം കൊഴുപ്പിച്ചു. ഫലം വന്നപ്പോൾ എ വിജയരാഘവന് അട്ടിമറി വിജയം. ഇവിടെ ഇനീഷ്യൽ എടുത്തുപറയണം. കാരണം കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവനെയാണ് ഈ യുവനേതാവ് അട്ടിമറിച്ചത്. ശക്തമായ ഇടതുവിരുദ്ധ തരംഗം വീശിയ തെരഞ്ഞെടുപ്പായിരുന്നു അത്. വെറും മൂന്നേ മൂന്ന് സീറ്റാണ് 89ലെ ലോക്സഭയിൽ ഇടതുമുന്നണിക്ക് കിട്ടിയത്. അവിടെയാണ് പാലക്കാട് സീറ്റ് പിടിച്ചെടുക്കുന്നത് എന്ന് അറിയുമ്പോഴാണ് വിജയരാഘവന്റെ വ്യക്തി പ്രഭാവത്തിന് മാർക്ക് വീഴുന്നത്.
അന്ന് കേരളത്തിന്റെ ഇടതുയുവത്വങ്ങളുടെ ആശയും പ്രതീക്ഷയും ആയിരുന്നു വിജയരാഘവൻ. അദ്ദേഹം പടിപടിയാണ് വളർന്ന് രാജ്യസഭാംഗമായി, ഇടതുമുന്നണി കൺവീനറായി, സിപിഎം കേന്ദ്രകമ്മറി അംഗമായി ഒടുവിലിതാ പാർട്ടി സെക്രട്ടറിയുടെ ചുമതലയും വിജയരാഘവന് വന്ന് ചേർന്നിരിക്കയാണ്. ഇതോടെ അദ്ദേഹം ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാനും ഇടയുണ്ട്. 89ലെ പ്രതീക്ഷ അനുസരിച്ച് രാഷ്ട്രീയ വളർച്ച എ വിജയരാഘവന് ഉണ്ടായെങ്കിലും, ബൗദ്ധിക വളർച്ച ഉണ്ടായോ എന്നത് ഇന്നും സംശയമാണ്. അന്ന് പരുഷമേധാവിത്വത്തത്തിനെതിരെ സംസാരിച്ച ആ മനുഷ്യൻ തന്നെ പിന്നീട പല സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ നടത്തി. വിജയരാഘവന്റെ വിടുവായത്തങ്ങൾ ചാനൽ ചർച്ചകളായി. ഈ 64ാം വയസ്സിൽ, സിപിഎം സെക്രട്ടറി പദത്തിലും വിജയരാഘവൻ ഏറ്റവും കൂടുതൽ പേടിക്കേണ്ട വരിക സ്വന്തം നാക്കിനെ അടക്കുന്ന കാര്യത്തിൽ ആയിരിക്കും.
പക്ഷേ ഇപ്പോൾ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ജീവിതകഥയൊക്കെ പോലെ ഏത് മോട്ടിവേഷൻ ക്ലാസിലും ഉപയോഗിക്കാവുന്ന ഒന്നാണ് എ വിജയരാഘവന്റെ ജീവിതവും. ബേക്കറി-ഹോട്ടൽ തൊഴിലാളിയായൊക്കെ ജോലി നോക്കിയിരുന്നു, മലപ്പുറത്തെ കഷ്ടതകൾ നിറഞ്ഞ കുടുംബത്തിൽനിന്ന് സ്വ പ്രയത്നത്താൻ ഉയർന്നുവന്ന വ്യക്തിയാണ് അദ്ദേഹം.
എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്
1956 മാർച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ പമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് വിജയരാഘവൻ ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹവും സഹോദനും ചെറിയ ജോലികൾ ചെയ്താണ് കുടുംബം പോറ്റിയത്. ബേക്കറി- ഹോട്ടൽ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്തും രാഷ്ട്രീയ പ്രവർത്തനം ശക്തമായിരുന്നു. എസ്ഫ്ഐയാണ് വിജയരാഘവനെ കൈപടിച്ച് ഉയർത്തിയത്. 1989ലെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ദത്തുപുത്രൻ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ വിജയരാഘവൻ ഒരിക്കലും തന്റെ കഷ്ടതകൾ നിറഞ്ഞ ഭൂതകാലം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇത്രയും പൊരുതി വളർന്ന നേതാവാണ് അദ്ദേഹമെന്ന് അധികം ആർക്കും അറിയില്ല.
1986-93 കാലഘട്ടത്തിൽ അദ്ദേഹം ഡൽഹിയിൽ പ്രവർത്തിച്ചു. എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കേ തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ പാർട്ടിയോട് ചേർന്ന് നിന്ന് ആർജ്ജിച്ചെടുത്ത മികവിന്റെ ബലത്തിൽ കിട്ടിയ സ്ഥാനമായിരുന്നു ഇത്. ഇസ്ലാമിക ചരിത്രത്തിലെ ബിരുദാനന്തര ബിരുദവും, പിന്നീട് നിയമ ബിരുദവും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് മുതൽക്കൂട്ടായി. അങ്ങനെയിരിക്കെയാണ് 89ൽ എ വിജയരാഘവനെ പാർട്ടി വലിയ ദൗത്യം ഏൽപ്പിക്കുന്നത്. പാലക്കാട് ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ആ ഉത്തരവാദിത്തം. പാലക്കാട്ടെ കരുത്തൻ സിറ്റിംങ് എംപി വി എസ് വിജയരാഘവനായിരുന്നു എതിരാളി. അന്ന് കേരളത്തിലെ ക്യാമ്പസുകളിലെ എസ് എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തെമ്പാടുനിന്നും ഫണ്ട് പിരിച്ചതും, പാലക്കാട് പ്രചാരണ പ്രവർത്തനങ്ങൾക്ക് പോയതുമെല്ലാം അന്നത്തെ സംഘടന പ്രവർത്തകർ ഓർക്കുന്നുണ്ട്. എ വിജയരാഘവൻ അന്ന് വിദ്യാർത്ഥികൾക്കിടിയൽ ആവേശമായിരുന്നു.
സിപിഎമ്മിന്റെ സ്വാഭാവിക സ്ഥാനകയറ്റ രീതി അനുസരിച്ച് ഡിവൈഎഫ്ഐയിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ വർഗ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സാധ്യമാകുന്ന കർഷക സംഘത്തിലായിരുന്നു എ വിജയരാഘവൻ തെരഞ്ഞെടുത്തത്. പിന്നീട് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ്ബ്യൂറോയ്ക്കും ഇടയിൽ ഇടക്കാലത്ത് കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോൾ അതിലും സ്ഥാനം നേടി എ വിജയരാഘവൻ. കേരളത്തിൽനിന്ന് പിബി യിലേക്ക് പോലും എത്തുമെന്നുപോലും വാർത്തകൾ ഉണ്ടായി. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. കേന്ദ്ര സെക്രട്ടറിയേറ്റു പോലും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കയാണ് ഉണ്ടായത്.
വി എസ് പക്ഷത്തുനിന്ന് പിണറായിയിലേക്ക്
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിലായിരുന്നു എസ്എഫ്ഐക്കാലത്തിനുശേഷം വിജയരാഘവന്റെ പ്രവർത്തനം. 1998ൽ രാജ്യസഭാംഗമായി. രാജ്യസംഭയിലും ഏറെ ശോഭിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിജയരാഘവന്റെ എം പി ഫണ്ട് വിനിയോഗവും ആസൂത്രണവുമൊക്കെ ദേശീയ പത്രങ്ങളിലും വലിയ വാർത്തയായി. ഡോ സെബാസ്റ്റ്യൻപോളിനേപ്പോലുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടയിട്ടുണ്ട്. 2014 കോഴിക്കോടുനിന്ന് പതിനാറാം ലോകസഭയിലേക്ക് മൽസരിച്ചെങ്കിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അപ്പോഴേക്കും വിജയരാഘവന്റെ ഇമേജ് പതുക്കെ മാറുകയായിരുന്നു. വിനയാന്വിനായ എസ്എഫഐക്കാരനിൽനിന്ന് അഹങ്കാരിയായ നേതാവ് എന്ന രീതിയിലേക്ക് അദ്ദേഹത്തിന്റെ പ്രതിഛായ മാറി.
വിജയരാഘവന്റെ ഈ മാറ്റം ഞെട്ടിക്കുന്നത് തന്നെയാണെന്നാണ് എസ്എഫ്ഐക്കാലത്തെ സുഹൃത്തുക്കളും പറയുന്നത്. തുടക്കത്തിൽ വി എസ് പക്ഷക്കാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. പക്ഷേ സിപിഎമ്മിൽ രണ്ടായിരാമാണ്ടിന്റെ ആദ്യ വർഷങ്ങളിൽ രൂക്ഷമായ വി എസ്- പിണറായി വിഭാഗീയതയിൽ ഇദ്ദേഹവും ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിജയരാഘവന്റെ വാക്കുകൾ രൂക്ഷമാവുന്നതും ഇക്കാലത്താണ്. 'സിപിഎം എന്നാൽ ഒരു മീറ്റർ നീളമുള്ള തുണിയോ, ഒരു കിലോ അരിയോ ഒന്നുമല്ല എന്നും, അരിക്കച്ചവടക്കാർക്കും മരക്കച്ചവടക്കാർക്കും വിലക്കെടുക്കാവുന്ന ഒന്നല്ല പാർട്ടി' എന്നുമുള്ള വിജയരാഘവന്റെ വിവാദ പ്രസംഗമാണ് ഇടതു എംഎൽഎ മഞ്ഞളാംകുഴി അലിയെ യുഡിഎഫിലെത്തിക്കുന്നതിൽ ഒരു പങ്ക് വഹിച്ചതെന്ന് പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. കടുത്ത വാക്കുകൾ ഉപയോഗിക്കുന്നതിൽ യാതൊരു പിശുക്കം അദ്ദേഹം കാട്ടാറില്ല.
പിണറായി വിജയന്റെ കേരള ജാഥകളിൽ വിജയരാഘവൻ അംഗമായി. പിണറായി വിജയന്റെ ജാഥയിൽ പങ്കെടുക്കുമ്പോൾ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധതയുണ്ടായതിനെ തുടർന്ന് വിവാദമായി. പുച്ഛവും പരിഹാസവും സ്ത്രീ വിരുദ്ധവുമായ സമീപനമാണ് വിജയരാഘവന്റെ പ്രസംഗങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്നതെന്ന ആക്ഷേപം ഉണ്ടായി.ലോക്സഭയിൽ കോഴിക്കോട് എം കെ രാഘവനോട് തോറ്റെങ്കിലും, പിന്നീട് രാജ്യസഭയിലുമെത്തി. തുടർച്ചയായി തോൽവികളും തിരിച്ചടികളും ഉണ്ടാകുമ്പോഴും വിജയരാഘവന് രാഷ്ട്രീയ വളർച്ചയുണ്ടാവുന്നതിന് പിന്നിൽ ഔദ്യോഗികപക്ഷത്തിന് അദ്ദേഹത്തിനോടുള്ള അചഞ്ചല വിശ്വാസം തന്നെയാണ്.
അവേശമായി തുടങ്ങി പരിഹാസ്യനാവുന്നോ?
2018ലാണ് വിജയരാഘവൻ എൽഡിഎഫ് കൺവീനർ ആവുന്നത്. 12 വർഷങ്ങൾക്ക് മുൻപ് പാലോളി മുഹമ്മദ് കുട്ടി എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് വൈക്കം വിശ്വൻ കൺവീനറാകുന്നത്. ആരോഗ്യകരമായ കാരണങ്ങളാൽ തന്നെ ഒഴിവാക്കണമെന്ന് വിശ്വൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. കെജെ തോമസിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും വിജയരാഘനെ സെക്രട്ടറിയേറ്റ് യോഗം പരിഗണിക്കുകയായിരുന്നു. ഇടതുമുന്നണി കൺവീനർ ആയിട്ടും അദ്ദേഹത്തിന് ആ പദവിക്ക് അനുസരിച്ച് വാക്കുകൾ പ്രയോഗിക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. കൃത്യമായി ശുദ്ധമായ മലയാളത്തിൽ സംസാരിക്കുന്ന വൈക്കം വിശ്വന്റെ പിൻഗാമിയായി വന്നയാൾ 'ഉത്കൃഷ്ടേച്ച, ഉൽപ്പതിഷ്ണുത്വം' വാക്കുകൾ ചാനൽ കോമഡി പരിപാടികളിലെ സ്ഥിരം വിഭവങ്ങൾ ആയി.
വലിയ പ്രതീക്ഷകളുമായുള്ള തുടക്കം, വളരെ വേഗത്തിലുള്ള വളർച്ച, പിന്നീട് അരാഷ്ട്രീയതയുടെയും നിലപാടില്ലായ്മയുടെയും സ്വാധീനത്തിൽ എന്തെങ്കിലുമൊക്കെ പറയുക, വിവാദമാകുക, പലപ്പോഴും പരിഹാസ്യനാകുക. അപ്പോഴും ഉന്നത സ്ഥാനം നിലനിർത്താൻ കഴിയുന്ന സാമർത്ഥ്യം പ്രകടിപ്പിക്കുക. സിപിഎമ്മിൽ ഈ സവിശേഷതകൾ ഒത്തുചേർന്ന നേതാവാണ് വിജയരാഘവൻ. സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും ശത്രക്കളുടെ കൈയിൽ ആയുധം കൊടക്കുന്നതുമായ പ്രസ്താവനകൾ നടത്തുന്നതിൽ പ്രകടമാക്കുന്ന കഴിവാണ് കഴിഞ്ഞ കുറെക്കാലമായി എ വിജയരാഘവനെ വാർത്തകളിൽ നിറക്കുന്നത്. പ്രസ്താവനകൾ, വിവാദങ്ങൾ, തിരുത്തലുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുടെ രാഷ്ട്രീയ പ്രവർത്തന ശൈലി ഇതുകൂടിയാണെന്ന് പറയാം.
'ഉത്തരം എഴുതിയാലേ അത് ഉത്തരക്കടലാസ് ആവൂ'
കഴിഞ്ഞ പാർലെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ നടത്തിയ അപകീർത്തി കരമായ പ്രസ്താവന അവരുടെ വിജയത്തിൽ ഒരു ഘടകമായി എന്നാണ് സിപിഎം പ്രവർത്തകർ തന്നെ പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ചേർത്തായിരുന്നു രമ്യാ ഹരിദാസിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ നടത്തിയ പ്രസംഗത്തെ ആദ്യം ന്യായീകരിക്കാനും പിന്നീട് ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായെങ്കിലും രാഷ്ട്രീയമായ അപരിഹാര്യമായ തിരിച്ചടി അത് ഉണ്ടാക്കി കഴിഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയിൽ നിന്നു കണ്ടെടുത്തപ്പോൾ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഉത്തരമെഴുതിയാൽ മാത്രമെ അതു ഉത്തരക്കടലാസാകു എന്നും അല്ലെങ്കിൽ അതു വെറും കടലാസ് മാത്രമാണെന്നുമായിരുന്നു വിജയരാഘവന്റെ വാദം. ഒരുപാട് വിമർശനമുയർന്നപ്പോഴും ഈ വാക്കുകളൊന്നും പിൻവലിക്കാൻ അദ്ദേഹം തയ്യാറായതുമില്ല
കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് വരുമ്പോൾ മുന്നണിയേയും പാർട്ടിയേയും ആറ് വർഷങ്ങൾ മുമ്പ് നടത്തിയ ചരിത്രം വേട്ടയാടുകയാണ്. ഇതിൽനിന്ന് രക്ഷപെടാനാണ് വിജയരാഘവൻ വിവിദപരമായ പ്രസ്താവന നടത്തിയത്. ബാർ കോഴ ഇല്ലെന്ന് അറി്ഞ്ഞു കൊണ്ട് തന്നെയാണ് അന്ന് കെ എം മാണിക്കെതിരെ സമരം നടത്തിയതെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. സിപിഎമ്മും ഇടതു മുന്നണിയും നടത്തുന്ന സമരങ്ങളെ അരാഷ്ട്രീയമാക്കുകയാണ് യഥാർത്ഥത്തിൽ ഒരു പ്രസ്താവന കൊണ്ട് കൺവീനർ ചെയ്തത്. വിവാദമായതിനെ തുടർന്ന് അഭിമുഖത്തിലെ വാക്കുകൾ തന്റെതല്ലെന്ന് പ്രസ്തവനയുമായി രംഗത്തെത്തി. ബാർ കോഴക്കേസിൽ യുഡിഎഫ് നേതൃത്വം കെ എം മാണിക്കെതിരെ ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു വിശദീകരണ കുറിപ്പ്. പക്ഷേ ഇത് പാർട്ടി പ്രവർത്തകർ പോലും വിശ്വസിച്ചിട്ടില്ല.
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. .വിജയരാഘവന്റെ ഭാര്യ ബിന്ദു ഇന്നലെയാണ് തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയി ചാർജ് എടുത്തത്. ചട്ടങ്ങൾ മറികടന്നുള്ള നിയമനം എന്ന ആക്ഷേപം ഉയർന്നത് അവഗണിച്ച് ബിന്ദു ചാർജ് എടുത്തതിന് തൊട്ടു പിന്നാലെയാണ് വിജയരാഘവന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചാർജ് കൂടി ലഭിക്കുന്നത്. ഇതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല എന്ന് അധികൃതർ പറയുമ്പോഴും സംശയങ്ങൾ ബാക്കിയാണ്. കോടിയേരിക്ക് നേരെ വന്ന മക്കൾ- കുടുംബ ആരോപണങ്ങളിൽനിന്ന് വിജയരാഘവനും മാറിനിൽക്കാൻ കഴിയുമോ എന്നാണ് എതിരാളികളുടെ ചോദ്യം.